റയലിലോ ബാർസയിലോ എത്താതെ എംബപ്പേ രക്ഷപ്പെടില്ല; ഫ്രഞ്ച് താരം പറയുന്നു
രാജ്യാന്തര ഫുട്ബോളിൽ ഇനിയും വളരണമെങ്കിൽ എംബപ്പേ പിഎസ്‌ജി വിടണമെന്ന് മുൻ ഫ്രഞ്ച് താരം നിക്കോളാസ് അനൽക്ക. മെസ്സിയെയും, റൊണാൾഡോയെയും പോലെ വലിയ താരമാവണമെങ്കിൽ കൂടുതൽ കടുപ്പമേറിയ ലീഗുകളിലേക്ക് ചേക്കേറണമെന്നാണ് അനൽക്കയുടെ ഉപദേശം.
2022 വരെ പിഎസ്‌ജിയുമായി കരാറുള്ള എംബപ്പേ ക്ലബ് വിട്ടേക്കുമെന്ന് നേരെത്തെ സൂചനകൾ ഉണ്ടായിരുന്നു. റയൽ മാഡ്രിഡ് അടക്കമുള്ള വമ്പന്മാർ താരത്തിന്റെ പിന്നാലെയാണെന്നും വാർത്തകൾ വന്നു. എന്നാൽ കഴിഞ്ഞ സീസണിൽ പിഎസ്‌ജിക്കായി 42 തവണ വലകുലുക്കിയ താരത്തെ വിട്ടുകൊടുക്കാൻ ഒരുക്കമല്ല എന്നാണ് പിഎസ്ജിയുടെ നിലപാട്.
എംബപ്പേ ബാലൺ ഡി ഓർ അടക്കമുള്ള ബഹുമതികൾക്ക് സാധ്യതയുള്ള താരമാണെന്നും എന്നാൽ അത് പിഎസ്‌ജിയിൽ തുടർന്ന് കൊണ്ട് സാധ്യമല്ല എന്നുമാണ് അനൽക്ക പറയുന്നത്. മെസ്സിയോ, റൊണാൾഡോയോ പോലെ കടുപ്പമേറിയ എതിർ താരങ്ങളെ നേരിട്ടല്ല നിലവിൽ എംബാപ്പയുടെ നേട്ടങ്ങൾ.
ഫ്രഞ്ച് ലീഗ് എളുപ്പമാണെന്ന് പറയാനാവില്ലെങ്കിലും, യൂറോപ്പിലെ മറ്റു മുൻനിര ലീഗുകളുമായി കിടപിടിക്കാൻ നിലവിലെ അവസ്ഥയിൽ ഫ്രഞ്ച് ലീഗിന് കഴിയില്ല. അതിനാൽ തന്നെ ഇംഗ്ലണ്ടിലെയോ, സ്പെയിനിലെയോ ഏതെങ്കിലും മുൻനിര ക്ലബ്ബിലേക്ക് കരിയർ പറിച്ചു നടുന്നതാണ് എംബപ്പേക്ക് നല്ലത്. അനൽക്ക പറയുന്നു.
ഇവയിൽ തന്നെ മാഞ്ചസ്റ്റർ സിറ്റിയോ, യുണൈറ്റഡോ, ലിവർപൂളോ ആണ് അനൽക്ക പ്രീമിയർ ലീഗിൽ സജെസ്റ് ചെയ്യുന്നത്. ലാലീഗയിലാണെങ്കിൽ ബാഴ്‌സയോ, റയലോ തിരഞ്ഞെടുക്കണമെന്നും അനൽക്ക പറയുന്നു.
യൂറോകപ്പിൽ ഏറെ പ്രതീക്ഷകളുമായി എത്തിയ എംബപ്പേ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പ്രീ ക്വാർട്ടറിൽ സ്വിറ്റസർലണ്ടിനെതിരെ എംബപ്പേ പെനാൽറ്റി നഷ്ടപ്പെടുത്തിയതാണ് ഫ്രാൻസിന്റെ പുറത്താകലിന് കാരണമായത്.