ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച 12മന്‍, ആ ടീമില്‍ ജനിച്ച് പോയതാണ് വലിയ തെറ്റ്

Image 3
CricketCricket News

ധനേഷ് ദാമോധരന്‍

ലോക ക്രിക്കറ്റില്‍ വളരെ കുറച്ചു മാത്രം ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ കളിച്ച , അത്രയേറെ പ്രതിഭ അവകാശപ്പെടാന്‍ പറ്റാത്ത പലരും അപ്രതീക്ഷിതമായ ചില പ്രകടനങ്ങള്‍ കൊണ്ട് ലോകത്തെ ഞെട്ടിച്ച സംഭവങ്ങള്‍ കാണാം .എന്നാല്‍ നല്ല പ്രതിഭയുണ്ടായിട്ടും ,കിട്ടിയ അവസരങ്ങളിലെല്ലാം തന്നെ പന്തു കൊണ്ടും ബാറ്റ് കൊണ്ടും മികച്ച പ്രകടനങ്ങള്‍ നടത്തിയ ഒരു നിര്‍ണായക മത്സരത്തില്‍ നടത്തിയ ഒരു പ്രകടനത്തിന് എന്തു കൊണ്ടോ ആരും അര്‍ഹിച്ച പ്രാധാന്യം കൊടുത്ത് കാണുന്നില്ല .

തന്റെ രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് കാലഘട്ടത്തില്‍ ജനിച്ചത് കൊണ്ട് മാത്രം ഏറ്റവും മികച്ച 12മനാകേണ്ടി വന്ന ആന്‍ഡ്രൂ ജോണ്‍ ബിക്കല്‍ എന്ന ആന്‍ഡി ബിക്കലിന്റെ പ്രകടനമാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ‘അണ്ടര്‍ റേറ്റഡ് ‘ പ്രകടനം എന്ന് പറയേണ്ടി വരും .

2003 മാര്‍ച്ച് 2 – ലോകകപ്പിലെ ഓസ്‌ത്രേലിയ – ഇംഗ്ലണ്ട് പോരാട്ടം .അതിന് മുന്‍പ് ഓസ്‌ട്രേലിയയോട് തുടരെ 14 കളികളില്‍ പരാജയം ഏറ്റു വാങ്ങിയ ഇംഗ്ലണ്ടിന് ജയിച്ചാല്‍ മാത്രമേ സൂപ്പര്‍ സിക്‌സില്‍ എത്തു എന്ന അവസ്ഥ .

അതു വരെ ടൂര്‍ണമെന്റില്‍ മികച്ച ഫോമിലായിരുന്ന ഇംഗ്ലണ്ട് ഓപ്പണര്‍ മാര്‍ക്കസ് ട്രെസ് കോത്തിക് ആ കളിയിലും അപാര ഫോമിലായിരുന്നു .സഹ ഓപ്പണര്‍ നിക് നൈറ്റിനെ സാക്ഷിയാക്കി മഗ്രാത്തിനെയും ബ്രെറ്റ് ലീ യെയും ട്രേസ്‌കോത്തിക് കൈകാര്യം ചെയ്തതോടെ സ്‌കോര്‍ബോര്‍ഡില്‍ റണ്ണൊഴുകാന്‍ തുടങ്ങി .45 പന്തില്‍ 50 തികച്ച ഇംഗ്ലണ്ട് 9 ഓവര്‍ കഴിയുമ്പോഴേക്കും വിക്കറ്റ് നഷ്ടപ്പെടാതെ 66 ലെത്തി .

നായകന്‍ പോണ്ടിംഗ് ഫസ്റ്റ് ചെയ്ഞ്ച് ആയി ഗില്ലസ്പിക്ക് പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയത് കൊണ്ട് മാത്രം ആദ്യ ഇലവില്‍ സ്ഥാനം കിട്ടിയ തന്റെ മൂന്നാം സീമര്‍ ആന്‍ഡി ബിക്കലിനെ രംഗത്തിറക്കിയതോടെ കളി തിരിഞ്ഞു. തന്റെ അഞ്ചാം പന്തില്‍ നിക്ക് നൈറ്റിനെയും അടുത്ത ഓവറിലെ ആദ്യ പന്തില്‍ വോഗനെയും പിന്നാലെ നാസര്‍ ഹുസൈന്റെ സ്റ്റംപ് ഇളക്കുകയും ചെയ്തതോടെ ഇംഗ്ലണ്ട് തകര്‍ന്നു. പിന്നാലെ മക്ഗ്രാത്ത് ട്രെസ് കോത്തിക്കിനെയും പുറത്താക്കിയതോടെ ഇംഗ്ലണ്ട് 74/4 ലെത്തി .

കോളിങ് വുഡ് ഹോഗിനെ സിക്‌സര്‍ അടിച്ചു തുടങ്ങിയെങ്കിലും ബിക്കലിന് മുന്നില്‍ അടിയറവ് പറഞ്ഞതോടെ സ്‌കോര്‍ 87/5. സ്റ്റുവര്‍ട്ടും ഫ്‌ളിന്റോഫും ക്രീസില്‍ നില്‍ക്കുന്ന സമയത്ത് വിശ്രമിക്കാന്‍ വിട്ടപ്പോള്‍ ബിക്കല്‍ 6-0-12-4.

