ഇത് പ്രതികാരത്തിനുള്ള അവസരം,യുണൈറ്റഡുൾപ്പെട്ട ചാമ്പ്യൻസ്‌ലീഗ് ഗ്രൂപ്പിനെപ്പറ്റി പിഎസ്‌ജി താരം ആൻഡർ ഹെരേര

ഇത്തവണ ചാമ്പ്യൻസ്‌ലീഗിൽ പിഎസ്‌ജിക്കു കിട്ടിയത് പ്രതികാരത്തിന്റെ എരിവുള്ള ഗ്രൂപ്പാണെന്നാണ് പിഎസ്‌ജി മധ്യനിരതാരമായ ആൻഡർ ഹെരേരയുടെ അഭിപ്രായം. ഗ്രൂപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പെട്ടതാണ് ഹെരേരയുടെ ഇത്തരത്തിലുള്ള പ്രതികരണത്തിന്റെ കാരണം. ഫ്രഞ്ച് മാധ്യമമായ ടെലിഫൂട്ടിനു നൽകിയ അഭിമുഖത്തിലാണ് ഹെരേര തങ്ങളുടെ ചാമ്പ്യൻസ്‌ലീഗ് ഗ്രൂപ്പിനെപ്പറ്റി മനംതുറന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് 2018-19 സീസണിൽ പിഎസ്‌ജിയെ പുറത്താക്കിയതിന്റെ പ്രതികാരം ഇപ്രാവശ്യം തീർക്കാനാകുമെന്നാണ് ഹെരേരയുടെ പക്ഷം. മാഞ്ചസ്റ്റർ യുണൈറ്റഡ്, ആർബി ലൈപ്സിഗ്, ഇസ്‌താംബുൾ ബസാക്സെഹിർ എന്നിവരടങ്ങുന്ന ഗ്രൂപ്പ്‌ ഒരു മസാല ഗ്രൂപ്പ്‌ ആണെന്നാണ് ഹെരേര അഭിപ്രായപ്പെട്ടത്. ഒപ്പം വളരെ ശക്തമായ ഗ്രൂപ്പ്‌ ആണെന്നും ഹെരേര ചൂണ്ടിക്കാണിച്ചു.

“ഇത് വളരെ ശക്തമായൊരു ഗ്രൂപ്പാണ്. എല്ലാ ഗ്രൂപ്പുകളെക്കാളും എരിവും മസാലയും കൂടുതലുള്ള ഗ്രൂപ്പ്‌. എങ്കിലും ഞങ്ങൾ തയ്യാറാണ്. ഞങ്ങൾക്കറിയാം യുണൈറ്റഡും ലെയ്പ്സിഗും മികച്ച വെല്ലുവിളിയാകുമെന്ന്. ഒപ്പം തുർക്കിയിൽ കളിക്കുകയും അത്ര എളുപ്പമാകില്ലെന്ന്.”

“ഇതൊരു പ്രതികാരത്തിന്റെ വികാരമാണ് നൽകുന്നത്. ഈ ചാമ്പ്യൻസ്‌ലീഗിൽ ഞങ്ങൾക്കു വീണ്ടും പോരാടാൻ കഴിയുമെന്ന് കാണിച്ചുകൊടുക്കേണ്ടതുണ്ട്. പക്ഷെ ഈ ഗ്രൂപ്പിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ വളരെ ശക്തമായതായിരിക്കും. ഒരു മത്സരം പോലും നഷ്ടമായാൽ ഞങ്ങൾ പുറത്തായേക്കാം.” ഹെരേര ടെലിഫൂട്ടിനോട് അഭിപ്രായപ്പെട്ടു.

You Might Also Like