കോന്റെ പുറത്തേക്ക്, ഇന്റര്‍ മിലാനില്‍ പൊട്ടിത്തെറി

പരിശീലകന്‍ കോന്റെയുടെ കീഴില്‍ മികച്ച പ്രകടനമാണ് ഇന്റര്‍ മിലാന്‍ സീരിയ എയില്‍ കാഴ്ച്ചവെച്ചത്. ലീഗില്‍ തുടര്‍ച്ചയായി വിജയങ്ങള്‍ കരസ്ഥമാക്കിയ ടീം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചെയ്തു. യുവന്റസുമായി വെറും ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഇന്ററിന് കിരീടം നഷ്ടമായത്.
എന്നാല്‍ ലീഗിലെ അവസാനമത്സരത്തില്‍ രണ്ടു ഗോളുകള്‍ക്ക് വിജയം നേടിയ ശേഷം ഇന്റര്‍ പരിശീലകന്‍ നടത്തിയ പ്രസ്താവനകള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.
ഇത് ബുദ്ദിമുട്ടേറിയ സീസണായിരുന്നുവെന്നും കഴിയുന്ന പോലെ പരിശ്രമിച്ചുവെന്നും അഭിപ്രായപ്പെട്ട കോന്റെ ഇന്റര്‍ മിലാന്‍ ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ക്ലബില്‍ തങ്ങള്‍ക്ക് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നാണ് അദ്ദേഹം ആരോപിച്ചത്. ക്ലബില്‍ തനിക്കോ താരങ്ങള്‍ക്കൊ അര്‍ഹിക്കുന്ന സ്വീകാര്യത ലഭിച്ചില്ലെന്നും കോന്റേ കുറ്റപ്പെടുത്തി.

2017-ൽ ക്ലബ് എങ്ങനെ ഉണ്ടായിരുന്നുവോ അതുപോലെ തന്നെയാണ് ഇപ്പോഴെന്നും യാതൊരു പുരോഗതിയും കൈവരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
കോന്റേയുടെ പ്രതികരണം ഇന്റര്‍ മിലാന്‍ ഡയറക്ടര്‍ ബെപ്പെ മറോട്ടയെ ശരിക്കും ചൊടിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല കോന്റെ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം എടുത്തു കഴിഞ്ഞെന്നും പകരം ഇന്റര്‍ രണ്ടു പരിശീലകരെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും അഭ്യുഹങ്ങളുണ്ട്.
മുന്‍ യുവന്റസ് പരിശീലകനായിരുന്ന മാക്‌സ്മിലിയാനോ അലെഗ്രി, ടോട്ടനം ഹോട്‌സ്പര്‍ പരിശീലകനായിരുന്ന മൗറിസിയോ പോച്ചെട്ടിനോ എന്നീ അനുഭവസമ്പത്തുള്ള പരിശീലകരെയാണ് പകരമായി ഇന്റര്‍ പരിഗണിക്കുന്നത് . രണ്ടു പേരും നിലവില്‍ ഫ്രീ ഏജന്റുമാരാണ്. ഏതായാലും കോന്റെ ക്ലബ് വിടുമെന്നും രണ്ടിലൊരാള്‍ പരിശീലകന്‍ ആവുമെന്ന കാര്യവും ഉറപ്പായ അവസ്ഥായാണുള്ളത്.