മെസിയോട് ജേഴ്‌സി ചോദിച്ചു! കിട്ടിയില്ല, വെളിപ്പെടുത്തലുമായി ബയേൺ താരം

Image 3
Champions LeagueFeaturedFootball

അൽഫോൺസോ ഡേവീസ് മെസ്സിയുടെ കടുത്ത ആരാധകനാണെന്നുള്ളത് ബയേൺ-ബാഴ്സ മത്സരത്തിന് മുമ്പേ തന്നെ താരം വ്യക്തമാക്കിയിരുന്നു. കുട്ടിക്കാലം മുതൽക്കേ കണ്ടുവളർന്ന താരത്തെ നേരിടാൻ പോവുന്നത് വിശ്വസിക്കാൻ കൂടി കഴിയാത്ത കാര്യമാണ് എന്നാണ് മത്സരത്തിന് മുൻപ് ഡേവീസ് വെളിപ്പെടുത്തിയത്.

എന്നാൽ മത്സരത്തിന് ശേഷം നടന്ന മറ്റൊരു നിമിഷത്തെക്കുറിച്ചു കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് കനേഡിയനായ അൽഫോൺസോ ഡേവീസ്. മത്സരശേഷം മെസ്സിയുമായി ജേഴ്സി കൈമാറാൻ ഞാൻ അദ്ദേഹത്തെ സമീപിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തതായാണ് ഇപ്പോൾ ഡേവിസിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം ലിയോണിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തതിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ഡേവിസ് ഇക്കാര്യം പറഞ്ഞത്.

മെസ്സി അസ്വസ്ഥനായിരുന്നുവെന്നും അദ്ദേഹം തന്റെ ആവിശ്യം നിരാകരിച്ചു എന്നുമാണ് ഡേവിസ് പറഞ്ഞത്. മത്സരത്തിൽ 8-2 ന്റെ ദയനീയ തോൽവി ബാഴ്സ ഏറ്റുവാങ്ങിയിരുന്നു. ആ ഒരു അവസരത്തിൽ മെസ്സി ജേഴ്‌സി കൈമാറാനുള്ള മാനസികാവസ്ഥയിൽ അല്ലായിരിക്കാം എന്നാണ് മാധ്യമങ്ങളുടെ പക്ഷം.

അതേസമയം അടുത്ത തവണ മെസ്സിയുടെ ജേഴ്സി തനിക്ക് ലഭിക്കുമെന്നും അൽഫോൺസോ ഡേവിസ് പ്രത്യാശ പ്രകടിപ്പിച്ചു. “ഞാൻ മെസ്സിയുടെ ഷർട്ട്‌ ആവിശ്യപ്പെട്ടിരുന്നു. പക്ഷെ എനിക്ക് തോന്നുന്നത് അദ്ദേഹം ആ സമയത്ത് അസ്വസ്ഥനായിരുന്നു എന്നാണ്. എന്തായാലും അടുത്ത തവണ ചിലപ്പോൾ നടക്കുമെന്ന് പ്രതീക്ഷിക്കാം ” ഇതായിരുന്നു മത്സരശേഷം മെസ്സിയുമായുള്ള ഡേവിസിന്റെ അനുഭവം.