റാമോസ് മാത്രമല്ല; റയൽ മാഡ്രിഡ് ചവിട്ടിപുറത്താക്കിയ ഏഴ് ഇതിഹാസ താരങ്ങൾ

ഓരോ കാലഘട്ടത്തിലും റയലിന്റെ മുഖങ്ങളായിരുന്ന സൂപ്പർതാരങ്ങളാണ് ഐകാർ കാസിലാസ്, റൗൾ ഗോൺസാലസ്, ക്രിസ്ത്യാനോ റൊണാൾഡോ, സെർജിയോ റാമോസ് തുടങ്ങിയവർ. എന്നാൽ ഈ താരങ്ങൾക്കെല്ലാം റയലിൽ ലഭിച്ചത് നീതിയാണോ എന്നത് ഫുട്ബാൾ ആരാധകർക്ക് സംശയമുള്ള കാര്യമാണ്.

റയൽ പ്രസിഡന്റ് ഫ്ലോറന്‍റീനോ പെരസിന്റെ ദുർവാശി കാരണം പലപ്പോഴായി ക്ലബിൽ നിന്നും അപമാനിതനായി പുറത്തുപോവേണ്ടി വന്നവരാണ് ഇവരെല്ലാം. ഈ താരങ്ങൾ മാത്രമല്ല മറ്റ് ഒരുപിടി ഇതിഹാസ താരങ്ങളെ റയൽ അപമാനിച്ചു പറഞ്ഞയച്ചിട്ടുണ്ട്. 

ഇക്കാര്യങ്ങൾക് സാധൂകരണമായി കഴിഞ്ഞ ദിവസം പെരസിന്റെ ഒരു ശബ്ദരേഖ പുറത്തിറങ്ങുകയുണ്ടായി. റയൽ ഇതിഹാസങ്ങളായ കാസിലാസ്, റൗൾ, റൊണാൾഡോ തുടങ്ങിയ താരങ്ങളെ അതിരൂക്ഷമായാണ് പെരസ് ശബ്ദരേഖയിൽ വിമർശിക്കുന്നത്. ഈ പശ്ചാത്തലത്തിൽപെരസിന്റെ നേതൃത്വത്തിൽ റയലിൽ നിന്നും അപമാനിച്ചു വിട്ട താരങ്ങൾ ആരൊക്കെയെന്ന് പരിശോധിക്കാം.

പെരസ് ചവിട്ടിപ്പുറത്താക്കിയ ഏഴു ഇതിഹാസതാരങ്ങൾ ;

1. സെർജിയോ റാമോസ് 

16 വർഷം റയലിന്റെ പ്രതിരോധക്കോട്ട ഉരുക്കുപോലെ കാത്ത കളിക്കാരൻ. കണ്ണീരോടെയുള്ള വിടവാങ്ങൽ പ്രസംഗത്തിൽ പെരസിന്റെ പേരെടുത്തു വിമർശിച്ചില്ലെങ്കിലും അതൃപ്തി പരസ്യമാക്കിയാണ് റാമോസ് വിടപറഞ്ഞത്.

പണമല്ല പ്രശ്നം. രണ്ടുവർഷം കൂടി കളിക്കാൻ അനുവദിക്കാൻ  അഭ്യർത്ഥിച്ചെങ്കിലും, ഒരു വർഷം കൂടി നീട്ടിത്തരാമെന്ന് അധികൃതർ സമ്മതിച്ചതാണ്. എന്നാൽ പൊടുന്നനെ  ഒന്നറിയിക്കാനുള്ള മര്യാദ പോലും കാണിക്കാതെ കരാർ റദ്ധാക്കി. കണ്ണീരോടെ റാമോസ് പറഞ്ഞു.

