ലാസിയോക്കെതിരായ മികച്ച വിജയം, ബാഴ്സയുടെ 72 വർഷം മുൻപേയുള്ള റെക്കോർഡിനൊപ്പമെത്തി എസി മിലാൻ

Image 3
FeaturedFootballSerie A

ഇറ്റാലിയൻ ലീഗിൽ മികച്ച പ്രകടനവുമായി മുന്നേറുന്ന ക്ലബ്ബാണ് എസി മിലാൻ. ക്രിസ്തുമസിന് മുൻപ് നടന്ന അവസാന ലീഗ് മത്സരത്തിൽ ലാസിയോയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത് ലീഗിൽ ഒന്നാം സ്ഥാനം  നിലനിർത്തിയിരിക്കുകയാണ് മിലാൻ. നിലവിലെ ചാമ്പ്യന്മാരായ യുവന്റസിനും ചിരവൈരികളായ ഇന്റർ മിലാനും മുകളിലാണ് മിലാന്റെ സ്ഥാനം.

അവസാനമത്സരത്തിൽ യുവന്റസിനു ഫിയോരെന്റിനക്കെതിരെ അപ്രതീക്ഷിത തോൽവിയേറ്റു വാങ്ങേണ്ടി വന്നതോടെ ആദ്യ അഞ്ചു ലീഗുകളിൽ അപരാജിതരായി മുന്നേറുന്ന ഏക ക്ലബ്ബായി മാറാൻ എസി മിലാനു സാധിച്ചിരിക്കുകയാണ്. മിലാന്റെ ടോപ്സ്കോററായ സൂപ്പർതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് പരിക്കുമൂലം പുറത്തായിട്ടും മികച്ച പ്രകടനം കാഴ്ചവെക്കാൻ സ്‌റ്റെഫാനോ പയോളിക്കും സംഘത്തിനും സാധിക്കുകയായിരുന്നു.

ശക്തരായ ലാസിയോക്കെതിരെ വിജയിക്കാനായതോടെ ഒരു വർഷത്തിൽ ഒരേ ടൂർണമെന്റിലെ പതിനഞ്ചു തുടർച്ചയായ മത്സരങ്ങളിൽ രണ്ടു ഗോളിലധികം ഗോളുകൾ നേടുന്ന ടീമെന്ന നേട്ടത്തിനൊപ്പമെത്താൻ മിലാനു സാധിച്ചിരിക്കുകയാണ്. 1948ൽ ബാഴ്‌സലോണയാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു യൂറോപ്യൻ ടീം. തുടർച്ചയായ പതിനെട്ടു മത്സരങ്ങളാണ് ഇരട്ടഗോളുകളോ അതിലധികമോ സ്വന്തമാക്കാൻ ബാഴ്സക്ക് സാധിച്ചത്.

ഇതിഹാസം സ്‌ട്രൈക്കർ സെസാർ റോഡ്രിഗസിന്റെ ഗോൾവേട്ടയിൽ 1947-48 സീസണിലും 1948-49 സീസണിലും ബാഴ്‌സക്ക് ലാലിഗ കിരീടം സ്വന്തമാക്കാൻ ബാഴ്സക്ക് സാധിച്ചിരുന്നു. പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്ന മിലാനു ഇത്തവണ വമ്പന്മാരായ യുവന്റസിനെയും  ഇന്റർമിലാനെയും മറികടന്ന് ലീഗ് കിരീടം സ്വന്തമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സ്‌റ്റെഫാനോ പയോളിയും സംഘവും. ക്രിസ്തുമസ് അവധിക്കു ശേഷം ബെനെവെന്റോയുമായാണ്  ഇനി മിലാനു മത്സരമുള്ളത്.