ഹോഗും ലീമാനും സൈമണ്ട്‌സും ഒരറ്റത്ത് സ്പിന്‍ പരീക്ഷിച്ചു .40ാം ഓവറില്‍ ഇരുവരും 40 കളിലെത്തിയപ്പോ ബിക്കല്‍ വീണ്ടുമെത്തി. ഫ്‌ളിന്റോഫിനെ ഗില്ലിയുടെ കൈയിലെത്തിച്ച ബിക്കല്‍ സ്റ്റുവര്‍ട്ടിന്റെ സ്റ്റംപ് തെറിപ്പിച്ചു .തന്റെ അവസാനഓവറിനു മുന്‍പ് ബിച്ചല്‍ 18 റണ്‍സിന് 6 വിക്കറ്റ് വീഴ്ത്തിയിരുന്നു. അവസാന ഓവറിലെ ആദ്യ പന്തില്‍ ആഷ്‌ലി ഗൈല്‍സിനെ ബേവന്റെ കൈയ്യിലെ ത്തിച്ച് സ്പല്‍ പുര്‍ത്തിയാക്കിയപ്പോള്‍ ബിക്കലിന്റെ ബൗളിങ് ഫിഗര്‍ ’10 – 0 -20-7′

അതുവരെ നടന്ന ലോകകപ്പ് മത്സരങ്ങളിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനം . വന്‍ സ്‌കോര്‍ ഉയര്‍ത്തുമെന്ന് കരുതിയ ഇംഗ്ലണ്ട് 205/8 ല്‍ ബാറ്റ് താഴ്ത്തി .വീണ 8 വിക്കറ്റുകളില്‍ 7 ഉം ബിക്കലിന് . ബിക്കലിന്റെ അത്ഭുത പ്രകടനം അവിടെ അവസാനിച്ചില്ല .മറ്റൊരത്ഭുതം പിന്നാലെ സംഭവിച്ചു.

സ്‌കോര്‍ പിന്തുടരാനാരംഭിച്ച ഓസീസ് തുടക്കം വെടിക്കെട്ടോടെയായിരുന്നു. തന്റെ രണ്ടാം ഓവറില്‍ ആന്‍ഡേഴ്‌സണെ ഗില്ലി 3 ഫോറുകളുമായി വരവേറ്റു. എന്നാല്‍ മറ്റേ അറ്റത്ത് ആന്‍ഡ്രൂ കാഡിക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ പിഴുത് ഹെയ്ഡനെയും ഗില്ലിയേയും ഡാമിയന്‍ മാര്‍ട്ടിനെയും പോണ്ടിങ്ങിനെയും പുറത്താക്കിയതോടെ ഒസ്‌ട്രേലിയ 9 മം ഓവറില്‍ 48/4 ലെത്തി . കാഡിക്ക് – 5-2-19-4 .ഇടം കൈയ്യന്‍മാരായ ലേമനും ബേവനും 20 ഓവറില്‍ 63 റണ്‍ കുട്ടിച്ചേര്‍ത്തു. ലേമാന്‍ പുറത്താകുമ്പോള്‍ സ്‌കോര്‍ 30 ഓവറില്‍ 111/5. പൂജ്യത്തിന് പുറത്തായ സൈമണ്ട്‌സിനു പിന്നാലെ ഹോഗ് കൂടി പോയതോടെ 114/7 ലെത്തിയ ആസ്‌ട്രേലിയ തോല്‍വി ഉറപ്പിച്ചു .37.4 മം ഓവറില്‍ എട്ടാമനായി ബ്രെറ്റ് ലീ യും കൂടി പോയതോടെ 135/8 .

ജയിക്കണമെങ്കില്‍ ഇനിയും വേണം 71 റണ്‍സ് .74 പന്തില്‍ .പവലിയനില്‍ മക്ഗ്രാത്ത് മാത്രം ബാക്കി നില്‍ക്കെ പിച്ചിലേക്ക് നടന്നെത്തിയത് ബൗളിങ് ഹീറോ ആന്‍ഡി ബിക്കല്‍ .ഒരറ്റത്ത് ബേവന്‍ സ്വതസിദ്ധമായ ശൈലിയില്‍ ഒട്ടും കുലുങ്ങാതെ, ആരോരുമറിയാതെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു കൊണ്ടേയിരുന്നു .ഒടുവില്‍ അവസാന 3 ഓവറില്‍ ലക്ഷ്യം 17 ലെത്തി .ജൈല്‍സ് എറിഞ്ഞ ഓവറില്‍ കിട്ടിയത് 3 റണ്‍ മാത്രം .

