തന്നെ ഒഴിവാക്കിയെങ്കിൽ മെസിയെയും പുറത്താക്കണം, അർജന്റീന ടീമിലിടം കിട്ടാത്തതിൽ തുറന്നടിച്ചു ഡിമരിയ

അർജന്റീന ടീമിൽ നിന്നും തന്നെ ഒഴിവാക്കിയതിനെതിരെ തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് ഏഞ്ചൽ ഡി മരിയ. പ്രായമാണ് തന്നെ ഒഴിവാക്കിയതിന്റെ കാരണമായി മുന്നോട്ടു വെക്കുന്നതെങ്കിൽ മെസിയടക്കമുള്ള സീനിയർ താരങ്ങൾ എന്തുകൊണ്ടാണ് ടീമിൽ തുടരുന്നതെന്നും അവർക്കു പകരക്കാരായ താരങ്ങളെ എന്തുകൊണ്ട് ടീമിലെടുത്തില്ലയെന്നും ഡി മരിയ വ്യക്തമാക്കാനാവശ്യപ്പെട്ടു.

പിഎസ്ജിക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴാണ് ഡി മരിയ അർജന്റീന ടീമിൽ നിന്നും ഒഴിവാക്കപ്പെടുന്നത്. കഴിഞ്ഞ സീസണിൽ പിഎസ്‌ജിക്കൊപ്പം ചാമ്പ്യൻസ്‌ലീഗ് ഫൈനലിലെത്താൻ വലിയ പങ്കുവഹിച്ച താരമാണ് ഡിമരിയ. ഒക്ടോബറിൽ ഇക്വഡോറിനും ബൊളീവിയക്കുമെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള സ്ക്വാഡിൽ നിന്നാണ് പരിശീലകൻ സ്കലോനി ഡി മരിയയെ തഴഞ്ഞത്.

“മുപ്പത്തിരണ്ടുകാരനായ എന്നെ പ്രായത്തിന്റെ പേരിലാണ് തഴഞ്ഞതെങ്കിൽ മറ്റു താരങ്ങളെ എടുക്കുന്നതിലും അതു ബാധകമല്ലേ. മികച്ച ഫോമിൽ കളിക്കുന്നുണ്ടെങ്കിലും പ്രായം കൂടുതലാണെന്ന പേരിൽ മെസി, ഒട്ടമെൻഡി, അഗ്യൂറോ എന്നിവരും മറ്റുള്ളവർക്കായി ടീമിൽ നിന്നും പുറത്തു പോകേണ്ടവരല്ലേ.” ഡി മരിയ ടീം തെരഞ്ഞെടുപ്പിനെതിരെ ആഞ്ഞടിച്ചു.

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടതോടെ ഡി മരിയക്ക് കോപ്പ അമേരിക്ക ടൂർണമെന്റിലും സ്ഥാനവും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അർജൻറീന ടീം തനിക്കു വളരെ പ്രധാനപ്പെട്ടതാണെന്നും തിരിച്ചു വരാനായി കഠിനാധ്വാനം ചെയ്യുമെന്നും താരം വ്യക്തമാക്കി.

You Might Also Like