സഞ്ജുവിന് വീണ്ടും സുവര്‍ണാവസരം, ഇംഗ്ലണ്ടില്‍ കളിക്കാനും അവസരം

അയര്‍ലന്‍ഡ് പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ നേതൃത്വത്തിലുളള ടീം ഇന്ത്യ ഇംഗ്ലണ്ടിലേക്ക്് തിരിച്ചിരിക്കുകയാണ്. ഇംഗ്ലീഷ് പര്യടനത്തിന് മുമ്പ് രണ്ടു ടി20 പരിശീലന മല്‍സരങ്ങളിലാണ് ഹാര്‍ദിക്കിനു കീഴില്‍ ഇനി ഇന്ത്യ കളിയ്ക്കുക.

ഇംഗ്ലണ്ടിലെ പ്രമുഖ കൗണ്ടി ക്ലബ്ബുകളായ ഡെര്‍ബിഷെയര്‍, നോര്‍താംപ്റ്റണ്‍ഷെയര്‍ എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍. ഇതോടെ മലയാളി താരം സഞ്ജു സാംസണിന് കളിയ്ക്കാന് കൂടുതല്‍ അവസരം ലഭിക്കും.

ഈ പരിശീലന മല്‍സരങ്ങളിലെ പ്രകടനം കൂടി വിലയിരുത്തിയായിരിക്കും ഇംഗ്ലണ്ടുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. കൗണ്ടിയില്‍ തിളങ്ങാനായാല്‍ സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലേക്ക് പരിഗണിക്കും.

ആദ്യ ടി20യില്‍ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസണ്‍ അയര്‍ലാന്‍ഡുമായുള്ള രണ്ടാം ടി20യില്‍ ലഭിച്ച അവസരം നന്നായി മുതലെടുത്തിരുന്നു. റുതുരാജ് ഗെയ്ക്വാദിനു പകരം ഓപ്പണിങ് റോളിലേക്കു നറുക്കുവീണപ്പോള്‍ 77 റണ്‍സ് അടിച്ചെടുത്താണ് സഞ്ജു സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. സഞ്ജുവിന്റെ കന്നി ഫിഫ്റ്റി കൂടിയാണിത്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റിനു വെള്ളിയാഴ്ചയാണ് എഡ്ബാസ്റ്റണില്‍ തുടക്കമാവുന്നത്. കഴിഞ്ഞ വര്‍ഷം മാറ്റി വയ്ക്കപ്പെട്ട അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് കൂടിയാണിത്. നിലവില്‍ പരമ്പരയില്‍ 2-1നു മുന്നില്‍ നില്‍ക്കുന്ന ഇന്ത്യക്കു അടുത്ത ടെസ്റ്റ് സമനില നേടിയാലും പരമ്പര കൈക്കലാക്കാം.

ഇന്ത്യന്‍ ടീം ടെസ്റ്റിനു ഇറങ്ങുന്ന അതേ ദിവസം തന്നെയാണ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീം ആദ്യ ടി20 പരിശീലന മല്‍സരം കളിക്കുക. ആദ്യ ടി20 ജൂലൈ ഒന്നിനും രണ്ടാമത്തേത് ജൂലൈ മൂന്നിനുമാണ്. ഡെര്‍ബിഷെയര്‍, നോര്‍താംപ്റ്റണ്‍ഷെയര്‍ എന്നിവരുമായുള്ള ഇന്ത്യയുടെ രണ്ടു ടി20കള്‍ വ്യത്യസ്ത സമയങ്ങളിലാണ് നടക്കുന്നത്. വെള്ളിയാഴ്ച ഡെര്‍ബിഷെയറുമായുള്ള ആദ്യ ടി20 ഇന്ത്യന്‍ സമയം രാത്രി 11.30നാണ് ആരംഭിക്കുന്നത്. നോര്‍ത്താംപ്റ്റണ്‍ഷെയറുമായുള്ള രണ്ടാം ടി20 ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്കും തുടങ്ങും.

ഈ രണ്ടു പരിശീലന ടി20കളും ടെലിവിഷനില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നില്ല. എന്നാല്‍ ചില യൂട്യൂബ് ചാനലുകളില്‍ കളി കാണാം.

 

You Might Also Like