ജെയിംസിൽ നിർത്തുന്നില്ല, ബാഴ്സതാരത്തിനായി ആഞ്ചെലോട്ടി ശ്രമമാരംഭിച്ചു

ഇത്തവണത്തെ ട്രാൻസ്ഫർ ജാലകത്തിൽ തന്റെ ഏറ്റവും പ്രിയശിഷ്യനായ ജെയിംസ് റോഡ്രിഗസിനെ റയൽ മാഡ്രിഡിൽ നിന്നും അതിന് മുമ്പ് നാപോളിയുടെ ബ്രസീലിയൻ മിഡ്‌ഫീൽഡർ അലനെയും ആഞ്ചലോട്ടി സ്വന്തം തട്ടകത്തിൽ എത്തിച്ചിരുന്നു. ആഞ്ചലോട്ടി മുമ്പ് പരിശീലിപ്പിച്ചിരുന്ന ക്ലബുകളിൽ നിന്നു തന്നെയാണ് ഈ രണ്ട് താരങ്ങളെയും സ്വന്തമാക്കിയതെന്നതാണ് രസകരമായ വസ്തുത.

എന്നാലിപ്പോൾ ബാഴ്സ താരത്തെ ലക്ഷ്യം വെച്ചിരിക്കുകയാണ് കാർലോ ആഞ്ചെലോട്ടി. ബാഴ്സയുടെ യുവപ്രതിരോധതാരം ജീൻ ക്ലെയർ ടോഡിബോയെയാണ് എവർട്ടൺ നോട്ടമിട്ടിരിക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ ലിവർപൂൾ എക്കോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഇരുപതുകാരനായ താരത്തെ ട്രാൻസ്ഫർ ജാലകം അടക്കും മുൻപ് തന്നെ ടീമിൽ എത്തിക്കാനാണ് എവർട്ടണിന്റെ നീക്കം. കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ച താരമാണ് ടോഡിബോ. ബാഴ്‌സയിലേക്ക് മടങ്ങിയെത്തിയ താരത്തെ നിലനിർത്താൻ ബാഴ്സക്ക് ഉദ്ദേശമില്ല.

കഴിഞ്ഞ സീസണിൽ ലോണിൽ ഷാൽക്കെക്കുവേണ്ടിയാണു താരം ബൂട്ടുകെട്ടിയത്. ഷാൽക്കെയിൽ അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും പിന്നീട് പരിക്കുകൾ തിരിച്ചടിയാവുകയായിരുന്നു. ഈ സീസണിൽ ബാഴ്‌സയിലേക്ക് മടങ്ങിയെത്തിയ താരം കോവിഡിൽ നിന്നും മുക്തനായി ബാഴ്സക്കൊപ്പം പരിശീലനം പുനര്രംഭിച്ചിരുന്നു.25 മില്യൺ യൂറോക്ക് താരത്തെ സ്വന്തമാക്കാൻ ഷാൽക്കെക്ക് അവസരമുണ്ടായിരുന്നെങ്കിലും പിന്മാറുകയായിരുന്നു.

ബാഴ്സക്ക് പതിനെട്ടു മില്യൺ യുറോയുടെ ഓഫറുമായി താരത്തിനായി മറ്റൊരു പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാമും രംഗത്തെത്തിയിരുന്നു. കൂടാതെ ഇറ്റാലിയൻ വമ്പൻമാരായ നാപോളിക്കും താരത്തെ നോട്ടമിട്ടിരുന്നു. പോർച്ചുഗൽ ക്ലബായ ബെൻഫിക്കയും താരത്തിന്റെ ഒപ്പിനായി മത്സരത്തിനുണ്ട്. എന്നിരുന്നാലും നിലവിൽ എവർട്ടൺ തന്നെയാണ് താരത്തിനായി മുന്നിൽ നിൽക്കുന്നത്.

You Might Also Like