ഹാമിഷ് റോഡ്രിഗസിനു പിന്നാലെ മറ്റൊരു റയൽ സൂപ്പർതാരത്തിനെ റാഞ്ചാൻ എവർട്ടൺ

Image 3
EPLFeaturedFootball

റയലിൽ അവസരങ്ങൾ കുറഞ്ഞതോടെ ക്ലബ്ബ് വിട്ട സൂപ്പർതാരമാണ് ഹാമിഷ്  റോഡ്രിഗസ്. പ്രീമിയർ ലീഗ് ക്ലബ്ബായ എവർട്ടണിലേക്കാണ്  താരം ചേക്കേറിയത്. തന്റെ പ്രിയ പരിശീലകനായ കാർലോ അഞ്ചേലോട്ടിക്ക് കീഴിൽ മികച്ച പ്രകടനമാണ് റോഡ്രിഗസ് കാഴ്ചവെക്കുന്നത്. നിലവിൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്താണ് എവർട്ടൻറെ സ്ഥാനം.

എന്നാൽ  ഹാമിഷ് റോഡ്രിഗസിന്റെ പാത പിന്തുടർന്ന്  മറ്റൊരു റയൽ മാഡ്രിഡ്‌  സൂപ്പർതാരവും ക്ലബ്ബ് വിടാനൊരുങ്ങുകയാണ്. സിദാനു  കീഴിൽ അവസരങ്ങൾ കുറഞ്ഞതാണ് താരത്തെ ക്ലബ്ബ് വിടാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. തന്റെ പദ്ധതികളിൽ താരമില്ലെന്നു സിദാൻ വ്യക്തമാക്കിയതോടെയാണ് ഈ നീക്കം.  എവെർട്ടണിലേക്ക് ചേക്കേറുന്നതോടെ മുൻ പരിശീലകനൊപ്പം ചേരാനുള്ള അവസരമാണ് ഇസ്കോക്ക് വന്നു ചേർന്നിരിക്കുന്നത്.

ഇതിനു മുൻപ് ആഴ്‌സണലും യുവന്റസും സെവിയ്യയും താരത്തിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ഇംഗ്ലീഷ് മാധ്യമമായ മിററിന്റെ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ്‌ താരത്തെ ഈ സീസൺ അവസാനത്തോടെ ലോണിൽ വിടാനാണ് താത്പര്യപ്പെടുന്നത്. ഒരു വർഷത്തെ ലോണിന് ശേഷം താരത്തിനെ വാങ്ങാനുള്ള അവസരം ക്ലബ്ബിനു ലഭിച്ചേക്കും.

എന്നാൽ ലോൺ കാലാവധിയിൽ താരത്തിന്റെ വേതനം മുഴുവൻ വാങ്ങുന്ന ക്ലബ്ബ് തന്നെ വഹിക്കേണ്ടി വരുമെന്നാണ് റയൽ മുന്നോട്ടു വെക്കുന്നത് നിബന്ധന. 18 മില്യൺ യൂറോയാണ് റയൽ താരത്തിനിട്ടിരിക്കുന്ന മൂല്യം. നിലവിൽ റയൽ മാഡ്രിഡിൽ 2022 വരെയാണ് താരത്തിന്റെ കരാറിലെ കാലാവധി.