; )
അര്‍ജന്റീനയുടെ ലോകകപ്പ്, കോപ്പഅമേരിക്ക കിരീടനേട്ടത്തില്‍ നിര്‍ണായകപങ്കുവഹിച്ച സൂപ്പര്‍താരം ഉടന്‍ വിരമിക്കില്ലെന്ന് റിപ്പോര്‍ട്ട്. ടീമിനൊപ്പം ഇനിയും തുടരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് അര്‍ജന്റീനന്‍ താരം എയ്ഞ്ചല്‍ ഡി മരിയ വ്യക്തമാക്കി. കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെതിരെ ഡി മരിയയുടെ ഏകഗോൡലാണ് മെസി സംഘം കിരീടംചൂടിയത്. ഖത്തര്‍ ലോകകപ്പ് ഫൈനലിലും സീനിയര്‍താരം ലക്ഷ്യംകണ്ടിരുന്നു.
അടുത്ത കോപ്പ അമേരിക്കയില്‍ കളിക്കാനുള്ള താല്‍പ്പര്യമറിയിച്ച് 34കാരന്‍ കഴിഞ്ഞദിവസം രംഗത്തെത്തി. ലോകകപ്പിന് ശേഷം വിരമിക്കല്‍ പഖ്യാപിച്ചിരുന്നെങ്കിലും ലോക കിരീടം നേടിയ സംഘത്തോടൊപ്പം ഇനിയും കളിക്കണമെന്ന ആഗ്രഹം മെസിയും ഡി മരിയയും പങ്കുവച്ചിരുന്നു. അടുത്തവര്‍ഷം അമേരിക്കയിലാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റ് നടക്കുക. അതേസമയം, ഫൈനലുകളിലെ ഭാഗ്യതാരമായ ഡി മരിയക്ക് വീണ്ടും ടീമില്‍ അവസരം നല്‍കുമോയെന്ന കാര്യത്തില്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി മനസ് തുറന്നിട്ടില്ല.
അര്‍ജന്റീന സീനിയര്‍ ടീമില്‍ ലിയോണല്‍ മെസിയുടെ ആദ്യ അന്താരാഷ്ട്ര കിരീടമാണ് കഴിഞ്ഞ കോപ്പ അമേരിക്ക. 1993ന് ശേഷം കിരീടം നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. 36വര്‍ഷത്തെ ലോകകപ്പ് കിരീടവരള്‍ച്ചക്ക് പരിഹാരമായാണ് ഖത്തര്‍ ലോകകപ്പില്‍ മെസിയും സംഘവും കിരീടമുയര്‍ത്തിയത്. പരിക്ക്മൂലം ലോകകപ്പിനിടെ ബുദ്ധിമുട്ടിയ ഡി മരിയ കലാശ പോരാട്ടത്തില്‍ തിരിച്ചെത്തി മിന്നും പ്രകടനം പുറത്തെടുക്കുകയായിരുന്നു. അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടിയതും ഡി മരിയ തന്നെയായിരുന്നു. 2008 മുതല്‍ ദേശീയ ടീമില്‍ കളിക്കുന്ന ഡി മരിയ 129 മത്സരങ്ങളില്‍ നിന്നായി 28 ഗോളുകളും നേടിയിട്ടുണ്ട്. റയല്‍മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പി.എസ്.ജി തുടങ്ങി മുന്‍നിര ക്ലബുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടിയിട്ടുണ്ട്. നിലവില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റ്‌സിന് വേണ്ടിയാണ് കളിക്കുന്നത്.