‘നീ പൊയ്‌ക്കോ, നിന്നെ ആവശ്യമില്ല’ ബ്ലാസ്‌റ്റേഴ്‌സ് ആട്ടി പുറത്താക്കുകയായിരുന്നെന്ന് അനസ്

കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ബ്ലാസ്റ്റേഴ്‌സ് താരവും ഇന്ത്യന്‍ ഇന്റനാഷണലുമായ അനസ് എടത്തൊടിക. ബ്ലാസ്റ്റേഴ്‌സ് തന്നെ പുറത്താക്കുകയായിരുന്നെന്നാണ് അനസ് വെളിപ്പെടുത്തിയത്. ഒരു ഓണ്‍ലൈന്‍ തത്സമയ സംഭാഷണത്തിനിടെയാണ് അനസ് ആരാധകരോട് ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തിയത്.
‘ബ്ലാസ്റ്റേഴ്‌സുമായി കോണ്‍ട്രാക്റ്റ് ഉണ്ടായിരുന്നു എനിക്ക്. എന്നോട് പോകാന്‍ പറഞ്ഞതാണ് അവര്‍. നീ പൊയ്‌ക്കോ നിന്നെ ഞങ്ങള്‍ക്ക് ആവശ്യമില്ലായെന്ന് അവര് പറഞ്ഞു. അങ്ങനെ പോയതാണ്. അല്ലാതെ ഞാന്‍ വിട്ടുപോയിട്ടൊന്നും ഇല്ല. ഞാന്‍ കളിക്കുന്ന ക്ലബ് വിട്ട് പോകാന്‍ എനിക്ക് ഒരിക്കലും ആഗ്രഹമില്ല’ അനസ് തുറന്ന് പറയുന്നു.
അനസിനെ കൂടാതെ മറ്റൊരു മലയാളി താരം റിനോ ആന്റോയും ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റിനെതിരെ സമാനമായ ആരോപണം നേരത്തേയും ഉയര്‍ത്തിയിരുന്നു. പരിക്കേറ്റ സമയത്ത് ബ്ലാസ്റ്റേഴ്‌സ് കൂടെ നിന്നില്ലെന്നും ക്ലബ് വിട്ട് പോകാന്‍ ആവശ്യപ്പെട്ടെന്നുമാണ് റിനോയും ആരോപിച്ചത്. തുടര്‍ന്ന് റിനോ ബംഗളൂരുവിലേക്ക് ചേക്കേറിയിരുന്നു.
2018ലാണ് അനസ് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. പരിക്ക് വലച്ച താരം എട്ട് മത്സരം മാത്രമാണ് അന്ന് ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. പിന്നാട് അടുത്ത സീസണില്‍ എടികെയിലേക്ക് താരം പോകുകയായിരുന്നു. എന്നാല്‍ അവിടേയും താരത്തെ വിടാതെ പരിക്ക് പിന്തുടരുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങള്‍ മാത്രമാണ് എടികെയിലും അനസിന് കളിക്കാനായത്. എന്നാല്‍ നിലവില്‍ അനസ് പൂര്‍ണ്ണ ഫിറ്റാണ്.
നേരത്തെ ഇന്ത്യന്‍ ടീമില്‍ നിന്നും വിരമിച്ച അനസിനെ പുതിയ ക്രെയേഷ്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാച്ച് തിരിച്ച് വിളിച്ചിരുന്നു. ഇന്ത്യയ്ക്കായി ഇതിനോടകം 21 മത്സരവും അനസ് കളിച്ചിട്ടുണ്ട്.