2. ക്രിസ്റ്റിയാനോ റൊണാൾഡോ 

2018 ൽ പെരസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയത്.  റൊണാൾഡോയുടെ വിടവ് നികത്താൻ ഇപ്പോഴും റയലിനായിട്ടില്ല. തുടക്കത്തിലേതു പോലെ തന്നോട് അനുഭാവപൂർണമായല്ല ക്ലബ് പ്രസിഡന്റ് പെരുമാറിയതെന്ന് റൊണാൾഡോ തന്നെ വ്യക്തമാക്കിയിരുന്നു.

3. ഐകാർ കാസിലസ് 

റയലിന്റെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാൾ. റയലിന്റെ ചരിത്രത്തോടൊപ്പം തന്നെ ചേർത്തുവായിക്കേണ്ട പേരുകളിൽ ഒന്നാണ് കാസിലാസ്. എന്നാൽ കാസിലാസിനോടും നീതിപുലർത്താൻ ക്ലബിനായില്ല.

കാസിലാസ് സ്വന്തമായി തീരുമാനമെടുത്താണ് പുറത്തുപോയതെന്ന് പെരസ് പറഞ്ഞുവെങ്കിലും, പെരസ് തന്റെ മകനെ ചവിട്ടിപുറത്താക്കിയതാണെന്ന് കാസിലാസിന്റെ ‘അമ്മ പിന്നീട് വെളിപ്പെടുത്തി.

4. റൗൾ ഗോൺസാലസ് 

ബർണേബുവിന്റെ രാജകുമാരൻ എന്നറിയപ്പെട്ട സ്പാനിഷ് സ്‌ട്രൈക്കർ കരിയർ ആരംഭിച്ചത് റയലിനായി ബൂട്ട് കെട്ടിയാണ്. റയലിൽ ആജീവനാന്ത കരാർ ഉണ്ടായിരുന്ന റൗളിനും പെരസുമായും, അന്നത്തെ പരിശീലകൻ ജോസേ മൗറീഞ്ഞോയുമായും ഉള്ള പടലപ്പിണക്കത്തിനൊടുവിൽ ക്ലബ് വിടേണ്ടിവന്നു.

5. ക്‌ളൗഡ്‌ മകലെലെ 

ഫുട്ബോളിൽഡിഫൻസീവ് മിഡ്‌ഫീൽഡിന്റെ പ്രാധാന്യം പോലും മാറ്റിമറിച്ച ഫ്രഞ്ച് താരത്തിനെ എന്നാൽ സാധാരണ ഫുട്ബോളർ മാത്രമായാണ് പെരസ് കണ്ടത്. കുറഞ്ഞ വേതനത്തിൽ ക്ളബിലെത്തിയ മകലെലെ ശമ്പളം കൂട്ടിചോദിച്ചപ്പോൾ അവഹേളിച്ചു ഇറക്കിവിടുകയാണ് പെരസ് ചെയ്തത്. പിന്നീട് ‘മക്കലിലെ’ പൊസിഷൻ എന്ന് ഒരു സ്ഥാനം പോലും മൈതാനത്ത് ഉണ്ടാക്കിയെടുത്താണ് താരം വിരമിച്ചത്.

6. സിനദിൻ സിദാൻ 

കളിക്കാരനായും , പരിശീലകനായും , റയലിനായി കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങൾ സ്വന്തമാക്കിയ സിദാന് എന്നാൽ രണ്ടുതവണയും പെരസിന്റെ നന്ദികേടിന് ഇരയാവേണ്ടി വന്നു.

7. ഫെർണാണ്ടോ ഹയ്‌റോ 

2000 ൽ പെരസ് റയലിന്റെ പ്രസിഡന്റായി ചുമതലയേൽക്കുമ്പോൾ ടീമിലെ ഏറ്റവും പ്രധാനതാരമായിരുന്നു ഫെർണാണ്ടോ ഹയ്‌റോ. എന്നാൽ 2002 ൽ പെരസുമായി പരസ്യമായി ഉടക്കിയ ഫെർണാണ്ടോ ഹയ്‌റോയെ കോൺട്രാക്ട് നിഷേധിച്ചു പെരസ് ചവിട്ടിപുറത്താക്കി.

You Might Also Like