മുംബൈയെ വെള്ളംകുടിപ്പിച്ച് റസല്‍ ഷോ, 12 പന്തില്‍ അഞ്ചും വിക്കറ്റ്

Image 3
CricketIPL

ഒരു കാലത്ത് വെടിക്കെട്ട് ബാറ്റ്‌സ്മാനായി അറിയപ്പെട്ടിരുന്ന വെസ്റ്റിന്‍ഡീസ് താരം ആന്‍ഡ്രോ റസ്സല്‍ ഇത്തവണ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായി രൂപാന്തരം പ്രാപിച്ചപ്പോള്‍ തകര്‍ന്നത് മുംബൈ ഇന്ത്യന്‍സിന്റെ നടു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ ആന്ദ്രേ റസലിന്റെ നേതൃത്വത്തിലുള്ള ബൗളിങ് പട 152 റണ്‍സിന് തളക്കുകയായിരുന്നു.

വെറും രണ്ടോവര്‍ എറിഞ്ഞ റസ്സല്‍ 15 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തുകയായിരുന്നു. ഇതോടെയാണ് മുംബൈയ്ക്ക് തരക്കേടില്ലാത്ത ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ എന്ന ലക്ഷ്യം നടക്കാനാകാതെ പോയത്.

മുംബൈ നിരയില്‍ സൂര്യകുമാര്‍ യാദവും (36 പന്തില്‍ 56) നായകന്‍ രോഹിത് ശര്‍മയും (32 പന്തില്‍ 43) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ഏറെ പ്രതീക്ഷയോടെ ടീമിനൊപ്പം ചേര്‍ന്ന സ്റ്റാര്‍ പ്ലേയര്‍ ക്വിന്റന്‍ ഡികോക് (2) നിലയുറപ്പിക്കും മുന്നേ ക്രീസ് വിട്ടപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് ഓവറില്‍ പത്ത് റണ്‍സ്.

ഹാര്‍ദിക് പാണ്ഡ്യയും ക്രുണാല്‍ പാണ്ഡ്യയും പതിനഞ്ച് റണ്‍സ് വീതമെടുത്ത് പുറത്തായി. ഇഷാന്‍ കിഷന്‍ (1), പൊള്ളാര്‍ഡ് (5), ജന്‍സന്‍ (പൂജ്യം), ചഹാര്‍ (8), ബുംറ (പൂജ്യം) എന്നിവര്‍ വന്നതും പോയതും ഒന്നിച്ചായിരുന്നു. റസലിന് പുറമെ പാറ്റ് കമ്മിന്‍സ് രണ്ട് വിക്കറ്റെടുത്തു. വരുണ്‍ ചക്രവര്‍ത്തിയും സാഖിബ് അല്‍ ഹസനും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് വീതമെടുത്തു.