ഗോൾവേട്ടയിൽ ഗിന്നസ് ബുക്കിലിടം പിടിച്ച് ബാഴ്സ കൗമാരവിസ്മയം അൻസു ഫാറ്റി

ലാലിഗയിലും ചാമ്പ്യൻസ്‌ലീഗിലും മാത്രമല്ല ഗിന്നസിലും റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബാഴ്സയുടെ സ്പാനിഷ് കൗമാരവിസ്മയതാരം അൻസുമാൻ ഫാറ്റി എന്ന അൻസു ഫാറ്റി. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ നേടിയ താരമെന്ന റെക്കോർഡ് ആണ് ഗിന്നസ് ബുക്കിലേക്കും ഇടം നേടിയത്. ഇന്റർമിലാനെതിരെ 2019 ഡിസംബർ പത്തിന് നേടിയ ഗോളാണ് അൻസു ഫാറ്റിയെ ഈ നേട്ടത്തിനർഹനാക്കിയത്.

ഗിന്നസ് റെക്കോർഡ് ബുക്കിലെ സ്പാനിഷ് എഡിഷനിലെ 214-ാം പേജിലാണ് അൻസു ഫാറ്റിയുടെ റെക്കോർഡ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനു മുൻപ് ബാഴ്സ സൂപ്പർതാരം ലയണൽ മെസിയും ഗിന്നസ് റെക്കോർഡിനുടമയായിട്ടുണ്ട്. ആറു ബാലൺ ഡിയോർ നേടിയ ഏകതാരമെന്ന റെക്കോർഡാണ് അൻസു ഫാറ്റിക്കു മുൻപ് ലയണൽ മെസിയെ തേടിയെത്തിയത്.

അൻസു ഫാറ്റിയെക്കൂടാതെ നോർവീജിയൻ സൂപ്പർതാരം എർലിംഗ് ഹാളണ്ടും ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചിട്ടുണ്ട്. U20 ലോകകപ്പിൽ ഹോണ്ടുറാസിനെതിരെ ഒരു മത്സരത്തിൽ 9 ഗോളുകൾ നേടിയതാണ് ഹാളണ്ടിനെ ഗിന്നസ് റെക്കോർഡിനുടമയാക്കിയത്. 2020 ജനുവരിയിൽ ഡോർട്മുണ്ടിനായി നേടിയ ഹാട്രിക്കോടെ ബുണ്ടസ്ലീഗയിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാവാനും ഹാളണ്ടിനു സാധിച്ചിരുന്നു.

ആണ്ടോറയുടെ ഫുട്ബോൾ താരമായ ഇൽഡിഫോൺസോ ലിമയും ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചിട്ടുണ്ട്. 2019 നവംബറിൽ 22 വർഷവും 148 ദിവസവും ഒരു രാജ്യത്തിനുവേണ്ടി കളിക്കാൻ ഇൽഡിഫോൻസോക്ക് സാധിച്ചതാണ് റെക്കോർഡിനുടമയാക്കിയത്. പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളും ഗിന്നസ് ബുക്കിലിടം പിടിച്ചിട്ടുണ്ട്. 18 പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയതിനാണ് ഗിന്നസ് റെക്കോർഡ് ലിവർപൂളിനെ തേടിയെത്തിയത്.

You Might Also Like