ബാറ്റ്‌സ്മാനെതിരെ തുറിച്ച് നോട്ടം, സ്ലെഡ്ജിംഗ്… പന്തെറിഞ്ഞപ്പോള്‍ ദേ പഴയ ശ്രീശാന്ത്
ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന ആവേശത്തിലാണ് ഇന്ത്യയുടെ മലയാളി പേസറായ എസ് ശ്രീശാന്ത്. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിന് വേണ്ടിയുള്ള കേരള ടീമിലാണ് ശ്രീ ഇടംപിടിച്ചത്. തിരിച്ചുവരവ് ഗംഭീരമാക്കാന്‍ കഠിന പരിശീലനത്തിലാണ് താരം.
ഇതിന്റെ ഭാഗമായി കേരള ടീം രണ്ടായി ഏറ്റുമുട്ടിയ മത്സരത്തിനിടെ എതിര്‍ ടീമിലെ ബാറ്റ്സ്മാനെ സ്ലഡ്ജ് ചെയ്യുന്ന താരത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കളിക്കളത്തിലെ ആക്രമണോത്സുകത ഇപ്പോഴും തന്നിലുണ്ട് തെളിയിക്കുന്നതായിരുന്നു ശ്രീയുടെ പ്രകടനം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ രോഷ-ആഹ്ലാദ പ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു ശ്രീശാന്ത്. ഓസീസിന്റെ ആന്‍ഡ്ര്യൂ സൈമണ്ട്സിനെ പുറത്താക്കിയ ശേഷം താരം നടത്തിയ ആഹ്ലാദ പ്രകടനം ഏറെ ചര്‍ച്ചയായിരുന്നു.
2013ല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതും പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതും. തെളിവില്ലെന്ന കാരണത്താല്‍ കോടതി പിന്നീട് താരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായില്ല. പിന്നീട് സുപ്രിംകോടതി ഇടപെട്ട ശേഷമാണ് ശ്രീശാന്തിന്റെ വിലക്ക് നീക്കിയത്.