ഒന്നാമന്മാരായി അർജന്റീന; തോൽവിയറിയാതെ നോ​ക്കൗട്ട്​ റൗണ്ടിലേക്ക്

Image 3
Uncategorized

ആവേശപ്പോരാട്ടത്തിൽ പാരഗ്വയെ ഏകപക്ഷീയമായ ഒരു ഗോളിന്​ വീഴ്​ത്തി അർജന്‍റീന കോപ ​അമേരിക്ക നോ​ക്കൗട്ട്​ റൗണ്ടിൽ കടന്നു. കളിയുടെ പത്താം മിനിറ്റിൽ അലെക്‌സാന്ദ്രോ ഗോമസ് നേടിയ ഗോളിനാണ് അർജന്റീനയുടെ ജയം. ഗ്രൂപ്​ എയിൽ ഒന്നാമന്മാരായി തന്നെയാണ് മെസ്സിയും കൂട്ടരും അവസാന എട്ടിലേക്ക്​ മുന്നേറുന്നത്.

അർജന്റീനക്കെതിരെ വിജയവുമായി ക്വാർട്ടർ ബർത്ത്​ ഉറപ്പിക്കാനിറങ്ങിയ പാരഗ്വയെ മെസ്സിയും സംഘവും തുടക്കം മുതൽ നിലത്തു നിർത്തിയില്ല. മനോഹരമായ പാസിംഗ് ഗെയിമിലൂടെ പരാഗ്വേയുടെ അതിവേഗ ഫുട്ബോളിന് മറുപടി കൊടുത്ത അർജന്റീന പത്താം മിനിറ്റിലെ ഗോളുമായി മേൽക്കൈ നേടി.

പരാഗ്വേ പ്രതിരോധനിരയെ കബളിപ്പിച്ച്​ ഡി മരിയ നൽകിയ പാസ് പിടിച്ചെടുത് അഡ്വാൻസ് ചെയ്തുവന്ന ഗോളിയെയും കബളിപ്പിച്ചു ഗോമസ് പന്ത് വലയിലേക്ക് പായിച്ചു. ഗോൾ വഴങ്ങിയതോടെ പരാഗ്വെൻ പ്രത്യാക്രമണങ്ങൾക് മൂർച്ച കൂടിയെങ്കിലും അർജന്റൈൻ പ്രതിരോധം കോട്ട പോലെ ഉറച്ചു.

ആദ്യ പകുതി അവസാനിക്കാനിരിക്കെ സെൽഫ് ഗോളിലൂടെ അർജന്റീന ലീഡുയർത്തിയെന്ന് തോന്നിച്ചെങ്കിലും റഫറി ഗോൾ നിഷേധിച്ചു. ഗോമസ്​ നൽകിയ ക്രോസ്​ തട്ടിയകറ്റാനുള്ള പാരഗ്വൻ പ്രതിരോധനിര താരം അലോൺസോയുടെ ശ്രമത്തിനിടെ പന്ത് സ്വന്തം വലയിലെത്തുകയായിരുന്നു. എന്നാൽ ഈ സമയം മെസ്സി ഓഫ്​സൈഡ്​ ആയിരുന്നുവെന്ന് വാർ കണ്ടെത്തി.

നിരന്തരം ആക്രമണം അഴിച്ചുവിട്ട പരാഗ്വേ സമനില ഗോൾ നേടുമെന്ന് നിരവധിതവണ തോന്നിപ്പിച്ചുവെങ്കിലും എല്ലാ ശ്രമങ്ങളും അർജന്റീനയുടെ പ്രതിരോധക്കോട്ടയിൽ തട്ടി വിഫലമായി. കളി അവസാന മിനിറ്റുകളിലേക്ക് കടന്നതോടെ മികച്ച പാസിംഗ് ഗെയിമിലൂടെ അർജന്റീന പന്ത് കൈവശം വച്ചു അപകടം ഒഴിവാക്കി.

ആദ്യ കളിയിൽ ചിലിക്കെതിരെ സമനില പിടിക്കുകയും കരുത്തരായ ഉറുഗ്വായെ തോൽപ്പിക്കുകയും ചെയ്​ത അർജന്‍റീന ​പാരഗ്വക്കെതിരെ ജയത്തോടെ തോൽവിയറിയാതെ നോ​ക്കൗട്ട്​ റൗണ്ട് ഉറപ്പാക്കി.