മത്സരം തോറ്റതിന്റെ നിരാശയോ? നെയ്മറിന്റെ വംശീയാധിക്ഷേപാരോപണത്തിനെതിരെ തുറന്നടിച്ചു അൽവാരോ ഗോൺസാലസ്

Image 3
FeaturedFootballLeague 1

കോവിഡ് മുക്തനായശേഷം നെയ്മർ ജൂനിയർ കളിച്ച ഫ്രഞ്ച് ലീഗിലെ രണ്ടാം മത്സരവും പിഎസ്‌ജിക്ക് തോൽവിയേറ്റു വാങ്ങേണ്ടി വന്നിരിക്കുകയാണ്. ചിരവൈരികളായ മാഴ്സെയോടാണ് ഒരു ഗോളിന് തോൽവി രുചിച്ചത്. എന്നാൽ തോൽവിയേക്കാൾ മുന്നിട്ടു നിന്നത് മറ്റൊരു വിവാദപരമായ സംഭവമായിരുന്നു. മത്സരം അവസാനത്തോടടുക്കെ പിഎസ്‌ജി മാഴ്സെ താരങ്ങൾ തമ്മിലടിക്കുകയായിരുന്നു.

അഞ്ചു റെഡ് കാർഡുകളും 14 മഞ്ഞക്കാർഡുകളും കാണിച്ചാണ് റഫറിക്ക് കളം വിടേണ്ടി വന്നത്. ഈ സംഭവത്തോടൊപ്പം നെയ്മർ വംശീയാധിക്ഷേപാരോപണവുമായി രംഗത്തെത്തിയതാണ് വൻ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. മാഴ്സെ താരം അൽവാരോ തന്നെ കുരങ്ങനെന്നു വിളിചച്ചെന്നാണ് നെയ്മറിന്റെ ആരോപണം. കൂടാതെ അങ്ങനെ വിളിച്ചതിനു ഒരിടി കൂടി കൂടുതൽ കൊടുക്കാൻ സാധിക്കാത്തതിലാണ് തനിക്കു വിഷമമെന്നും നെയ്മർ ട്വിറ്ററിൽ കുറിച്ചു.

എന്നാൽ ഇതിനെതിരെ തുറന്നടിച്ചു അൽവാരോ ഗോൺസാലസിപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിൽ അദ്ദേഹം ഇങ്ങനെ കുറിക്കുകയായിരുന്നു. ” വംശീയതക്ക് ഇവിടെ ഒരു സ്ഥാനവുമില്ല, ദിവസവും ഞാനെന്റെ സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും  വംശീയതക്കിടം നൽകാതെയാണ് പെരുമാറുന്നത്. ചില സമയങ്ങളിൽ തോൽവിയെ അംഗീകരിക്കാൻ പഠിക്കണം.”

“കൂടാതെ അത് കളത്തിൽ തന്നെ വിട്ടു പോരുന്നതിനും ശ്രമിക്കണം. ഇന്നത്തേത് അവിശ്വനീയമായ മൂന്നു പോയിന്റുകളാണ്. മാഴ്സെ മുന്നോട്ട്, കുടുംബത്തിനു നന്ദി”
ട്വിറ്ററിൽ തന്റെ ട്വീറ്റിൽ മാഴ്സെ താരങ്ങളോടൊപ്പം നിൽക്കുന്ന ചിത്രമാണ് ഗോൺസാലസ് ചേർത്തിരിക്കുന്നത്. താനൊരിക്കലും വംശീയമായി പെരുമാറില്ലെന്നു തന്നെയാണ് ഗോൺസാലസ് ഇതിലൂടെ വിശദീകരിക്കുന്നത്.എന്തായാലും ഫ്രഞ്ച് ലീഗ് അധികൃതർ ഈ വിഷയത്തിൽ അന്വേഷണം  പ്രഖ്യാപിച്ചിരിക്കുകയാണ്.