ചാമ്പ്യന്മാർ രാജകീയമായി തന്നെ മുന്നേറി, മൂന്നിൽ മൂന്നും വിജയിച്ച് ക്വാർട്ടർ ഫൈനലിൽ

Image 3
Copa America

കോപ്പ അമേരിക്കയിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ആധികാരികമായി തന്നെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന മത്സരത്തിൽ പെറുവിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം നേടിയതോടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും വിജയിച്ചാണ് അർജന്റീന ക്വാർട്ടർ ഫൈനലിനായി തയ്യാറെടുക്കുന്നത്. ക്വാർട്ടർ ഫൈനലിൽ വെനസ്വലയോ ഇക്വഡോറോ മെക്‌സിക്കോയോ ആയിരിക്കും അർജന്റീനയുടെ എതിരാളികൾ.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ സ്‌ട്രൈക്കർ ലൗടാരോ മാർട്ടിനസ് നേടിയ ഗോളുകളിലാണ് പെറുവിനെതിരെ അർജന്റീന വിജയം നേടിയത്. മത്സരത്തിൽ അർജന്റീനക്ക് പൂർണമായ ആധിപത്യം ഉണ്ടായിരുന്നു. അർജന്റീനക്ക് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചിരുന്നെങ്കിലും ലിയാൻഡ്രോ പരഡെസ് അത് നഷ്‌ടമാക്കിയത് സ്‌കോർ നില രണ്ടെണ്ണത്തിൽ ഒതുങ്ങാനുള്ള കാരണമായി.

ഗ്രൂപ്പ് ഘട്ടത്തിൽ കാനഡക്കെതിരെ രണ്ടു ഗോളുകൾക്കും ചിലിക്കെതിരെ ഒരു ഗോളിനും വിജയിച്ച് ക്വാർട്ടർ നേരത്തെ ഉറപ്പിച്ചാണ് അർജന്റീന പെറുവിനെതിരെ ഇറങ്ങിയത്. ഈ മൂന്നു മത്സരങ്ങളിൽ അർജന്റീന ഒരു ഗോൾ പോലും വഴങ്ങിയില്ലെന്നത് ടീമിന്റെ കരുത്ത് വ്യക്തമാക്കുന്നു. ചിലിക്കെതിരായ മത്സരം മാത്രമാണ് അർജന്റീനക്ക് അൽപ്പമെങ്കിലും കടുപ്പമായിരുന്നത്.

ക്വാർട്ടർ ഫൈനലിൽ നിലവിലെ സാഹചര്യത്തിൽ അർജന്റീനക്ക് വലിയ വെല്ലുവിളി ഉണ്ടാകാൻ സാധ്യതയില്ല. ഗ്രൂപ്പ് ബിയിൽ നിലവിൽ വെനസ്വല ഒന്നാമതും ഇക്വഡോർ രണ്ടാമതും മെക്‌സിക്കോ മൂന്നാമതുമാണ്. ഈ മൂന്നു ടീമുകളിൽ ആരാണോ രണ്ടാം സ്ഥാനത്തു വരുന്നത് അവരാകും അർജന്റീനയുടെ എതിരാളികൾ. ഇപ്പോഴത്തെ ഫോമിൽ ഈ ടീമുകളെ മറികടക്കാൻ അർജന്റീനക്ക് കഴിയുമെന്നതിൽ സംശയമില്ല.