പുല്‍മൈതാനങ്ങളിലെ വെള്ളിടിയായിരുന്നു അയാള്‍, തീയായിരുന്നു അയാള്‍ അക്ഷരാര്‍ത്ഥത്തില്‍ പിച്ചില്‍ വര്‍ഷിച്ചത്

Image 3
CricketCricket News

തൊണ്ണൂറുകളിലെ കളിക്കമ്പക്കാര്‍ക്ക് മറക്കാനാവുമോ ഡൊണാള്‍ഡിനെ..
സിങ്ക് ഓക്‌സൈഡ് കണ്ണുകള്‍ക്ക് താഴെയും കീഴ്ചുണ്ടിലും വാരിപ്പൂശി താളനിബിദ്ധമായ റണ്ണപ്പോടെയെത്തി ക്രീസില്‍ ഒരല്‍പ്പം ഉയര്‍ന്ന് പൊങ്ങി വേഗതയുടെ അഗ്‌നിഗോളങ്ങള്‍ തൊടുത്തുവിടുന്ന മാന്ത്രികനെ..

ആ വേഷഭൂഷാദികള്‍ അനുകരിക്കാന്‍ പൗഡര്‍ കുഴച്ചും, ടൂത്ത് പേസ്റ്റ് കൊണ്ടും മുഖത്ത് വരയിട്ട എത്രയോ കണ്ടം ക്രിക്കറ്റര്‍മാര്‍ ഉണ്ടാവും…

1991 നവംബര്‍ 10
വര്‍ണ്ണവിവേചനത്തിന്റ വിവാദങ്ങളില്‍പെട്ട് രണ്ട് ദശാബ്ദക്കാലം ഇരുട്ടിലായിപ്പോയ ഭക്ഷിണാഫ്രിക്കന്‍ കായിക ലോകത്തിന്റെ തിരിച്ച് വരവ് ആഘോഷിച്ച ദിവസം
മഴയില്‍ കുതിര്‍ന്ന ഈഡന്‍ ഗാര്‍ഡന്‍സിലെ മത്സരം ഒരല്പം താമസിച്ചാണ് തുടങ്ങിയത്, ടോസ് നേടിയ ഇന്ത്യ ആഫ്രിക്കയെ ബാറ്റിംഗിനയച്ചു, തുടക്കം മോശമായെങ്കിലും കെപ്ലര്‍ വെസ്സല്‍സ് നേടിയ അര്‍ദ്ധ സെഞ്ചറിയുടെ പിന്‍ബലത്തില്‍ 177 എന്ന അക്കാലത്തെ പൊരുതിനോക്കാവുന്ന ടോട്ടല്‍ നേടിയെടുത്തു വിരുന്നുകാര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ മുന്‍ നിരക്കാര്‍ അരങ്ങേറ്റ മത്സരം കളിക്കുന്ന കൊച്ച് പയ്യനെ അത്ര കാര്യമാക്കിയിട്ടുണ്ടാവില്ല… എന്നാല്‍ അടുത്ത ഒരു ദശാബ്ദക്കാലം ലോക പേസ് ബൗളിഗ് നിര ഭരിക്കാന്‍ പോകുന്നവനാണിതെന്ന് അവരുണ്ടോ അറിയുന്നു..


സ്‌കോര്‍ ബോഡില്‍ 1 എന്ന അക്കത്തിനിപ്പുറം മറ്റൊരു 1 കൂടിയുണ്ടായിരുന്നു.. ഓപ്പണര്‍ രവി ശാസ്ത്രി റിച്ചാഡ്‌സണിന്റെ കൈകളില്‍. അലന്‍ എന്ന ഒറ്റയാന്‍ ലോകക്രിക്കറ്റിന്റ പടവുകളിലേക് ചിറകടിച്ചു ഉയര്‍ന്നു തുടങ്ങുക ആയിരുന്നു അവിടെ… ആദ്യ ഏകദിന വിക്കറ്റ്.
സ്‌കോര്‍ബോഡില്‍ മൂന്നാമത്തെ റണ്‍ എത്തിയപ്പോഴേക്കും സഞ്ജയ് മഞ്ജരേക്കറുടെ ഓഫ് സ്റ്റംപ് ഒരു കിണ്ണം കാച്ചിയ യോര്‍ക്കര്‍ കൊണ്ട് പോയി..

സ്‌കോര്‍ 20 , വീണ്ടും ഡൊണാള്‍ഡ്..
അടുത്തതായി സിദ്ദു മാക്മിലന്റെ കൈകളിലേക്ക്.. ആദ്യ മൂന്ന് വിക്കറ്റും ആ അരങ്ങേറ്റക്കാരന്‍ പയ്യന്..

പിന്നീട് വന്ന അസറുദ്ദീന്‍ 16 റണ്‍സെടുത്ത് പുറത്ത്.. ഇന്ത്യ 60/4.. പിന്നീട് ഒത്തുചേര്‍ന്ന സച്ചിനും ആം്ര്രമയും കരുതലോടെ ഇന്ത്യന്‍ ബാറ്റിംഗിനെ ചുമലിലേറ്റുന്നു.

