നടക്കാൻ പോകുന്നത് വെറും സൗഹൃദമത്സരങ്ങളല്ല, അർജന്റീന ആരാധകർക്ക് നിറഞ്ഞാടാനുള്ള വേദികൾ

ലയണൽ മെസിയെന്ന പ്രതിഭാധനനായ താരത്തിന്റെ സാന്നിധ്യം കൂടി വന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും ആരാധകരുള്ള ദേശീയ ടീമായി അർജന്റീന മാറിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ലയണൽ മെസിയുടെ ചിറകിൽ ലോകകപ്പ് വിജയം കൂടി നേടിയതോടെ അർജന്റീനയെ വാഴ്ത്തുന്ന ലോകം മുഴുവൻ. എതിർടീമിന്റെ ആരാധകർ വരെ മെസിയെ പിന്തുണക്കുന്നത് ഖത്തർ ലോകകപ്പിൽ നമ്മൾ കണ്ടു.

ഖത്തർ ലോകകപ്പ് ശരിക്കും അർജന്റീനയുടെ ലോകകപ്പ് തന്നെയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകർ ഖത്തറിലേക്ക് ഒഴുകിയപ്പോൾ അർജന്റീനയുടെ എല്ലാ മത്സരങ്ങളും അവരുടെ ഹോം ഗ്രൗണ്ടിൽ വെച്ച് നടക്കുന്നതു പോലെയായിരുന്നു. അത്രയധികം ആരാധകപിന്തുണ അവർക്ക് ഫൈനൽ അടക്കമുള്ള മത്സരങ്ങളിൽ ലഭിച്ചിട്ടുണ്ട്. അത് കിരീടം നേടാൻ സഹായിക്കുകയും ചെയ്‌തു.

ഖത്തർ ലോകകപ്പിന് ശേഷം അർജന്റീന ആദ്യമായി ഒരു മത്സരം കളിക്കാനിരിക്കെ ആരാധകരുടെ കാര്യം തന്നെയാണ് വാർത്തകളിൽ നിറയുന്നത്. മാർച്ച് ഇരുപത്തിമൂന്നിന് നടക്കുന്ന സൗഹൃദമത്സരത്തിനുള്ള ടിക്കറ്റുകൾ വിൽപ്പന ആരംഭിച്ചതിനു ശേഷം 85000 ടിക്കറ്റുകൾ രണ്ടു മണിക്കൂർ കൊണ്ടാണ് വിറ്റു തീർന്നത്. പത്ത് ലക്ഷത്തോളം ആരാധകർ ടിക്കറ്റിനായി ശ്രമം നടത്തിയെന്നതും എടുത്തു പറയേണ്ടതാണ്.

വളരെയധികം വൈകാരികത നിറഞ്ഞ ഫുട്ബോൾ ആരാധകരാണ് അർജന്റീനയിലുള്ളത്. അവിടുത്തെ പ്രാദേശിക ക്ലബുകൾ തമ്മിലുള്ള വൈരിയിൽ നിന്ന് തന്നെ അത് മനസിലാക്കാനും കഴിയും. അർജന്റീനയുടെ ലോകകപ്പ് വിജയത്തിന് ശേഷമുള്ള പരേഡിലും ഈ ആരാധകർ നിറഞ്ഞു നിന്നിരുന്നു. ഇപ്പോൾ ലോകകപ്പ് നേടിയതിനു ശേഷം അർജന്റീന ആരാധകർക്ക് മുന്നിൽ അതിന്റെ ആഘോഷം നടത്താൻ വേണ്ടി കളിക്കാനിറങ്ങുമ്പോൾ ആരാധകർ ഉത്സവം തന്നെയാകും ആ ദിവസങ്ങളിൽ നടത്തുക.

മാർച്ച് ഇരുപത്തിമൂന്നിന് പനാമക്കെതിരായും മാർച്ച് ഇരുപത്തിയെട്ടിന് കുറകാവോക്കെതിരെയുമാണ് അർജന്റീനയുടെ മത്സരങ്ങൾ. ലോകകപ്പ് വിജയം മികച്ച രീതിയിൽ അർജന്റീനയിലെ ആരാധകർക്ക് മുന്നിൽ ആഘോഷിക്കുക എന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് ദുർബലരായ ടീമുകളെ തിരഞ്ഞെടുത്തിരിക്കുന്നത്.

You Might Also Like