ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റിനെതിരെ ആഞ്ഞടിച്ച് വീണ്ടും അനസ്

ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും ഇന്ത്യന്‍ താരം അനസ് എടത്തൊടിക. സുപ്രഭാതം ദിനപത്രത്തിന്റെ ഞായര്‍ പതിപ്പായ ഞായര്‍ പ്രഭാതത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അനസ് ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ക്ലബ്ബ് മാനേജ്മെന്റിന്റെ അണ്‍പ്രഫഷണല്‍ രീതിയില്‍ മനം മടുത്താണ് കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടതെന്നാണ് അനസ് പറയുന്നു. ‘ജംഷഡ്പുര്‍ എഫ്.സിയില്‍ നിന്ന് മൂന്ന് വര്‍ഷത്തെ കരാര്‍ നല്‍കിയാണ് എന്നെ ബ്ലാസ്റ്റേഴ്സിലേക്ക് വിളിക്കുന്നത്. എന്നെ ടീമിലെത്തിക്കുന്നത് കൊണ്ട് ടീമിന് വ്യക്തമായ പ്ലാനുണ്ടെന്നായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സ് അധികൃതര്‍ എന്നെ അറിയിച്ചത്. എന്നാല്‍ പിന്നീട് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പെട്ടെന്ന് തീരുമാനം മാറ്റി. സീസണിന്റെ പകുതി ആയപ്പോഴേക്കും എന്നോട് ക്ലബ് വിടാന്‍ ആവശ്യപ്പെട്ടു’ അനസ് പറഞ്ഞു.

ഗോകുലം കേരളാ എഫ്.സിയിലേക്കോ മോഹന്‍ ബഗാനിലേക്കോ ലോണില്‍ അയക്കുമെന്ന് വരെ മാനേജുമെന്റ് അനസിനോട് പറഞ്ഞുവത്രെ. ‘ചിലരെല്ലാം വിശ്വസിക്കുന്നത് ഞാന്‍ എന്റെ ഇഷ്ടപ്രകാരം ക്ലബ് വിട്ടതാണെന്നാണ്. എന്നാല്‍ മാനേജ്മെന്റിന്റെ അണ്‍പ്രഫഷണല്‍ രീതിയില്‍ മനം മടുത്താണ് ഞാന്‍ ക്ലബ് വിട്ടത്’ അനസ് തുറന്ന് പറഞ്ഞു.

കഴിഞ്ഞ ദിവസവും കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റിനെതിരെ അനസ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ബ്ലാസ്റ്റേഴ്സ് തന്നെ പുറത്താക്കുകയായിരുന്നെന്നാണ് അനസ് വെളിപ്പെടുത്തിയത്. ഒരു ഓണ്‍ലൈന്‍ തത്സമയ സംഭാഷണത്തിനിടെയാണ് അനസ് ആരാധകരോട് ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തിയത്.

2018ലാണ് അനസ് കേരള ബ്ലാസ്റ്റേഴ്‌സിനായി കളിച്ചത്. പരിക്ക് വലച്ച താരം എട്ട് മത്സരം മാത്രമാണ് അന്ന് ബ്ലാസ്റ്റേഴ്‌സിനായി കളിച്ചത്. പിന്നാട് അടുത്ത സീസണില്‍ എടികെയിലേക്ക് താരം പോകുകയായിരുന്നു. എന്നാല്‍ അവിടേയും താരത്തെ വിടാതെ പരിക്ക് പിന്തുടരുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങള്‍ മാത്രമാണ് എടികെയിലും അനസിന് കളിക്കാനായത്. എന്നാല്‍ നിലവില്‍ അനസ് പൂര്‍ണ്ണ ഫിറ്റാണ്.

നേരത്തെ ഇന്ത്യന്‍ ടീമില്‍ നിന്നും വിരമിച്ച അനസിനെ പുതിയ ക്രെയേഷ്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാച്ച് തിരിച്ച് വിളിച്ചിരുന്നു. ഇന്ത്യയ്ക്കായി ഇതിനോടകം 21 മത്സരവും അനസ് കളിച്ചിട്ടുണ്ട്.

You Might Also Like