ഇന്ത്യന്‍ ഭാവി വാഗ്ദാനത്തിന് പന്ത് തട്ടാം, സന്തോഷ വാര്‍ത്തയുമായി ഡോക്ടര്‍മാര്‍

Image 3
FootballI League

തന്റെ ഇരുപതാമത്തെ ജന്മദിനത്തില്‍ യുവഫുട്‌ബോള്‍ താരം അന്‍വര്‍ അലിയെ തേടി സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിട്ട അന്‍വറിന് കളിക്കുന്നതില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന് കൊല്‍ക്കത്തയിലെ കാര്‍ഡിയോളജിസ്റ്റ് റിപ്പോര്‍ട്ട് നല്‍കി. ഇതോടെ താരം കളിക്കളത്തിലേക്ക് ഉടന്‍ തിരിച്ചെത്തിയേക്കും.

നിലവില്‍ അന്‍വര്‍ അലി മുഹമ്മദന്‍ സോക്കര്‍ ക്ലബുമായി കരാര്‍ ഒപ്പിട്ടിരിക്കുകയാണ്. ഐഎസ്എല്‍ ക്ലബ് മുംബൈ സിറ്റി എഫ്‌സി റിലീസ് ചെയ്തതിന് പിന്നാലെയാണ് അന്‍വര്‍ അലി മുഹമ്മദന്‍ ക്ലബില്‍ ചേര്‍ന്നത്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ മെഡിക്കല്‍ വിഭാഗത്തിന്റെ കൂടി അനുമതി ലഭിച്ചാല്‍ താരം ഉടന്‍ തന്നെ കളത്തില്‍ തിരിച്ചെത്തും.

നിലവില്‍ ഐലീഗ് രണ്ടാം ഡിവിഷനിലാണ് 129 വര്‍ഷത്തെ പാരമ്പര്യമുളള മുഹമ്മദന്‍ ക്ലബ് കളിക്കുന്നത്. അനായാസം മറ്റ് ക്ലബുകളിലേക്ക് ചേക്കേറാനാകുമായിരുന്ന അന്‍വര്‍ അലി മുഹമ്മദന്‍് തിരഞ്ഞെടുത്തത് ഇന്ത്യന്‍ ഫുട്ബോള്‍ ലോകത്തിന് സര്‍പ്രൈസായി. കൂടുതല്‍ പ്ലേയിംഗ് ടൈം ലക്ഷ്യമിട്ടാണ് അന്‍വര്‍ അലി മുഹമ്മദന്‍ ക്ലബിലേക്ക് ചേക്കേറിയിരിക്കുന്നത്.

നേരത്തെ മുപ്പത് ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ഫീ ആയി കൊടുത്താണ് മുംബൈ സിറ്റി എഫ്സി അന്‍വര്‍ അലിയ മിനര്‍വ പഞ്ചാബില്‍ നിന്നും സ്വന്തമാക്കിയത്. തുടര്‍ന്ന് ഇന്ത്യന്‍ ആരോസില്‍ ലോണില്‍ അന്‍വര്‍ അലിയെ വിട്ടുനല്‍കുകയായിരുന്നു. 2019ല്‍ താരം മുംബൈ ക്യാമ്പില്‍ തിരിച്ചെത്തിയെങ്കിലും ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ അന്‍വറിന് തിരിച്ചടിയാകുകയായിരുന്നു.

ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് ടീമില്‍ കളിച്ച താരം അണ്ടര്‍ 23 ടീമിലേയും സ്ഥിരം സാന്നിധ്യമാണ്. സീനിയര്‍ ടീമിലേക്ക് വിളി വന്നെങ്കിലും ഇതുവരെ അരങ്ങേറാനായിട്ടില്ല. നേരത്തെ ഇന്ത്യന്‍ അണ്ടര്‍ 20 ടീം 2-1ന് അര്‍ജന്റീനയെ തകര്‍ത്തപ്പോള്‍ അന്‍വര്‍ നേടിയ ഫ്രീകിക്ക് ഗോള്‍ ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു.