ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍ ഞെട്ടിക്കുന്നു, അവിശ്വസനീയ കുതിപ്പുമായി ആലപ്പുഴ റിപ്പിള്‍സ്
കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പുഴ റിപ്പിള്‍സ് തങ്ങളുടെ വിജയക്കുതിപ്പ് തുടരുന്നു. അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെ 33 റണ്‍സിന് പരാജയപ്പെടുത്തി റിപ്പിള്‍സ് രണ്ടാം ജയം സ്വന്തമാക്കി. ടോസ് നേടിയ ട്രിവാന്‍ഡ്രം റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.
ആലപ്പുഴ റിപ്പിള്‍സിനായി ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീനും കൃഷ്ണപ്രസാദും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ മികച്ച തുടക്കം നല്‍കി. എന്നാല്‍ സ്‌കോര്‍ 51-ല്‍ എത്തിയപ്പോള്‍ അസ്ഹറുദീന്‍ (28) പുറത്തായി.
തുടര്‍ന്ന് റിപ്പിള്‍സിന്റെ റണ്‍ നിരക്ക് കുറഞ്ഞു. നീല്‍ സണ്ണിയും അക്ഷയ് ചന്ദ്രനും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിച്ചു. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെന്ന നിലയില്‍ റിപ്പിള്‍സ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ട്രിവാന്‍ഡ്രത്തിനായി അഖിന്‍ സത്താറും എം.യു ഹരികൃഷ്ണനും രണ്ട് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാന്‍ഡ്രത്തിന് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ വിഷ്ണുരാജിനെ നഷ്ടമായി. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കുന്നതിന് മുന്‍പ് രോഹന്‍ പ്രേമും പുറത്തായി. തുടര്‍ച്ചയായ വിക്കറ്റ് നഷ്ടങ്ങള്‍ക്കിടയില്‍ എം.എസ് അഖിലും ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിദും ചേര്‍ന്ന് ടീമിന് ആശ്വാസം പകര്‍ന്നു. ഇരുവരും ചേര്‍ന്ന് സ്‌കോറിംഗ് വേഗം വര്‍ധിപ്പിച്ചു.
എന്നാല്‍ സ്‌കോര്‍ 89-ല്‍ എത്തിയപ്പോള്‍ അബ്ദുള്‍ ബാസിദ് (31 പന്തില്‍ 45) പുറത്തായി. തൊട്ടുപിന്നാലെ എം.എസ്. അഖിലും (36 പന്തില്‍ 38) മടങ്ങിയതോടെ ട്രിവാന്‍ഡ്രത്തിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. ഒടുവില്‍ 18.1 ഓവറില്‍ 112 റണ്‍സിന് ട്രിവാന്‍ഡ്രം ഓള്‍ ഔട്ടായി. ആലപ്പുഴയ്ക്കായി അഖില്‍ ജോസഫും ഫായിസല്‍ ഫാനൂസും നാല് വിക്കറ്റ് വീതം വീഴ്ത്തി. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഫായിസല്‍ ഫാനൂസിന് ലഭിച്ചു.