വമ്പൻ തോൽവിയിലും ആത്മവിശ്വാസം കൈവിടാതെ ആൻസലോട്ടി, റയലിൽ തന്നെ തുടരും

കഴിഞ്ഞ സീസണിൽ ലോകഫുട്ബോളിന്റെ നെറുകയിൽ നിന്ന ഇറ്റാലിയൻ പരിശീലകൻ കാർലോ ആൻസലോട്ടിയെ കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റി താഴെയിറക്കിയിരുന്നു. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് ലീഗും ചാമ്പ്യൻസ് ലീഗും നേടിക്കൊടുത്ത് യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ എല്ലാം കിരീടം സ്വന്തമാക്കിയ പരിശീലകനായി മാറിയ ആൻസലോട്ടി മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ അടിപതറുന്നതാണ് കണ്ടത്.

കഴിഞ്ഞ സീസണിൽ രണ്ടു സുപ്രധാന കിരീടങ്ങൾ സ്വന്തമാക്കിയ റയൽ മാഡ്രിഡിന് ഈ സീസണിൽ ആകെ നേടാൻ കഴിഞ്ഞത് കോപ്പ ഡെൽ റേ മാത്രമാണ്. ലീഗ് കിരീടം ബാഴ്‌സലോണയ്ക്ക് മുന്നിൽ അടിയറവ് വെച്ച റയൽ മാഡ്രിഡ് പതിനാലു പോയിന്റ് വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനത്തു നിൽക്കുന്നത്. അതിനു പുറമെയാണ് ചാമ്പ്യൻസ് ലീഗ് സെമിയിൽ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ തോൽവി.

എന്നാൽ ഈ തിരിച്ചടികളും റയൽ മാഡ്രിഡ് തന്നെ പുറത്താക്കുമെന്ന ചിന്തയൊന്നും ആൻസലോട്ടിക്കില്ല. അടുത്ത സീസണിൽ മറ്റൊരു ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി പൊരുതാൻ താൻ ക്ലബിൽ തന്നെ ഉണ്ടാകുമെന്നാണ് ഇന്നലെ നടന്ന മത്സരത്തിന് ശേഷം അദ്ദേഹം പറഞ്ഞത്. ആർക്കും തന്നെക്കുറിച്ച് ആശങ്കകളൊന്നുമില്ലെന്നും പതിനഞ്ചു ദിവസം മുൻപ് പ്രസിഡന്റ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ആൻസലോട്ടി വ്യക്തമാക്കി.

കൂടുതൽ തീവ്രതയോടെയും നിലവാരത്തോടെയും കളിക്കുന്ന ഒരു ടീമിനെതിരെയാണ് റയൽ മാഡ്രിഡ് തോൽവി വഴങ്ങിയതെന്നും ആൻസലോട്ടി പറയുകയുണ്ടായി. കഴിഞ്ഞ വർഷം ഞങ്ങൾക്കായിരുന്നു മുൻതൂക്കമെങ്കിൽ ഈ വർഷം അവർക്കാണ് മുൻതൂക്കമെന്നും പരാജയത്തിൽ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത സീസണെക്കുറിച്ച് ചിന്തിക്കുകയാണ് ഇനി മുന്നിലുള്ളതെന്നും ആൻസലോട്ടി വ്യക്തമാക്കി.

You Might Also Like