വിജയലക്ഷ്യം 261 റണ്‍സ് പിന്തുടര്‍ന്നു, 10 പേരും പൂജ്യരായി മടങ്ങി, നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി ഇംഗ്ലണ്ട് ടീം

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണംകെട്ട തോല്‍വിയ്ക്ക് ഇരയായിരിക്കുകയാണ് ഇംഗ്ലീഷ് കൗണ്ടി ക്ലബായ ബക്ക്ഡണ്‍ ക്രിക്കറ്റ് ടീം. പ്രഫഷണല്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണംകെട്ട തോല്‍വിയാണ് ബക്ക്ഡണ്‍ വിധേയമായത്.
ഫാല്‍ക്കണ്‍ ഇലവനെതിരെ 261 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റ് ചെയ്തപ്പോഴാണ് അവര്‍ക്ക് ഈ ഗതി വന്നത്. ടീമിലെ 10 താരങ്ങളും പൂജ്യരായി മടങ്ങുകയായിരുന്നു. എക്ട്രാസിലൂടെ ലഭിച്ച രണ്ട് റണ്‍സായിരുന്നു ആകെ സമ്പാദ്യം. ഇതോടെ 258 റണ്‍സിന്റെ വലിയ തോല്‍വിയ്ക്ക് ബക്കഡണ്‍ ഇരയായി.
ടോസ് നേടിയ ബക്ക്ഡണ്‍ ക്രിക്കറ്റ് ക്ലബ് ആദ്യം ഫാല്‍ക്കണ്‍ ഇലവനെ ബാറ്റ് ചെയ്യാന്‍ വിട്ടു. 40 ഓവറില്‍ ഫഹീം സാബിര്‍ ഭട്ടി (65) മുരാദ് അലി (67 ) എന്നിവരുടെ ബലത്തില്‍ 261 റണ്‍സ് എന്ന വിജയ ലക്ഷ്യം ബക്ക്ഡണ്‍ ക്രിക്കറ്റ് ക്ലബിന് മുന്നില്‍ വച്ചു.
പിന്നെ ക്രേംബ്രിഡ്ജിലെ സ്വാട്രി ഗ്രൗണ്ടില്‍ കണ്ടത് ഒരു ദുരന്ത നാടകമായിരുന്നു. 8.3 ഓവര്‍ ബക്ക്ഡണ്‍ ക്രിക്കറ്റ് ക്ലബ് ബാറ്റ് ചെയ്തു. എന്നാല്‍ ബാറ്റുമെടുത്ത് ക്രീസിലിറങ്ങിയ ഒരാള്‍ക്കും അക്കൗണ്ട് തുറക്കാനായില്ല. എല്ലാവരും സംപൂജ്യരായി മടങ്ങി. ഇടയ്ക്ക് എതിര്‍ ടീമിന്റെ കാരുണ്യത്തില്‍ കിട്ടിയ രണ്ട് എക്സ്ട്രകളിലൂടെ നേടിയ റണ്‍സ് മാത്രമാണ് അവരുടെ സമ്പാദ്യം. നാല് ഓവറില്‍ ആറ് വിക്കറ്റ് നേടിയ അമന്‍ദീപ് സിങാണ് ബക്ക്ഡണ്‍ ക്രിക്കറ്റ് ക്ലബ് ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്.
‘ഞങ്ങളുടെ പ്രധാനപ്പെട്ട 15 താരങ്ങള്‍ പരിക്ക് മൂലവും മറ്റു പല കാരണങ്ങളാലും ഈ മത്സരത്തിന് ലഭ്യമായിരുന്നില്ല. അതുകൊണ്ടു തന്നെ രണ്ടാം നിര ടീമിനെ ഉപയോഗിച്ചാണ് ഞങ്ങള്‍ ഗ്രൗണ്ടിലിറങ്ങിയത്. ഞങ്ങള്‍ യഥാര്‍ഥത്തില്‍ അത്ര മോശം ടീമൊന്നുമല്ല- ഇതിനു മുമ്പ് ഇതേ ഫാല്‍ക്കണ്‍ ഇലവനോട് ഞങ്ങള്‍ തോറ്റത് 9 റണ്‍സിന് മാത്രമാണ്’ മത്സരത്തിനു ശേഷം ബക്ക്ഡണ്‍ ക്രിക്കറ്റ് ക്ലബിന്റെ ക്യാപ്റ്റന്‍ ജോയല്‍ ക്രിസ്ച്ചനര്‍ ബിബിസി സ്പോര്‍ടിസിനോട് പ്രതികരിച്ചു.