സമനിലക്കുരുക്കിൽ കോപ്പ ഇറ്റാലിയ സെമിയിൽ പുറത്ത്, യുവന്റസ് ചീഫിനെതിരെ നടുവിരൽ കാണിച്ച് ഇന്റർ പരിശീലകൻ

യുവന്റസിനെതിരായ കോപ്പ ഇറ്റാലിയ രണ്ടാം പാദ സെമി ഫൈനൽ മത്സരത്തിൽ സമനിലയിൽ കുരുങ്ങി പുറത്തായിരിക്കുകയാണ് ഇന്റർമിലാൻ. ഒന്നാം പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവി രുചിക്കേണ്ടി വന്നതാണ് ഇന്ററിനു ഫൈനൽ നഷ്ടമാക്കിയത്. ഇന്ററിനു വേണ്ടി ലൗറ്റാരോ മാർട്ടിനസ് ഗോൾ നേടിയപ്പോൾ ക്രിസ്ത്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ പ്രകടനം ആദ്യ പാദത്തിലെ വിജയം നിർണായകമാക്കുകയായിരുന്നു.

എന്നാൽ രണ്ടാം പാദ മത്സരശേഷം നടന്ന ചില അനിഷ്ടസംഭവങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. മത്സര ശേഷം യുവന്റസ് ചീഫായ ആന്ദ്രേ ആഗ്നെല്ലിയും ഇന്റർ പരിശീലകനായ അന്റോണിയോ കൊണ്ടേയും തമ്മിലുള്ള വാഗ്വാദമാണ് വാർത്തക്ക് ആധാരം. മത്സരത്തിന്റെ ആദ്യപകുതിയിൽ കൊണ്ടേ യുവന്റസ് ചീഫായ ആഗ്നെല്ലിക്കെതിരെ നടുവിരൽ കാണിച്ചുവെന്നാണ് ഇറ്റാലിയൻ മാധ്യമമായ ആർഎഐ റിപ്പോർട്ട്‌ ചെയ്യുന്നത്.

ഇതിൽ പ്രകോപിതനായ യുവന്റസ് ചീഫ് മത്സരശേഷം ബെഞ്ചിൽ നിന്നും താഴേക്ക് ഇറങ്ങി വന്നു അന്റോണിയോ കോണ്ടേയുമായി പരസ്പരം വാക്കേറ്റവും അധിക്ഷേപവും നടന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കോണ്ടേ റഫറിയുടെ തീരുമാനങ്ങളെ മാനിക്കണമെന്ന് ബെഞ്ചിലിരുന്നു യുവന്റസ് താരം ബൊണൂച്ചിയും ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. യുവന്റസ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് കോണ്ടേ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

“യുവന്റസ് സത്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു. എനിക്ക് തോന്നുന്നത് അവിടെ സംഭവിച്ചതെന്താണെന്നു ഫോർത്ത് ഒഫീഷ്യൽസ് കൃത്യമായി കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ്. എന്റെ അഭിപ്രായത്തിൽ അവർ കുറച്ചു കൂടെ മര്യാദയുള്ളവരാകേണ്ടതുണ്ടെന്നാണ്. കളിയിലെ മാന്യതയും ബഹുമാനവും മറ്റു ജോലിചെയ്യുന്നവരോടും കൂടെ കാണിക്കേണ്ടതുണ്ട്.” കൊണ്ടേ പറഞ്ഞു.

You Might Also Like