ട്രാൻഫർ ജാലകത്തിൽ ബാഴ്സക്ക് വൻ തിരിച്ചടി, ടീമിൽ തന്നെ തുടരാൻ തീരുമാനിച്ച് മറ്റൊരു സൂപ്പർതാരം കൂടി

ബാഴ്സയുടെ പരിശീലകനായ ശേഷം റൊണാൾഡ് കൂമാൻ മൂന്ന് ഡച്ച് താരങ്ങളെയായിരുന്നു ബാഴ്‌സയിലെത്തിക്കാൻ താത്പര്യപ്പെട്ടത്. അതിലൊരു താരമായ ഡോണി വാൻ ഡി ബീക്കിനെ യുണൈറ്റഡ് അയാക്സിൽ നിന്നും റാഞ്ചിയിരുന്നു. മറ്റൊരു താരമായ മെംഫിസ് ഡീപേക്ക് വേണ്ടിയുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ മൂന്നാമത്തെ താരമായ ഗിനി വൈനാൾഡവും ബാഴ്സക്കു നഷ്ടമായേക്കുമെന്നുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ലിവർപൂളിന്റെ സൂപ്പർ താരമായ വൈനാൾഡം ബാഴ്‌സയുടെ ഓഫർ നിരസിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. താരം ലിവർപൂളിൽ തന്നെ തുടരാൻ തീരുമാനിച്ചതായാണ് വിവരം. പരിശീലകൻ ജർഗൻ ക്ലോപുമായി സംസാരിച്ച ശേഷമാണ് വൈനാൾഡത്തിന്റെ മനസ്സ് മാറിയത്. പ്രമുഖസ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ഒരു വർഷം കൂടിയാണ് വൈനാൾഡത്തിന് ലിവർപൂളുമായി കരാർ അവശേഷിക്കുന്നത്. താരത്തിന്റെ കരാർ പൂർത്തിയാവുന്നത് വരെ ലിവർപൂളിൽ കളിക്കണമെന്ന ആവശ്യവുമായാണ് ജർഗൻ ക്ലോപ് താരത്തെ കണ്ടത്. താരം ഇതിന് സമ്മതമാണെന്ന് അറിയിക്കുകയായിരുന്നു. അതോടൊപ്പം തന്നെ ലിവർപൂൾ താരത്തിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താനും ശ്രമിച്ചേക്കും.

സ്ഥിതിവിശേഷം ഇതായതിനാൽ ഇനി ബാഴ്സലോണ ബയേൺ മിഡ്ഫീൽഡർ തിയാഗോ അൽകന്റാരക്ക് വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങിയേക്കും. മുൻ ബാഴ്സ താരം കൂടിയായ തിയാഗോ മികച്ച പ്രകടനമാണ് ബയേണിൽ നടത്തുന്നത്. എന്നാൽ ലിവർപൂളും താരത്തെ ടീമിൽ എത്തിക്കാനായി മുന്നിലുണ്ട്. ഇവരോടൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിൽ താത്പര്യം പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്.

You Might Also Like