സൂപ്പര്‍ താരം ടീമിനൊപ്പം ചേര്‍ന്നെന്ന് ഡല്‍ഹി, ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത

Image 3
CricketIPL

രാജസ്ഥാന്‍ റോയല്‍സിനെതിരെ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഡല്‍ഹി ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച് നോര്‍ക്കിയ ഡല്‍ഹി ക്യാപിറ്റല്‍സ് ടീം ബബിളില്‍ പ്രവേശിച്ചു. നേരത്തെ താരത്തിനു കൊവിഡ് പോസിറ്റീവായെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇത് വ്യാജമായിരുന്നെന്നും നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയവെ നടത്തിയ മൂന്ന് കൊവിഡ് പരിശോധനയിലും നെഗറ്റീവ് ആയിരുന്നു എന്നും ഫ്രാഞ്ചൈസി അറിയിച്ചു.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനു പിന്നാലെയാണ് നോര്‍ക്കിയ ടീമിനൊപ്പം ചേര്‍ന്നത്. നോര്‍ക്കിയക്കൊപ്പം ഒരേ വിമാനത്തില്‍ ഇന്ത്യയിലെത്തിയ ദേശീയ ടീം അംഗം കഗീസോ രണ്ട് ദിവസങ്ങള്‍ക്കു മുന്‍പ് ടീമിനൊപ്പം ചേരുകയും രാജസ്ഥാന്‍ റോയല്‍സിനെതിരെ കളിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നോര്‍ക്കിയ രണ്ട് ദിവസം വൈകി ക്വാറന്റീന്‍ അവസാനിപ്പിച്ചത് ചര്‍ച്ച ആയിട്ടുണ്ട്.

രാജസ്ഥാന്‍ റോയല്‍സിനെതിരെ 3 വിക്കറ്റിനാണ് ഡല്‍ഹി പരാജയപ്പെട്ടത്. ടോസ് നഷ്ടമായി ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 147 റണ്‍സ് എടുത്തപ്പോള്‍ രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ 7 വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ സ്‌കോര്‍ മറികടക്കുകയായിരുന്നു.

ഡല്‍ഹിക്ക് വേണ്ടി ഋഷഭ് പന്തും (51), രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഡേവിഡ് മില്ലറും (62) അര്‍ധസെഞ്ചുറികള്‍ നേടി ടോപ്പ് സ്‌കോറര്‍മാരായി. ഒരു ഘട്ടത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 104 എന്ന നിലയില്‍ പതറിയ രാജസ്ഥാനെ ക്രിസ് മോറിസിന്റെ (18 പന്തില്‍ 36) വിസ്‌ഫോടനാത്മക ബാറ്റിംഗാണ് കരകയറ്റിയത്.