12 പന്തില്‍ വേണ്ടത് 14 .കാഡിക്ക് 9-2-35-4 ,ഫ്‌ളിന്റോഫ് 9-1-2 1-0 നില്‍ക്കെ നായകന്‍ ഹുസൈന്‍ കുറെ ആലോചിച്ച് 49 മം എറിയാന്‍ പന്ത് നല്‍കിയത് 8 -0-54-0 ആയി നിന്ന ആന്‍ഡേഴ്‌സണ് .ആദ്യ പന്തില്‍ ബേവന്‍ സിംഗിള്‍ .ആ ഓവറില്‍ 2 ബൗണ്ടറികള്‍ നേടിയ ബിച്ചല്‍ ലക്ഷ്യത്തെ 9 പന്തില്‍ 3 ലെത്തിച്ചു .അവസാന ഓവറില്‍ ബെവന്‍ ഓണ്‍ സൈഡില്‍ ഫോര്‍ പറത്തിയതോടെ ഓസ്‌ട്രേലിയക്ക് വീണ്ടും ഒരത്ഭുത ജയം .ബേവന്‍ 74 ,ബിക്കല്‍ 34 വിശ്വസിക്കാനാകാതെ ഹുസൈന്‍ നിരാശനായി തല കുനിച്ചു. സ്റ്റുവര്‍ട്ട് താടിക്ക് കൈ വെച്ചിരുന്നു പോയി. പിന്നീടൊരിക്കലും ഇരുവരും ഇംഗ്ലണ്ടിനു വേണ്ടി കളിച്ചില്ല .

ഒരു സിനിമയെന്ന പോലെ തോന്നിച്ച മാച്ചില്‍ ക്ലൈമാക്‌സ് സീനിലിടക്കം 95% ഷോട്ടുകളിലും നിറഞ്ഞ് നിന്നത് ഒരാള്‍ മാത്രം. ഓസ്‌ട്രേലിയക്കു വേണ്ടി 19 ടെസ്റ്റുകള്‍ കളിച്ച , അത്രയും ടെസ്റ്റുകളില്‍ തന്നെ 12 മനാകേണ്ടി വന്ന ദൗര്‍ഭാഗ്യവാനായ ആന്‍ഡി ബിക്കല്‍ മാത്രം .

അതേ ലോകകപ്പില്‍ ബിക്കലിന്റെ മറ്റൊരു തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കൂടി കണ്ടു .സൂപ്പര്‍ സിക്‌സില്‍ ന്യൂസിലണ്ടിനെതിരെ 84/7 എന്ന നിലയില്‍ തകര്‍ന്ന ആസ്‌ട്രേലിയയെ ബേവനൊപ്പം വീണ്ടും കരകയറ്റി മികച്ച സ്‌കോറിലെത്തിച്ച ബിക്കല്‍ നേടിയത് 64 റണ്‍സ് .കരിയറിലെ ഉയര്‍ന്ന സ്‌കോര്‍ .ശ്രീലങ്കക്കെതിരെ 10 ഓവറില്‍ 18 മാത്രം റണ്‍ വഴങ്ങിയ ബിക്കല്‍ ഫൈനലില്‍ രാഹുല്‍ ദ്രാവിഡിന്റെ വിക്കറ്റും വീഴ്ത്തി .ആ ലോകകപ്പില്‍ 16 വിക്കറ്റുകള്‍ വീഴ്ത്തിയ ആന്‍ഡി ബിക്കലിന്റെ ശരാശരി അവിശ്വസനീയ മായ 12.31 ആയിരുന്നു

1997 ല്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ ഓസീസ് പേസര്‍മാരായ മക്ഗ്രാത്ത് ,ബ്രെറ്റ് ലീ ,ഗില്ലസ്പിമാരുടെ നിഴലില്‍ കഴിഞ്ഞ് പന്ത്രണ്ടാമനായി നിന്ന ബിക്കല്‍ ന്റെ നഷ്ടം യഥാര്‍ത്ഥത്തില്‍ ഓസ്‌ട്രേലിയയുടെ നഷ്ടമായിരുന്നു എന്ന് പറയേണ്ടി വരും .

50 വര്‍ഷത്തോളം ക്രിക്കറ്റ് ചരിത്രമുള്ള ഇന്ത്യയ്ക്ക് അവരുടെ ചരിത്രത്തില്‍ അവകാശപ്പെടാന്‍ കഴിയുന്നത് കപില്‍ദേവ് എന്ന ഒരേ ഒരു ഫാസ്റ്റ് ബൗളിങ്ങ് ഓള്‍റൗണ്ടര്‍ ആണ്. ഇന്ത്യയെ പോലെ ഓള്‍ റൗണ്ടര്‍മാര്‍ക്ക് പഞ്ഞമുള്ള രാജ്യങ്ങളില്‍ ജനിച്ചിരുന്നെങ്കില്‍ കുറഞ്ഞത് 70 – 100 ടെസ്റ്റുകളിലും 200-250 ഏകദിനങ്ങളിലും കളിക്കേണ്ടിയിരുന്ന ഒരാള്‍ 19 ടെസ്റ്റുകളിലും 67 ഏകദിനങ്ങളിലും ഒതുങ്ങിയത് തീര്‍ച്ചയായും ക്രിക്കറ്റിന്റെ നഷ്ടമാണ് .

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