കോപ്പ അമേരിക്ക നടത്തിപ്പിൽ നിന്നും പിന്മാറാനൊരുങ്ങി അർജന്റീന, കോൺമിബോൾ പ്രതിസന്ധിയിൽ

കോവിഡ് അനിയന്ത്രിതമായി ഉയരുന്നത് കൊണ്ടു തന്നെ വരുന്ന ജൂണിൽ അർജന്റീനയിലും കൊളംബിയയിലും വെച്ചു നടക്കാനിരിക്കുന്ന കോപ്പ അമേരിക്കയിൽ നിന്നും അർജന്റീന പിന്മാറിയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതോടെ കോവിഡ് മൂലം ഒരു വർഷത്തേക്കു കൂടി നീട്ടേണ്ടി വന്ന ടൂർണമെന്റ് കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ഇതോടെ ടൂർണമെന്റ് മൊത്തത്തിൽ കൊളംബിയയിലേക്ക് മാറ്റേണ്ടി വരുന്നതിന്റെ സാധ്യതയെക്കുറിച്ചാണ് നിലവിൽ ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷനായ കോൺമിബോൾ പരിടോധിച്ചുകൊണ്ടിരിക്കുന്നത്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഇഎസ്പിഎൻ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Argentina se bajaría de la organización de la Copa America y Colombia quedaría como sede única
— Andres Agulla (@aagulla_TV) April 22, 2021
രണ്ടു ഗ്രൂപ്പുകളായി അർജന്റീനയിലും കൊളംബിയയിലും വെച്ചു നടത്താനായിരുന്നു കോൺമിബോളിന്റെ പദ്ധതി. ഗ്രൂപ്പ് എ അർജന്റീനയിൽ വെച്ചും ഗ്രൂപ്പ് ബി കൊളംബിയയിൽ വെച്ചും നടക്കുമെന്ന പ്രതീക്ഷയാണ് കോവിഡ് മൂലം തകർന്നിരിക്കുന്നത്. ഇഎസ്പിഎന്നിൻ്റെ ലാറ്റിൻ അമേരിക്കൻ ജേർണലിസ്റ്റായ ആന്ദ്രേസ് അംഗുലോയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോപ്പ അമേരിക്കയുടെ നടത്തിപ്പിനെ അർജന്റീനിയൻ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് സംശയത്തിന്റെ മുനയിൽ നിർത്തുമ്പോഴും കൊളംബിയൻ പ്രസിഡന്റായ ഇവാൻ ദൂകെ അനുകൂലിച്ചു സംസാരിക്കുകയാണുണ്ടായത്. അർജന്റീനക്ക് കോപ്പ ലിബർട്ടഡോസ് നടത്താമെങ്കിൽ കോപ്പ അമേരിക്കയും നടത്താനാവുമെന്നാണ് ദൂകെയുടെ പക്ഷം. എന്നാൽ കൊളംബിയ കോപ്പ അമേരിക്ക നടത്താൻ എല്ലാ അർത്ഥത്തിലും സജ്ജരാണെന്നാണ് അദ്ദേഹം വ്യക്തമാക്കിത്. ജൂൺ 13 മുതൽ ജൂലൈ 10 വരെയാണ് കോപ്പ അമേരിക്ക നടക്കാനിരിക്കുന്നത്.