മലയാളികള്‍ മാത്രമല്ല നോര്‍ത്ത് ഇന്ത്യയും ഇളകി, സഞ്ജുവിനായി മുറവിളി കൂട്ടി ക്രിക്കറ്റ് ലോകം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണിനെ സംബന്ധിച്ച് ദുഖത്തിന്റേയും സന്തോഷത്തിന്റേയും അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. ടി20 പരമ്പരയ്ക്കുളള ആദ്യ മത്സരത്തിനുള്ള സ്‌ക്വാഡില്‍ സഞ്ജു സാംസണ്‍ ഇടംനേടിയപ്പോള്‍ അവസാന രണ്ട് മത്സരത്തിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളി താരം പുറത്തായി.

വിരാട് കോഹ്ലിക്ക് പകരക്കാരനായാണ് സഞ്ജു ടീമില്‍ ഇടം നേടിയത്. അയര്‍ലന്‍ഡിനെതിരെ നടന്ന മത്സരത്തിലെ ഉജ്ജ്വല പ്രകടനമാണ് താരത്തെ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലെ സ്‌ക്വാഡിലെത്തിച്ചത്. എന്നാല്‍ ആദ്യത്തെ ഒരു മത്സരത്തിന് മാത്രമാണ് സഞ്ജുവിനെ ടീമിലെടുത്തത്.

ഇതോടെയാണ് ബി.സി.സി.ഐയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് നാനാഭാഗത്ത് നിന്നും ഉയരുന്നത്. ബി.സി.സി.ഐ സഞ്ജുവിനോട് കാണിക്കുന്നത് ക്രൂരതയാണെന്നും നീതികേടാണെന്നുമാണ് ആരാധകര്‍ തുറന്ന് പറയുന്നത്. പതിവില്‍ നിന്ന് വ്യത്യസ്്തമായി നിരവധി നോര്‍ത്ത് ഇന്ത്യന്‍ ആരാധകരും സഞ്ജുവിനെ ടീമിലെടുക്കണമെന്ന് മുറവിളി കൂട്ടുന്നുണ്ട്. ജസ്റ്റിസ് ഫോര്‍ സഞ്ജു സാംസണ്‍ എന്ന ഹാഷ്ടാഗ് ഇതിനോടകം വൈറലായും കഴിഞ്ഞു.

സഞ്ജുവിന് പുറമെ രാഹുല്‍ ത്രിപാഠി, ഋതുരാജ് ഗെയ്ക്വാദ്, വെങ്കിടേഷ് അയ്യര്‍, അര്‍ഷ്ദീപ് സിങ് എന്നിവരും രണ്ടാം ടി-20യിലെ സ്‌ക്വാഡില്‍ നിന്നും പുറത്തായിരുന്നു.

അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ദീപക് ഹൂഡയ്ക്കൊപ്പം നടത്തിയ മാസ്മരിക പ്രകടനമാണ് താരത്തിന് തുണയായത്. 183.33 സ്ട്രൈക്ക് റേറ്റില്‍ 77 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഇതിന് പുറമെ ടി-20യിലെ എക്കാലത്തേയും മികച്ച കൂട്ടുകെട്ടും ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടി-20യില്‍ തിളങ്ങിയാല്‍ വരാനിരിക്കുന്ന വിന്‍ഡീസ് പര്യടനമടക്കമുള്ള പരമ്പരയിലും സഞ്ജു ഉള്‍പ്പെട്ടേക്കാം. അങ്ങനെയെങ്കില്‍ സഞ്ജുവിന്റെ വേള്‍ഡ് കപ്പ് ടീമിലേക്കുള്ള സാധ്യതയും കൂടും.

You Might Also Like