മുഹമ്മദ് ആമിറിനെതിരെ ഗുരുതര ആരോപണവുമായി പാക് താരം

Image 3
CricketCricket News

പാകിസ്ഥാന്‍ ഉപേക്ഷിച്ച് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ മുന്‍ പാക് താരം മുഹമ്മദ് ആമിറിനെതിരെ രൂക്ഷവിമര്‍ശവുമായി മറ്റൊരു പാക് താരം ഡാനിഷ് കനേരിയ. ദേശീയ ടീമില്‍ തിരിച്ചുവരവിനായി ആമിര്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് കനേരിയ പറഞ്ഞു. ആമിര്‍ ബ്രിട്ടീഷ് പൗരത്വത്തിനുള്ള ശ്രമം ആരംഭിച്ച വിവരം അടുത്തിടെ പുറത്തുവന്നിരുന്നു.

‘ഓരോരുത്തര്‍ക്കും അവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്രമുണ്ട്. എന്നാല്‍ തന്റെ പ്രസ്താവനകളിലൂടെ മറ്റുള്ളവരെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ അദ്ദേഹം ശ്രമിക്കുകയാണെന്ന് എനിക്ക് തോന്നുന്നു. ഇംഗ്ലണ്ടിലേക്ക് മാറി പൗരത്വം നേടുന്നതിനെക്കുറിച്ചും ഐ.പി.എല്‍ കളിക്കുന്നതിനെക്കുറിച്ചും അദ്ദേഹം നടത്തിയ അഭിപ്രായങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഹെഡ്‌സ്പേസ് മനസ്സിലാക്കാന്‍ കഴിയും.’

‘ഒത്തുകളിക്ക് ശേഷം ആമിറിനെ തിരികെ കൊണ്ടുവരാന്‍ പാകിസ്ഥാന്‍ ശരിക്കും ദയ കാണിച്ചുവെന്ന് മനസ്സിലാക്കണം. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി അദ്ദേഹത്തിന്റെ പ്രകടനം തീര്‍ത്തും പൂജ്യമായിരുന്നു. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ അദ്ദേഹം മികച്ച രീതിയില്‍ പന്തെറിഞ്ഞുവെന്നത് സമ്മതിക്കുന്നു. എന്നാല്‍ അതിനുശേഷം ആമിറിന്റെ പ്രകടനം മോശമായിരുന്നു’ കനേരിയ പറഞ്ഞു.

വിരമിക്കലിന് ശേഷം പാകിസ്ഥാന്‍ വിട്ട ആമിര്‍ കുടുംബത്തോടൊപ്പം യുകെയിലാണ് ഇപ്പോള്‍ താമസം. ഇവിടത്തെ പൗരത്വത്തിനായി ആമിര്‍ നീക്കങ്ങള്‍ തുടങ്ങിയതായാണ് വിവരം. ഇതിലൂടെ ഐ.പി.എല്ലിലേക്കും എത്താനാകുമെന്നാണ് ആമിറിന്റെ പ്രതീക്ഷ.