ബഹുമാനമാണ് ആവശ്യം, യുണൈറ്റഡിനെതിരെ ഇൻസ്റ്റാഗ്രാമിൽ തുറന്നടിച്ച് റോമെറോയുടെ ഭാര്യ

ക്ലബ്ബ് വിട്ടുപോവാൻ അനുവദിക്കാത്തതിനാൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അർജന്റൈൻ ഗോൾകീപ്പർ സെർജിയോ റോമിറോയുടെ പ്രിയതമ. താരത്തിനോട് കുറച്ചുകൂടി ബഹുമാനം കാണിക്കാമായിരുന്നെന്നാണ് താരത്തിന്റെ ഭാര്യയായാ ഇലിയാന ഗുവേഴ്സിയോയുടെ അപേക്ഷ.

ഡീൻ ഹെൻഡേഴ്സന്റെ വരവോടു കൂടി മൂന്നാം ഗോൾകീപറായി തഴയപ്പെട്ടതോടെയാണ് ക്ലബ്ബ് വിടാനുള്ള തീരുമാനം റോമെറോ ചിന്തിച്ചുതുടങ്ങിയത്. താരത്തിനായി എവർട്ടണും ഓഫറുമായി രംഗത്തെത്തിയിരുന്നു. എന്നാൽ യുണൈറ്റഡ് നിരസിക്കുകയായിരുന്നു. ഇതിനു മറുപടിയുമായാണ് അദ്ദേഹത്തിന്റെ ഭാര്യ രംഗത്തെത്തിയത്.

” സെർജിയോ റോമെറോ ഈ ക്ലബ്ബിനായി കഠിനപരിശ്രമം തന്നെ നടത്തിയിട്ടുണ്ട്. അവസാന ട്രോഫി അവർ നേടിയതും അദ്ദേഹത്തിനൊപ്പമായിരുന്നു. നാലു ഫൈനൽ/സെമിഫൈനൽ വരെയെത്താൻ അദ്ദേഹം സഹായിച്ചിട്ടുണ്ട്.”

“എന്നാൽ അതെല്ലാം തോറ്റുപോവാനായി അദ്ദേഹത്തെ ബെഞ്ചിലിരുത്തുകയാണ് ചെയ്തത്. അതിന്റെ പ്രത്യുപകാരം ചെയ്യേണ്ട സമയമാണിത് ഒപ്പം അദ്ദേഹത്തെ വിട്ടുനൽകാനും. ഒരിക്കലെങ്കിലും ബഹുമാനം കാണിക്കൂ.”ഇലിയാന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 33കാരനായ റോമെറോക്ക് ഒരു വർഷം കൂടി യുണൈറ്റഡിൽ കരാർ അവശേഷിക്കുന്നുണ്ട്.

You Might Also Like