മെസ്സി ചിറകിൽ അർജന്റീന സെമിയിൽ; ബ്രസീൽ – അർജന്റീന ക്ലാസിക് ഫൈനലോ വരാനിരിക്കുന്നത്?

കോപ്പ അമേരിക്ക ക്വാർട്ടറിൽ ഇക്വേഡോറിനെ ഗോൾ മഴയിൽ മുക്കി അർജന്റീന സെമി ഫൈനലിലേക്. ചിരവൈരികളായ ബ്രസീലും സെമി ബർത്ത് നേരത്തെ ഉറപ്പിച്ചതോടെ ബ്രസീൽ – അർജന്റീന ക്ലാസിക് ഫൈനലിന് കോപ്പയിൽ കളമൊരുങ്ങുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഒരു ഗോൾ നേടുകയും രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത മെസ്സിയുടെ മികവിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ഇക്വേഡോറിനെ തകർത്തുവിട്ടത്. 

നാല്പതാം മിനിറ്റിൽ റോഡ്രിഗോ ഡി പോൾ, 84ആം മിനിറ്റിൽ ലൗറ്റാറോ മാർട്ടീനസ് എന്നിവർ മെസ്സിയുടെ പന്തിൽ വലകുലുക്കിയപ്പോൾ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ കിടിലൻ ഫ്രീകിക്കിലൂടെ മെസ്സി തന്നെ മൂന്നാം ഗോൾ നേടി. ഡി മരിയയെ ബോക്സിന് പുറത്ത് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കാണ് താരം ലക്ഷ്യത്തിലെത്തിച്ചത്. 

92ആം മിനിറ്റിൽ ഫ്രീകിക്കിലേക്ക് നയിച്ച ഫൗളിന് പിയറോ ഹിൻകാപ്പി ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് ഇക്വേഡോറിന് ഇരട്ടി നാണക്കേടുണ്ടാക്കി. മത്സരത്തിൽ കൂടുതൽ സമയം പന്ത് കൈവശം വക്കുകയും അർജന്റീനക്ക് പലപ്പോഴും വെല്ലുവിളി ഉയർത്തുകയും ചെയ്ത ഇക്വേഡോറിന് പക്ഷെ മുന്നേറ്റനിരയിൽ മെസ്സിയുടെ മാസ്റ്റർ ക്ലാസിന് മറുപടിയുണ്ടായില്ല. 

മറ്റൊരു മത്സരത്തിൽ ശക്തരായ ഉറൂഗ്വേയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോല്പിച്ചെത്തുന്ന കൊളംബിയയാണ് സെമിയിൽ അർജന്റീനയുടെ എതിരാളികൾ. ബുധനാഴ്ചയാണ് മത്സരം. 

ചൊവ്വാഴ്ച മറ്റൊരു സെമി ഫൈനൽ മത്സരത്തിൽ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ബ്രസീൽ കഴിഞ്ഞ തവണ ഫൈനലിസ്റ്റുകളായ പെറുവിനെ നേരിടും. ഇരുടീമുകളും ജയിച്ചു കയറിയാൽ ഫൈനലിൽ അർജന്റീന – ബ്രസീൽ ക്‌ളാസ്സിക്പോരാട്ടത്തിന് കളമൊരുങ്ങും. 

You Might Also Like