ഒടുവിൽ ബൊളീവിയൻ ശ്വാസം നിലച്ചു, ബൊളീവിയൻ മലനിരകളിൽ ചരിത്രം കുറിച്ച് അർജന്റീനൻ വിജയഗാഥ

ലോകകപ്പ് യോഗ്യതാമത്സരങ്ങളിൽ അർജന്റീനയുടെ ബാലികേറാമലയാണ് ബൊളീവിയയിലെ ലാ പാസ് സ്റ്റേഡിയത്തിലെ മത്സരങ്ങൾ. സമുദ്രനിരപ്പിൽ നിന്നും പതിനൊന്നായിരം അടി മുകളിൽ സ്ഥിതിചെയ്യുന്ന സ്റ്റേഡിയത്തിൽ ശ്വാസം കിട്ടാതെ കിതക്കുന്ന അർജന്റീനയെയാണ് ഇത്തവണ കാണാനാവുക. എന്നാൽ ഇത്തവണയും ആ കിതപ്പുണ്ടെങ്കിലും 2005നു ശേഷം മലമുകളിൽ ആദ്യമായി വിജയക്കൊടി പാറിച്ചിരിക്കുകയാണ് സ്‌കലോനിയുടെ അർജന്റീന.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അർജന്റീന അതുല്യ വിജയം കൈപ്പിടിയിലൊതുക്കിയത്. അർജന്റീനക്കായി ലൗറ്റാരോ മാർട്ടിനെസും ജോവാക്കിൻ കൊറേയയും ലക്ഷ്യം കണ്ടപ്പോൾ ബൊളീവിയയുടെ ഏക ഗോൾ മാഴ്‌സെലോ മൊറേനോ മാർട്ടിൻസ് ആണ് നേടിയത്. ആദ്യപകുതിയിൽ മികച്ച മുന്നേറ്റത്തിലൂടെ ഇരുപത്തിനാലാം മിനുട്ടിൽ തന്നെ മാർട്ടിൻസിന്റെ ഹെഡർ ഗോളിലൂടെ ബൊളീവിയ മുന്നിലെത്തുകയായിരുന്നു.

ബൊളീവിയൻ മൈതാനത്തു താളം കണ്ടെത്താൻ വിഷമിച്ച അർജന്റീന ആദ്യപകുതിയുടെ അവസാന സമയത്ത് ലൗറ്റാരോ മാർട്ടിനെസിന്റെ മികച്ച ഒരു മുന്നേറ്റത്തിന്റെ സമ്മർദത്തിൽ പ്രതിരോധ താരം ക്ലിയർ ചെയ്ത പന്ത് മാർട്ടിനെസിന്റെ കാലിൽ തന്നെ തട്ടി തിരിച്ചു വലയിൽ കയറുകയായിരുന്നു. രണ്ടാം പകുതിയിൽ താളം കണ്ടെത്താൻ തുടങ്ങിയ അർജന്റീനയുടെ മുന്നേറ്റങ്ങൾക്ക് മെസിയും യുവതാരം പലാഷിയോസുമാണ് ചുക്കാൻ പിടിച്ചത്.

മെസിയുടെ തന്നെ മികച്ച ഒരു പാസ് സ്വീകരിച്ചു മുന്നേറിയ മാർട്ടിനെസ് ജോവാക്കിൻ കൊറേയയെ കണ്ടെത്തിയതോടെ 79-ാം മിനുട്ടിൽ അർജന്റീനയുടെ രണ്ടാം ഗോളും പിറക്കുകയായിരുന്നു. കൊറേയയുടെ ഇടങ്കാലൻ ഷോട്ട് ബൊളീവിയയുടെ വലകളിൽ ചുംബിക്കുകയായിരുന്നു. അതിനു ശേഷം ഉണർന്നു കളിച്ച അർജന്റീന ബൊളീവിയൻ മുന്നേറ്റങ്ങളുടെ മുനയൊടിച്ചതോടെ വിജയം അർജന്റീന കൈപ്പിടിയിലൊതുക്കുകയായിരുന്നു.

You Might Also Like