റഫറി ബാഴ്‌സലോണക്ക് വേണ്ടി കളിച്ചു? എൽ ക്ലാസിക്കോ തോൽ‌വിയിൽ സംശയങ്ങളുണ്ടെന്ന് റയൽ മാഡ്രിഡ് പരിശീലകൻ

ഓരോ എൽ ക്ലാസിക്കോ മത്സരവും വിവാദങ്ങളുടെ അകമ്പടിയോടെയാണ് മിക്കവാറും അവസാനിക്കാറുള്ളത്. ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരമായതിനാൽ തന്നെ അതിനു കിട്ടുന്ന ശ്രദ്ധയും അതിന്റെ ആവേശവും വലുതായതു കൊണ്ടാണ് ചെറിയ സംഭവങ്ങളുടെ പേരിൽ തന്നെ വിവാദങ്ങൾ ഉണ്ടാകുന്നത്. ഇന്നലെ നടന്ന എൽ ക്ലാസിക്കോ മത്സരവും അതിൽ നിന്നും വിഭിന്നമല്ല.

കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡ് ആദ്യം മുന്നിലെത്തിയെങ്കിലും അതിനു ശേഷം ഇടവേളക്കു തൊട്ടു മുൻപേയും മത്സരം തീരുന്നതിനു മുൻപുള്ള എക്‌സ്ട്രാ ടൈമിലും ഗോളുകൾ നേടി ബാഴ്‌സലോണ വിജയം നേടി. ഇതോടെ സ്‌പാനിഷ്‌ ലീഗിൽ റയൽ മാഡ്രിഡിനെക്കാൾ പന്ത്രണ്ടു പോയിന്റ് മുന്നിലാണ് ബാഴ്‌സലോണ നിൽക്കുന്നത്.

അതേസമയം എൺപത്തിയൊന്നാം മിനുട്ടിൽ മാർകോ അസെൻസിയോ നേടിയ ഗോളിനെ ചൊല്ലിയാണ് വിവാദമുണ്ടാകുന്നത്. അസെൻസിയോ നേടിയ ഗോൾ വീഡിയോ റഫറി ഓഫ്‌സൈഡ് കണ്ടെത്തി നിഷേധിക്കുകയായിരുന്നു. എന്നാൽ ബാഴ്‌സലോണ താരം ഇന്റർഫിയർ ചെയ്‌ത പന്താണ് താരത്തിന് ലഭിച്ചതെന്നതിനാൽ ഗോൾ നിലനിൽക്കുമെന്നാണ് ആരാധകർ വാദിക്കുന്നത്.

മത്സരത്തിന് ശേഷം റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടിയും ഇതേപ്പറ്റി സംശയം പ്രകടിപ്പിച്ചു. മികച്ച പ്രകടനം നടത്തിയ റയൽ മാഡ്രിഡ് ആ ഒരു തീരുമാനത്തിലാണ് തോൽവി വഴങ്ങിയതെന്നും അതിൽ തങ്ങൾക്ക് സംശയങ്ങൾ ഇപ്പോഴുമുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. റയൽ മാഡ്രിഡ് മികച്ച പ്രകടനമാണ് നടത്തിയതെന്നും ഈ സീസണിൽ കിരീടങ്ങൾ നേടാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.

മത്സരത്തിൽ വിജയം നേടിയതോടെ ബാഴ്‌സലോണ ലീഗ് കിരീടം നേടാനുള്ള സാധ്യത വർധിപ്പിച്ചു. ഈ സീസണിലിനി പന്ത്രണ്ടു മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ബാഴ്‌സലോണ പന്ത്രണ്ടു പോയിന്റ് മുന്നിലുള്ളത്. ഇതിനെ മറികടക്കാൻ റയൽ മാഡ്രിഡിന് കഴിയണമെങ്കിൽ നാല് മത്സരങ്ങളിലെങ്കിലും ബാഴ്‌സലോണ തോൽവി വഴങ്ങണം. ഈ സീസണിലിതു വരെ രണ്ടു മത്സരങ്ങളിൽ മാത്രമാണ് റയൽ മാഡ്രിഡ് തോറ്റിരിക്കുന്നത്.

You Might Also Like