സഞ്ജുവിന് വന്‍ ആശ്വാസം, സൂപ്പര്‍ താരം ടീമിനൊപ്പം ചേരും

കോവിഡ് മഹാമാരിയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ വീണ്ടും തുടങ്ങുകയാണെങ്കില്‍ എന്ത് വിലകൊടുത്തും കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഇംഗ്ലീഷ് സൂപ്പര്‍ താരം ജോഫ്ര ആര്‍ച്ചര്‍. രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിംഗ് നിരയില്‍ പ്രധാന താരമായിരുന്ന ആര്‍ച്ചര്‍ക്ക് കൈക്കേറ്റ പരിക്ക് മൂലം ഈ സീസണിലെ ഒരു മത്സരം പോലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഐപിഎല്‍ കളിക്കേണ്ടതില്ലെന്ന തീരുമാനം വളരെ കടുപ്പമേറിയതായിരുന്നുവെന്നും ഐപിഎല്‍ പുനരാരംഭിച്ചാല്‍ രാജസ്ഥാനായി കളിക്കണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും ആര്‍ച്ചര്‍ പറഞ്ഞു. അതെസമയം പരിക്കേറ്റ തനിക്ക് രാജസ്ഥാന്‍ റോയല്‍സ് തന്ന പിന്തുണ മറക്കാനാകില്ലെന്നും ആര്‍ച്ചര്‍ കൂട്ടിചേര്‍ത്തു.

ഇന്ത്യക്കെതിരെയുള്ള പരമ്പരയ്ക്കിടെയാണ് താരത്തിന് പരിക്ക് തിരിച്ചറിഞ്ഞതും ബാക്കി മത്സരങ്ങളില്‍ നിന്നും പിന്മാറിയതും. വീട്ടില്‍ ഫിഷ് ടാങ്ക് ക്ലീന്‍ ചെയ്യുന്നതിനിടെ ആര്‍ച്ചറുടെ കൈയില്‍ ചില്ല് തറച്ച് കയറുകയായിരുന്നു. ശസ്ത്രക്രിയ്ക്ക് വിധേയമാകേണ്ടി വന്നതോടെ പരമ്പരയിലെ ബാക്കി മത്സരങ്ങളില്‍ നിന്നും ഐപിഎല്ലില്‍ നിന്നും താരം പിന്മാറുകയായിരുന്നു.

ആര്‍ച്ചര്‍ തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചത് രാജസ്ഥാനും നായകന്‍ സഞ്ജു സാംസണും ഏറെ ആശ്വാസം നല്‍കുന്ന ക്യാര്യമാണ്. നേരത്തെ ആര്‍ച്ചര്‍ക്ക് പുറമെ മറ്റ് ഇംഗ്ലീഷ് സൂപ്പര്‍ താരം ബെന്‍സ്റ്റോക്‌സിനേയും രാജസ്ഥാന് നഷ്ടമായിരുന്നു. ഇതോടെ രാജസ്ഥാന്‍ ടീം ഏറെ ദുര്‍ബലമാകുകയും ചെയ്തിരുന്നു.

ഐപിഎല്ലില്‍ ഈ സീസണില്‍ ഏഴ് മത്സരങ്ങളാണ് രാജസ്ഥാന്‍ റോയല്‍സ് കളിച്ചത്. മൂന്ന് മത്സരങ്ങള്‍ ജയിച്ച അവര്‍ പോയന്റ് പട്ടികയില്‍ അഞ്ചാമതാണ്.

You Might Also Like