അത്ഭുത താരത്തിന്റെ കരിയര്‍ എന്‍ഡ്, ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം കരയുന്നു

Image 3
FootballFootball News

വരും നാളുകളില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ നട്ടെല്ലാകുമെന്ന് കരുതിയന്‍. ഇടക്കൊന്ന് വീണ് പോയെങ്കിലും ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയര്‍ന്ന് വരുമെന്ന് പ്രതീക്ഷിച്ചവന്‍. പക്ഷെ ഫുട്‌ബോള്‍ ലോകം അവന് കരുതി വെച്ചത് നിരാശയുടെ വിധിയായിരുന്നു.

അതെ, പ്രിയപ്പെട്ടവന്‍ ഇന്ത്യന്‍ യുവതാരം അന്‍വര്‍ അലിയെ കുറിച്ച് തന്നെയാണ് പറയുന്നത്. പ്രെഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് അന്‍വര്‍ അലിയോട് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് കീഴിലുളള സ്‌പോട്‌സ് മെഡിക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ഹൃദയ സംബന്ധമായ രോഗം ഉളളതിനാല്‍ ഭാവിയില്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്ന് സൂചിപ്പിച്ചാണ് മെഡിക്കല്‍ കമ്മിറ്റി ഈ തീരുമാനം താരത്തെ അറിയിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ച ഹൃദയഭേദകമായ വാര്‍ത്തയാണിത്. കഴിഞ്ഞ വര്‍ഷമാണ് ഹൃദ്രോഗം അന്‍വര്‍ അലിയില്‍ കണ്ടെത്തിയത്. ഇതോടെ വിദാഗ്ധ ചികിത്സയ്ക്കായി അന്‍വര്‍ അലി ഫ്രാന്‍സില്‍ പോയിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം പരിശീലനം ആരംഭിക്കുകയും ജലന്ധര്‍ ആസ്ഥാനമായുളള കാര്‍ഡിയോളജിസ്റ്റില്‍ നിന്ന് അനുകൂല സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്് മുഹമ്മദന്‍ സ്‌പോട്ടിംഗ് ക്ലബുമായി കരാര്‍ ഒപ്പിടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അന്‍വര്‍ അലിയുടെ ഭാവി തന്നെ ഇരുളിലമരുന്ന തീരുമാനം പുറത്ത് വരുന്നത്.

ഇന്ത്യയുടെ ഭാവി താരമായിരുന്നു അന്‍വര്‍ അലി. ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് ടീമില്‍ കളിച്ച താരം അണ്ടര്‍ 23 ടീമിലേയും സ്ഥിരം സാന്നിധ്യമാണ്. സീനിയര്‍ ടീമിലേക്ക് വിളി വന്നെങ്കിലും ഇതുവരെ അരങ്ങേറാനായിട്ടില്ല. നേരത്തെ ഇന്ത്യന്‍ അണ്ടര്‍ 20 ടീം 2-1ന് അര്‍ജന്റീനയെ തകര്‍ത്തപ്പോള്‍ അന്‍വര്‍ നേടിയ ഫ്രീകിക്ക് ഗോള്‍ ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു.

അന്‍വര്‍ അലി തിരിച്ചുവരുമോ… പഴയ പോലെ പാറിപറന്ന് അവന്‍ മൈതാനം ഭരിക്കുമോ? ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരുടെ നെഞ്ചില്‍ കനമുളള ഈ ചോദ്യങ്ങള്‍ ഒരു വിങ്ങലായി നീറ്റി കൊണ്ടിരിക്കും.