സീരി എയിൽ വിസ്മയം സൃഷ്ടിച്ച അർജന്റീനിയൻ ഗോളി അറ്റ്ലറ്റികോ മാഡ്രിഡിലേക്ക്

ഇറ്റാലിയൻ ലീഗിൽ വമ്പൻ പ്രകടനം കാഴ്ച വെക്കുന്ന അർജൻറീനിയൻ ഗോൾകീപ്പറായ യുവാൻ മുസോയെ ലക്ഷ്യമിട്ട് അറ്റ്ലറ്റികോ മാഡ്രിഡ്. ചെൽസി സ്വന്തമാക്കാൻ ശ്രമം നടത്തുന്ന യാൻ ഒബ്ലക്കിനു പകരക്കാരനായാണ് അർജന്റീനിയൻ ഷോട്ട് സ്റ്റോപ്പറെ അറ്റ്ലറ്റികോ ലക്ഷ്യമിടുന്നത്. അർജൻറീനിയൻ താരത്തിന്റെ ഏജന്റ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“ഇറ്റലിയിൽ നിന്നും നിരവധി ക്ലബുകൾ മുസോയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. ഇന്റർ മിലാൻ, നാപോളി, എസി മിലാൻ എന്നിവരെല്ലാം അതിലുണ്ട്. പ്രീമിയർ ലീഗിൽ നിന്നും വാട്ഫോഡാണ് താരത്തിൽ താൽപര്യമറിയിച്ചിരിക്കുന്നത്. അതേ സമയം ഒബ്ലക്ക് ക്ലബ് വിടുകയാണെങ്കിൽ പകരക്കാരനായി മുസോയെ സ്വന്തമാക്കാൻ അറ്റ്ലറ്റികോക്ക് താൽപര്യമുണ്ട്.” ഏജൻറ് പറഞ്ഞു.

ഇറ്റാലിയൻ ലീഗിൽ ഏവരെയും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മുസോ കാഴ്ച വെക്കുന്നത്. പതിനാലാം സ്ഥാനത്തു കിടക്കുന്ന യുഡിനസിനു വേണ്ടി പതിമൂന്നു മത്സരങ്ങളിൽ ക്ലീൻഷീറ്റ് നേടിയ താരം ഇക്കാര്യത്തിൽ ലീഗിൽ ഒന്നാം സ്ഥാനത്താണ്. യുഡിനസ് തരം താഴ്ത്തപ്പെടാതിരിക്കാൻ മുസോയുടെ പ്രകടനം നിർണായക പങ്കാണ് വഹിച്ചത്. യുവന്റസിനെതിരെ യുഡിനസ് വിജയിക്കാനും മുസോയുടെ തകർപ്പൻ പ്രകടനമാണു കാരണമായത്.

അർജൻറീനിയൻ ക്ലബായ ഗ്രമിയോയിൽ കേവലം ഒരു സീസൺ മാത്രം കളിച്ചാണ് ഇരുപത്തിയാറുകാരനായ മുസോ 4 മില്യണിന്റെ ട്രാൻസ്ഫറിൽ 2018ൽ ഇറ്റലിയിലെത്തിയത്. ഈ സീസണിൽ നടത്തിയ പ്രകടനം അർജന്റീനക്കു പ്രതീക്ഷ പകരുന്നതാണ്. താരത്തിന്റെ മൂല്യം 30 ദശലക്ഷമായി വർദ്ധിക്കാനും ഇതു കാരണമായിട്ടുണ്ട്.

You Might Also Like