ബാഴ്‌സക്ക് അവരുടെ നാഥനെ നഷ്ടപ്പെടുത്തു, തുറന്നടിച്ച് അര്‍ജന്റീനന്‍ പരിശീലകന്‍
സൂപ്പർ താരം ലയണൽ മെസി ബാഴ്‌സ വിടുമെന്ന അഭ്യുഹങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. 10 മില്യണിലധികം ട്വീറ്റുകൾ മെസിയെ സംബന്ധിച്ച് ട്വിറ്ററിൽ ഇതുവരെ വന്നു കഴിഞ്ഞു. എന്നാൽ ഈ വിഷയത്തിൽ പ്രതികരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് അർജന്റീനിയൻ പരിശീലകനായ എയ്ഞ്ചൽ കാപ്പ.
മെസി പോയാൽ ബാഴ്സക്ക് അവരുടെ നാഥനെ നഷ്ടപ്പെടുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് അർജന്റൈൻ ക്ലബുകളായ ഹുറാകാൻ, റിവർപ്ലേറ്റ് എന്നീ ക്ലബുകളെ പരിശീലിപ്പിച്ച കാപ്പ. അർജന്റീനൻ മാധ്യമമായ സൂപ്പർ ഡീപോർട്ടീവോ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മെസിയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങളെ കുറിച്ച് സംസാരിച്ചത്.
El exentrenador aseguró que la salida de la Pulga es "la culminación de un desacierto permanente de los dirigentes". https://t.co/0taxrKj7xM
— TyC Sports (@TyCSports) August 26, 2020
” മെസി ബാഴ്‌സ വിട്ടാൽ ബാഴ്സക്ക് അവരുടെ നാഥനെ നഷ്ടപ്പെടുകയും അവർ അനാഥരാവുകയും ചെയ്യും. ബാഴ്സലോണ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ് പുറത്തു പോവുന്നതെന്ന് അവർക്ക് ഓർമയുണ്ടാവേണ്ടതുണ്ട്. അദ്ദേഹം ക്ലബിൽ എന്താണെന്ന് ക്ലബ് ശരിക്കും മനസ്സിലാക്കണം. അദ്ദേഹം ക്ലബ് വിട്ടാൽ ബാഴ്സലോണ തകർന്നു തരിപ്പണമാകും. വർഷങ്ങൾക്ക് മുമ്പ് തന്നെ ബാഴ്സ അവരുടെ പഴയ കളിശൈലി നഷ്ടപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഫലമാണ് ബയേണിനോടേറ്റ 8-2 ന്റെ തോൽവി”
“മെസി ക്ലബ് വിടുകയാണേൽ ഏത് ക്ലബ് തിരഞ്ഞെടുക്കണമെന്ന് എന്നോട് ചോദിച്ചാൽ ഹുറാകാൻ എടുക്കാനെ ഞാൻ പറയൂ(ചിരിയോടെ). മെസി മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുന്നത് അദ്ദേഹത്തിന് ഗുണകരമാവുകയാണ് ചെയ്യുക. ഗ്വാർഡിയോളയെ നല്ല രീതിയിൽ അറിയുന്ന ആളാണ് മെസി. തിരിച്ചും അങ്ങനെ തന്നെ. എനിക്ക് തോന്നുന്നത് മെസിക്ക് മാഞ്ചസ്റ്റർ സിറ്റിയിൽ നല്ല രീതിയിൽ കളിക്കാനും ആസ്വദിക്കാനും കഴിയുമെന്നു തന്നെയാണ്.” കാപ്പ അഭിപ്രായപ്പെട്ടു.