ആ ട്രാൻസ്ഫർ എന്റെ ഹൃദയം തകർത്തു, തിയാഗോ ട്രാൻസ്ഫറിനെക്കുറിച്ച് ആഞ്ചെലോട്ടി

ലിവർപൂളിലേക്കു സ്പാനിഷ് സൂപ്പർതാരം തിയാഗോ അൽകന്റാര ചേക്കേറിയത്  തന്റെ ഹൃദയം തകർത്തുവെന്നാണ് എവർട്ടൺ പരിശീലകനായ കാർലോ ആഞ്ചെലോട്ടിയുടെ വെളിപ്പെടുത്തൽ . അയർലൻഡ് മാധ്യമമായ ദി എക്കോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആഞ്ചെലോട്ടി തിയാഗോ ട്രാൻസ്ഫറിനെ പറ്റി മനം തുറന്നത്. ബയേൺ മ്യൂണിക്കിൽ നിന്നും 20 മില്യൺ യൂറോക്കാണ് ലിവർപൂൾ തിയാഗോയെ സ്വന്തം തട്ടകത്തിലെത്തിച്ചത്.

2016-17 സീസണിൽ ബയേൺ പരിശീലകനായിരുന്ന സമയത്ത് ആഞ്ചെലോട്ടിക്ക്  തിയാഗോയെ പരിശീലിപ്പിക്കാൻ അവസരം ലഭിച്ചിരുന്നു. താൻ പരിശീലിപ്പിച്ചതിൽ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് തിയാഗോയെന്നാണ് കാർലോ ആഞ്ചെലോട്ടിയുടെ അഭിപ്രായം. കൂടാതെ തെറ്റായ ടീമിനെയാണ് തിരഞ്ഞെടുത്തതെന്നും തമാശരൂപേണ പറഞ്ഞു. ലിവർപൂളുമായി ദീർഘകാലകരാറിലാണ് തിയാഗോ ഒപ്പുവെച്ചിരിക്കുന്നത്.

“എന്റെ ഹൃദയം നുറുങ്ങി, എന്റെ ഹൃദയം തകർത്തു” ആഞ്ചെലോട്ടി ദി എക്കോയോട് പറഞ്ഞു. “തിയാഗോ ഒരു  സുഹൃത്താണ്, തിയാഗോ ഒരു വിശേഷപ്പെട്ട താരമാണ്, എനിക്ക് കരിയറിൽ ഒരുപാടു മികവുറ്റ കളിക്കാരെ പരിശീലിപ്പിക്കാനാവസരമുണ്ടായിട്ടുണ്ട്. തിയാഗോ അവരിലൊരാളാണ്. ഈ ട്രാൻസ്ഫറിലെ ഒരു നല്ലകാര്യമെന്തെന്നു വെച്ചാൽ അയൽക്കാരനായിട്ടാണ്  തിയാഗോ എത്തിയിരിക്കുന്നതെന്നാണ്.”

“എനിക്ക് തോന്നുന്നത് അവൻ തെറ്റായ ടീമിനെയാണ് തിരഞ്ഞെടുത്തതെന്നാണ്. അവനു ചുവപ്പിന് പകരം നീല ടീമിനെ തിരഞ്ഞെടുക്കമായിരുന്നു, ഞാൻ തമാശ പറഞ്ഞതാണ്. അവൻ ഒരു മികച്ചതാരമാണ് കൂടാതെ എന്റെ സുഹൃത്തായ ക്ളോപ്പിന് അവന്റെ വരവ്  സന്തോഷമേകിയേക്കും.” ആഞ്ചെലോട്ടി അഭിപ്രായപ്പെട്ടു. വോൾവ്‌സിൽ നിന്നും ജോട്ടയെക്കൂടി ലിവർപൂൾ വാങ്ങാൻ സ്വന്തമാക്കിയിട്ടുണ്ട്

You Might Also Like