ലോകകപ്പിനു ശേഷം അർജന്റീന താരങ്ങളുടെ ഗോളടിമേളം, സ്‌ക്വാഡിലെ താരങ്ങൾ സെഞ്ചുറി തികച്ചു

ഖത്തർ ലോകകപ്പിൽ കിരീടം നേടിയത് അർജന്റീന താരങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ച കാര്യമായിരുന്നു. സൗദി അറേബ്യയോട് ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയതിനു ശേഷമാണ് പിന്നീടുള്ള ഓരോ മത്സരങ്ങളും മികച്ച പ്രകടനം നടത്തി അർജന്റീന വിജയിച്ചു വന്നത്. ഹോളണ്ടിനും ഫ്രാൻസിനുമെതിരെ വിജയം കൈവിടുന്നതിന്റെ തൊട്ടരികിൽ വരെ എത്തിയെങ്കിലും ആത്മവിശ്വാസത്തോടെ തന്നെ നിന്നാണ് അർജന്റീന കിരീടം നേടിയത്.

ഖത്തർ ലോകകപ്പിനു ശേഷം അർജന്റീന താരങ്ങൾക്ക് ആത്മവിശ്വാസം വർധിച്ചിട്ടുണ്ടെന്ന് അവരുടെ പ്രകടനത്തിൽ നിന്നും വ്യക്തമാണ്. ക്ലബിനും രാജ്യത്തിനുമായി മിന്നുന്ന പ്രകടനമാണ് സ്‌ക്വാഡിലുണ്ടായിരുന്ന താരങ്ങൾ നടത്തുന്നത്. യൂറോപ്പിലെ പ്രധാനപ്പെട്ട മൂന്നു ടൂർണമെന്റ് ഫൈനലുകൾ കളിക്കുന്ന ആറു ടീമുകളിലും അർജന്റീന താരങ്ങൾ ഉണ്ടായിരുന്നു.

ഇതിനു പുറമെ കഴിഞ്ഞ ദിവസം സെവിയ്യക്കെതിരെ നടന്ന മത്സരത്തിൽ റോമക്ക് വേണ്ടി ഡിബാല നേടിയ ഗോൾ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്ന അർജന്റീന താരങ്ങളെല്ലാം ചേർന്ന് ലോകകപ്പിന് ശേഷം നേടുന്ന നൂറാമത്തെ ഗോളായിരുന്നു അത്. ലോകകപ്പ് ടീമിലുണ്ടായിരുന്നു ഇരുപത്തിയാറിൽ ഇരുപത് താരങ്ങളും ഗോൾ നേടിയിട്ടുണ്ട്.

ഇന്റർ മിലാനു വേണ്ടി മിന്നുന്ന ഫോമിൽ കളിക്കുന്ന ലൗടാരോ മാർട്ടിനസാണ്‌ ലോകകപ്പിന് ശേഷം അർജന്റീനക്കായി ഏറ്റവുമധികം ഗോൾ നേടിയിരിക്കുന്നത്. ഇരുപതു ഗോളുകൾ താരം നേടിയപ്പോൾ പതിമൂന്നു ഗോളുകൾ നേടിയ ലയണൽ മെസി തൊട്ടു പിന്നിലുണ്ട്. പത്ത് ഗോളുകൾ വീതം നേടിയ ജൂലിയൻ അൽവാരസ്, പൗലോ ഡിബാല എന്നിവർ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.

അർജന്റീന താരങ്ങളുടെ ഈ മികവ് ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്. കഴിഞ്ഞ ദിവസം യൂറോപ്പ ലീഗ് വിജയിച്ച സെവിയ്യ ടീമിൽ നിരവധി അർജന്റീന താരങ്ങൾ ഉണ്ടായിരുന്നു. ഇനി കോൺഫറൻസ് ലീഗ്, ചാമ്പ്യൻസ് ലീഗ് എന്നീ കിരീടങ്ങൾ ഉയർത്തുന്ന ടീമിലും അർജന്റീന താരങ്ങൾ ഉണ്ടായിരിക്കും.

You Might Also Like