പാക് വജ്രായുധത്തെ ടീമിലുൾപ്പെടുത്തി സിംബാംബ്‌വേ; വെടിക്കെട്ട് താരം ഇന്ത്യക്ക് വെല്ലുവിളിയാകുമോ?

Image 3
CricketTeam India

ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള സിംബാബ്‌വെ ടീമിൽ ബാറ്റർ അന്തും നഖ്‌വിക്ക് ഇടം നൽകി സിംബാംബ്‌വേ. പാക് ദമ്പതികളുടെ മകനായി ബെൽജിയത്തിൽ ജനിച്ച നഖ്‌വി, കുടുംബത്തോടൊപ്പം നാലാം വയസ്സിൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറി. ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ ഓസ്‌ട്രേലിയയിൽ നിന്നും സ്വായത്തമാക്കിയ ശേഷമാണ് നഖ്‌വി സിംബാംബ്‌വേയിലേക്ക് അരങ്ങു മാറ്റുന്നത്. സിംബാബ്‌വെ പൗരനായി അന്തിമമായ അംഗീകാരം താരത്തിന് ലഭിച്ചിട്ടില്ല. പൗരത്വത്തിൽ അന്തിമ തീരുമാനമായാലേ നഖ്‌വിക്ക് ഇന്ത്യക്കെതിരായ പരമ്പരയിൽ കളിക്കാനാകൂ.

25 കാരനായ നഖ്‌വി, ഈ വർഷമാദ്യം, സിംബാബ്‌വെ ആഭ്യന്തര ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനായിരുന്നു. ലോഗൻ കപ്പിൽ മിഡ് വെസ്റ്റ് റൈനോസിനായി അദ്ദേഹം അപരാജിത 300 റൺസ് നേടുകയും സിംബാബ്‌വെയിലെ ആഭ്യന്തര ക്രിക്കറ്റിലെ രണ്ടാം വർഷത്തിൽ തന്നെ ടീമിനെ നയിക്കുകയും ചെയ്തു.

ഒരു ടോപ്പ് ഓർഡർ ബാറ്ററായ നഖ്‌വിക്ക് ഏഴ് ടി20 മത്സരങ്ങളിൽ നിന്ന് 146.80 എന്ന സ്‌ട്രൈക്ക് റേറ്റാണുള്ളത്. ബെൽജിയത്തിലെ ബ്രസ്സൽസിൽ പാകിസ്ഥാനി മാതാപിതാക്കളുടെ മകനായി ജനിച്ച അദ്ദേഹം നാലാം വയസ്സിൽ ഓസ്‌ട്രേലിയയിലേക്ക് താമസം മാറി, ഓസ്‌ട്രേലിയയിൽ പഠനം പൂർത്തിയാക്കിയ താരം, വാണിജ്യ എയർലൈൻ പൈലറ്റിന്റെ ലൈസൻസ് സ്വന്തമാക്കുകയും ചെയ്തു. പിന്നീട് ക്രിക്കറ്റിനായി വ്യോമയാന ജീവിതം താൽക്കാലികമായി നിർത്തിവച്ചാണ് നഖ്‌വി സിംബാബ്‌വേക്കായി കളിക്കുന്നത്.

“ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഒരു സ്വപ്‌നസാക്ഷാത്കാരമാണ്. ഈ നിമിഷത്തിനായി ഞാൻ കഠിനമായി പരിശ്രമിച്ചു, സിംബാബ്‌വെയെ പ്രതിനിധീകരിക്കാനുള്ള അവസരത്തിന് ഞാൻ നന്ദിയുള്ളവനാണ്. ടീമിന്റെ വിജയത്തിന് സംഭാവന നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.”

തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള സന്തോഷം പ്രകടിപ്പിച്ച നഖ്‌വി പറഞ്ഞു.

ബംഗ്ലാദേശിനെതിരെ നടന്ന ടി20 പരമ്പരയിൽ ഉൾപ്പെട്ട, ക്രെയ്ഗ് എർവിൻ, ഷോൺ വില്യംസ്, റയാൻ ബേൾ, ജോയ്‌ലോർഡ് ഗുംബി, ഐൻസ്ലി എൻഡ്ലോവു തുടങ്ങിയ പ്രമുഖ താരങ്ങളെ ഒഴിവാക്കിയാണ് സിംബാംബ്‌വേ ടീമിനെ പ്രഖ്യാപിച്ചത്. 4-1 എന്ന നിലയിൽ ബംഗ്ലാദേശ് പരമ്പര സിംബാബ്‌വെ തോറ്റിരുന്നു.

മറ്റൊരു പാകിസ്ഥാൻ വംശജനായ സിക്കന്ദർ റാസയാണ് സിംബാംബ്‌വേ ടീമിനെ നയിക്കുന്നത്. 38 കാരനായ സികന്ദർ റാസ 86 ടി20 മത്സരങ്ങളിൽ പങ്കെടുത്ത ടീമിലെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരനാണ്. പാകിസ്ഥാനിൽ ജനിച്ച റാസ പിന്നീട് കുടുംബത്തോടൊപ്പം സിംബാംബ്‌വേയിലേക്ക് ചേക്കേറുകയായിരുന്നു. മറ്റൊരു പാകിസ്താനി വംശജനായ ഫറാസ് അക്രമും സിംബാംബ്‌വേ ടീമിലിടം പിടിച്ചിട്ടുണ്ട്.

ഇന്ത്യക്കെതിരായ ടി20 പരമ്പരക്കായുള്ള സിംബാംബ്‌വേ ടീം

സികന്ദർ റാസ (ക്യാപ്റ്റൻ)
ഫരാസ് അക്രം
ബ്രയാൻ ബെന്നറ്റ്
ജോനാഥൻ കാംബെൽ
ടെൻഡായ് ചതാര
ലൂക്ക് ജോങ്‌വെ
ഇന്നസെന്റ് കൈയ
ക്ലൈവ് മദാന്റെ
വെസ്‌ലി മധേവരെ
താഡിവാനാഷെ മരുമണി
വെല്ലിംഗ്ടൺ മസാകാഡ്‌സ
ബ്രാൻഡൻ മാവുത
ബ്ലെസിംഗ് മുസാരബാനി
ഡിയോൺ മിയേഴ്‌സ്
അന്തും നഖ്‌വി
റിച്ചാർഡ് ഇംഗാരവ
മിൽട്ടൺ ഷുംബ