കളം നിറഞ്ഞ് ലയണൽ മെസി, വിജയവഴിയിൽ ശക്തരായ ഉറുഗ്വായെ തകർത്ത് അർജന്റീന

കോപ്പ അമേരിക്കയിലെ അര്ജന്റീനയുടെ രണ്ടാമങ്കത്തിൽ ശക്തരായ ഉറുഗ്വായെ തകർത്ത് ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വിജയം കൈപ്പിടിയിലൊതുക്കിയത്. ഇതോടെ ഗ്രൂപ്പ്‌ ബി യിൽ ഒരു സമനിലയും ഒരു വിജയവുമായി ഒന്നാം സ്ഥാനത്തു നിലയുറപ്പിച്ചിരിക്കുകയാണ് അർജന്റീന.

മത്സരത്തിൽ മികച്ച പന്തടക്കത്തോടെ കളിച്ച അർജന്റീനക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. അതിന്റെ ഫലം 12ആം മിനുട്ടിൽ തന്നെ അർജന്റീനക്ക് ലഭിച്ചു. അര്ജന്റീനക്ക് ലഭിച്ച കോർണറിൽ ഷോർട് പാസ്സ് സ്വീകരിച്ചു മുന്നേറിയ മെസി ഇടതു വിങ്ങിൽ നിന്നും നൽകിയ മികച്ചൊരു ക്രോസിൽ മധ്യനിരതാരം ഗൈഡോ റോഡ്രിഗസ് ഹെയ്ഡറിലൂടെ ഗോൾ കണ്ടെത്തുകയായിരുന്നു.

മികച്ച ആദ്യപകുതിയിൽ ക്യാപ്റ്റൻ ലയണൽ മെസിയുടെ ചടുലനീക്കങ്ങൾ ഉറുഗ്വായ് പ്രതിരോധനിരയെ ഉലച്ചെങ്കിലും അർജന്റീനക്ക് ലീഡ് ഉയർത്താനായില്ല. മുന്നേറ്റനിരയിൽ ശോകം പ്രകടനം കാഴ്ചവെച്ച ലൗറ്റാരോ മാർട്ടിനെസിനെ പിൻവലിച്ചു ജോവാക്കിൻ കൊറെയയെ സ്കലോണി പരീക്ഷിച്ചെങ്കിലും കാര്യമായ ഫലം അർജന്റീനക്ക് ലഭിച്ചില്ലെന്നതാണ് വസ്തുത.

മത്സരം പുരോഗമിച്ചതോടെ കൂടുതൽ പ്രതിരോധത്തിലൂന്നി കളിച്ച അർജന്റീനയുടെ മുന്നേറ്റ നിരയിൽ മെസിയുടെ ഒറ്റയാൾ മുന്നേറ്റങ്ങൾ പെനാൽറ്റി ബോക്സിനടുത്തു വരെയെത്തുമെങ്കിലും ഗോൾ കണ്ടെത്താനാവാതെ പോവുകയിരുന്നു. അത്തരമൊരു മുന്നേറ്റത്തിലൂടെ ലഭിച്ച ഫ്രീകിക്കും ലക്ഷ്യത്തിലെത്തിക്കാൻ മെസിക്ക് സാധിച്ചില്ല. അവസാനനിമിഷങ്ങളിൽ സമയം പാഴാക്കാനായി കളിച്ച അർജന്റീന ഒരു ഗോളിന്റെ വിജയം നേടിയെടുക്കുകയായിരുന്നു. മെസി മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

You Might Also Like