ടീമില്‍ നേരിട്ടത് അവഹേളനം, ഇങ്ങനെയൊരു ഗതി ആര്‍ക്കുമുണ്ടാകരുത്, തുറന്നടിച്ച് ഇന്ത്യന്‍ താരം
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തനിയ്ക്ക് നേരിട്ട അവഗണയും സെലക്ടര്‍മാര്‍ പുലര്‍ത്തിയ അനീതിയും തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം അമിത് മിശ്ര. താന്‍ പലപ്പോഴും എന്തുകൊണ്ടാണ് ഈ അവഗണന എന്ന് ആലോചിക്കാറുണ്ടെന്നും എന്നാല്‍ തനിയ്ക്ക് ഇക്കാര്യത്തില്‍ ആരും ഉത്തരം തരാറില്ലെന്നും മിശ്ര തുറന്ന് പറയുന്നു.
2017 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയ്ക്കിടെയാണ് പരിക്കേറ്റ താരം പുറത്ത് പോയത്. പിന്നീട് മിശ്രയെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ച് വിളിച്ചിരുന്നില്ല.
പണ്ട് ടീമിലൊരു നിയമമുണ്ടായിരുന്നു, ആരെങ്കിലും പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്ത് പോയാല്‍ അയാള്‍ക്ക് ടീമിലേക്ക് തിരികെ സ്ഥാനം നല്‍കുമന്ന്, എന്നാല്‍ തന്റെ കാര്യത്തില്‍ അതുണ്ടായില്ലെന്നും അമിത് മിശ്ര പറഞ്ഞു. വൃദ്ധിമന്‍ സാഹ ഒന്നര വര്‍ഷത്തെ പരിക്കിന് ശേഷം ടീമിലേക്ക് തിരികെ എത്തിയതാണ് മിശ്ര സൂചിപ്പിക്കുന്നത്.
താന്‍ ഫോമിലായിരുന്നപ്പോളും തനിയ്ക്ക് ഇന്ത്യന്‍ ടീമില്‍ അവഗണനയാണ് നേരിട്ടതെന്നും മിശ്ര തുറന്ന് പറയുന്നു. എന്തെങ്കിലും ആവശ്യത്തിന് ആരെയങ്കിലും പുറത്തിരുത്തണമെങ്കില്‍ അതിനായി ഇന്ത്യന്‍ ടീമില്‍ തന്നെയാണ് സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കാറെന്ന് മിശ്ര പറയുന്നു. ടീമില്‍ നിന്നും പുറത്താക്കിയിതിന് പിന്നാലെ ടീം മാനേജ്മെന്റില്‍ നിന്നോ സെലക്ടര്‍മാരില്‍ നിന്നോ തനിക്ക് യാതൊരു വിധ അറിയിപ്പും ലഭിച്ചില്ലെന്നും എന്തെല്ലാം കാര്യങ്ങളാണ് ടീമിലേക്ക് തിരികെ എത്തുവാന്‍ വേണ്ടി ചെയ്യേണ്ടതെന്നതിനെ കുറിച്ചും ഒന്നും പറഞ്ഞില്ലെന്നും താരം പറഞ്ഞു.
എംഎസ് ധോണിയ്ക്ക് സൗരവ് ഗാംഗുലി കൊടുത്ത പിന്തുണ തനിക്ക് ആരെങ്കിലും നല്‍കിയിരുന്നവങ്കില്‍ താന്‍ 70-80 ടെസ്റ്റുകളെങ്കിലും ഇപ്പോള്‍ കളിച്ചിരുന്നേക്കാം എന്നും മിശ്ര അഭിപ്രായപ്പെട്ടു. ടി20 ഫോര്‍മാറ്റില്‍ ഒരുവട്ടം കൂടി തനിക്ക് ഇന്ത്യയെ പ്രതിനിധീകരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അമിത് മിശ്ര പറഞ്ഞു.