“ബെൻസിമ പറഞ്ഞതു ഞാൻ അംഗീകരിക്കുന്നു”- ട്രാൻസ്‌ഫർ അഭ്യൂഹങ്ങളിൽ പ്രതികരിച്ച് കാർലോ ആൻസലോട്ടി

കരിം ബെൻസിമ റയൽ മാഡ്രിഡ് വിടുന്നതിനെക്കുറിച്ചാണ് ഫുട്ബോൾ ലോകം കുറച്ചു ദിവസങ്ങളായി ചർച്ച നടത്തിയിരുന്നത്. സൗദി അറേബ്യയിൽ നിന്നുള്ള വമ്പൻ ഓഫർ സ്വീകരിക്കാൻ താരത്തിന് താൽപര്യമുണ്ടെന്നും റയൽ മാഡ്രിഡ് വിടാനുള്ള തീരുമാനം എടുത്തുവെന്നുമായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

പതിനാലു വർഷമായി റയൽ മാഡ്രിഡിന്റെ മുന്നേറ്റനിരയിലെ സ്ഥാനം മറ്റൊരാൾക്കും നൽകാതെ കളിച്ചു കൊണ്ടിരുന്ന ബെൻസിമ ക്ലബ് വിടുകയാണെന്ന വാർത്ത ആരാധകരെ ആശങ്കപ്പെടുത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് പ്രതികരിച്ചപ്പോൾ അതെല്ലാം ഇന്റർനെറ്റിൽ മാത്രം വരുന്ന കാര്യങ്ങളാണെന്നും സത്യമല്ലെന്നുമാണ് കരിം ബെൻസിമ പ്രതികരിച്ചത്.

താരം റയൽ മാഡ്രിഡ് വിടില്ലെന്നാണ് കഴിഞ്ഞ ദിവസം പരിശീലകൻ കാർലോ ആൻസലോട്ടിയും പറഞ്ഞത്. “ബെൻസിമ പറഞ്ഞത് ഞാൻ അംഗീകരിക്കുന്നു. ഇന്റർനെറ്റ് യാഥാർഥ്യമല്ല. ബെൻസീമക്ക് റയൽ മാഡ്രിഡുമായി ഒരു വർഷത്തെ കരാർ ബാക്കിയുണ്ട്. 2024 വരെ കരാറുള്ള താരത്തെക്കുറിച്ച് ഞങ്ങൾക്ക് സംശയങ്ങളില്ല.” ആൻസലോട്ടി പറഞ്ഞു.

താരം ക്ലബ് വിടാനുള്ള സാധ്യതയുണ്ടെന്ന് തോന്നിയതിനാൽ റയൽ മാഡ്രിഡ് പകരക്കാരെ കണ്ടെത്താനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു. എന്നാൽ ബെൻസിമ ക്ലബിൽ തുടരുന്നതോടെ വമ്പൻ തുക മുടക്കി റയൽ മാഡ്രിഡ് സമ്മറിൽ സ്‌ട്രൈക്കറെ സ്വന്തമാക്കാൻ സാധ്യതയില്ല. അടുത്ത സമ്മറിൽ എംബാപ്പയെ സ്വന്തമാക്കാനാവും അവർ ശ്രമം നടത്തുക.

You Might Also Like