ലോകകപ്പിൽ നിന്നും അർജന്റീന പുറത്ത്, വമ്പൻ ജയത്തോടെ ബ്രസീൽ കുതിക്കുന്നു

സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ മോശം പ്രകടനം നടത്തിയതിനു പിന്നാലെ അണ്ടർ 20 ലോകകപ്പിൽ നിന്നും ദയനീയമായി പുറത്തായി അർജന്റീന. കഴിഞ്ഞ ദിവസം നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ നൈജീരിയയോട് തോൽവി വഴങ്ങിയതോടെയാണ് അർജന്റീന സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിൽ നിന്നും പുറത്തു പോയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ തോൽവി.

ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളിലും വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായി എത്തിയ അർജന്റീന മത്സരത്തിൽ മുൻ‌തൂക്കം സ്ഥാപിച്ചെങ്കിലും രണ്ടാം പകുതിയിൽ നേടിയ രണ്ടു ഗോളുകളിൽ നൈജീരിയ വിജയം സ്വന്തമാക്കുകയായിരുന്നു. അറുപത്തിയൊന്നാം മിനുട്ടിൽ ഇബ്രാഹിം ബെജി മുഹമ്മദും ഇഞ്ചുറി ടൈമിൽ റിൽവാണു സാക്കിയുമാണ് നൈജീരിയക്കെതിരെ ഗോൾ നേടിയത്.

അതേസമയം ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും പിന്നീട് മികച്ച പ്രകടനം നടത്തിയ ബ്രസീൽ ടൂർണമെന്റിൽ കുതിക്കുകയാണ്. ടുണീഷ്യക്കെതിരെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയമാണ് ബ്രസീൽ സ്വന്തമാക്കിയത്. മത്സരത്തിന്റെ രണ്ടാം പകുതി മുഴുവൻ പത്ത് പേരായി കളിക്കേണ്ടി വന്നിട്ടും മികച്ച പ്രകടനം നടത്തിയത് ബ്രസീലിനു കൂടുതൽ ആത്മവിശ്വാസം നൽകുന്നു.

ചെൽസി താരമായ ആൻഡ്രെസ് സാന്റോസാണ് ബ്രസീലിന്റെ വിജയത്തിൽ നിർണായകമായ പങ്കു വഹിച്ചത്. സൗത്ത് അമേരിക്കൻ ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ താരം രണ്ടു ഗോളുകൾ മത്സരത്തിൽ സ്വന്തമാക്കി. അതിനു പുറമെ മാർക്കസ് ലിയനാർഡോ, മത്തേയൂസ് മാർട്ടിൻസ് എന്നിവരാണ് ബ്രസീലിനായി ഗോളുകൾ നേടിയത്.

അർജന്റീനയുടെ തോൽവിക്ക് നേരിട്ടല്ലാതെ ബ്രസീൽ കാരണമായെന്ന് വേണമെങ്കിൽ പറയാവുന്നതാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാനത്തെ മത്സരത്തിൽ ബ്രസീൽ തോൽപ്പിച്ച ടീമാണ് നൈജീരിയ. ആ തോൽവി കാരണമാണ് നൈജീരിയ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തേക്ക് വന്നതും ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത അർജന്റീനയെ എതിരാളിയായി ലഭിച്ചതും.

You Might Also Like