മത്സരം ഇന്ത്യന്‍ നിയന്ത്രത്തിലേക്ക് എന്ന് ഉറപ്പിച്ച നിമിഷം വീണ്ടും ഡൊണാള്‍ഡ് കൊടുങ്കാറ്റ് ആവുന്നു , അര്‍ധസെഞ്ചുറിയുടെ തിളക്കത്തില്‍ നിന്ന സച്ചിന്‍ പുറത്ത്..

അവിടെ നിന്ന് ശ്രദ്ധയോടെ കളിച്ച പ്രവീണ്‍ ആംറെ ഡൊണാള്‍ഡ് കൊടുംകാറ്റിനെ കോട്ട കെട്ടി തടഞ്ഞപ്പോള്‍ ഇന്ത്യ വിജയത്തിലേക്ക് അടുത്തുകൊണ്ടിരുന്നു .

അവിശ്വസനീയ വിജയത്തിനായി ആ കൗമാരക്കാരനൊപ്പം പൊരുതാന്‍ മറ്റൊരാള്‍ കൂടി ഇല്ലാതെ വന്നപ്പോള്‍ ഇന്ത്യക്ക് ജയം..


കളിയവസാനിക്കുമ്പോള്‍ ഇന്ത്യയുടെ രക്ഷകന്‍ ആംറെയെ കൂടെ മടക്കി കൊണ്ട് 5 വിക്കറ്റിന്റ തിളക്കവുമായി ആ അരങ്ങേറ്റക്കാരന്‍ തലയെടുപ്പോടെ നിന്നു..

ആദ്യ ഏകദിനത്തില്‍ 8.4 – 0 – 29 – 5 എന്ന മാജിക്കല്‍ ഫിഫറോടെ മാന്‍ ഓഫ് ദ മാച്ച്..
പിന്നീടങ്ങോട്ട് മുഖത്തും ചുണ്ടിലും കഥകളിച്ചുട്ടി കുത്തിയ ആ പൂച്ചക്കണ്ണന്‍ പല ലോകോത്തര ബാറ്റര്‍മാരുടെയും പേടി സ്വപ്നമാവുകയായിരുന്നു..

ആദ്യ ഏകദിനത്തില്‍ തന്നെ അഞ്ചു വിക്കറ്റ് നേട്ടത്തോടെ ഇന്ത്യയെ വിറപ്പിച്ച ഡൊണാള്‍ഡ് തന്റെ ആദ്യ ആദ്യ ടെസ്റ്റ് 5 വിക്കറ്റ് നേട്ടത്തിനായി കൃത്യം 1 വര്‍ഷം കാത്തിരുന്നു
ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനം..

ആദ്യ ടെസ്റ്റ് , ഡര്‍ബന്‍
കെപ്ലര്‍ വെസ്സല്‍സ് എന്ന ഇതിഹാസം ആദ്യമായി 2 രാജ്യങ്ങള്‍ക്കായി സെഞ്ചുറി നേടുക എന്ന നേട്ടത്തിലും , അരങ്ങേറ്റത്തില്‍ പ്രവീണ്‍ ആംറെ സെഞ്ചുറി നേടി എന്നതും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടിവി അമ്പയറുടെ തീരുമാനത്തില്‍ പുറത്താവുന്ന ആദ്യ താരമായി എന്നതൊഴിച്ചു നിര്‍ത്തിയാല്‍ മറ്റൊന്ന് ഓര്‍മയില്‍ അവശേഷിപ്പിയ്ക്കാത്ത വിരസ സമനില..
ജോഹാന്നസ് ബര്‍ഗിലെ രണ്ടാം ടെസ്റ്റും ഒന്നാം ടെസ്റ്റ് പോലെ സമനിലയില്‍ തന്നെ
മൂന്നാം ടെസ്റ്റ് , പോര്‍ട്ട് ഓഫ് സ്‌പെയിന്‍
ടോസ് നേടി ബാറ്റിഗിന് ഇറങ്ങിയ ഓപണര്‍ രവി ശാസ്ത്രിയെ മാക്മില്ലന്‍ മടക്കുന്നു , അവിടെ നിന്ന് പ്രോട്ടിയന്‍സ് വീര്യവുമായി ഡൊണാള്‍ഡിന്റ കുതിപ്പ് , ഇന്ത്യന്‍ മധ്യനിരയെ കശക്കി എറിഞ്ഞു കൊണ്ട് ഡൊണാള്‍ഡ് പോര്‍ട്ട് ഓഫ് സ്‌പൈനിലെ സെയിന്റ് ജോണ്‍സ് പാര്‍ക്കില്‍ താണ്ഡവമാടി.. ഇന്‍ഡ്യ 212 റണ്‍സിന് പുറത്ത്…

അലന്‍ ഡൊണാള്‍ഡ് : 22-11-55-5
63 റണ്‍സിന്റ ലീഡ് വഴങ്ങിയ ഇന്ത്യ മത്സരം കൈവിടാതിരിയ്ക്കാന്‍ രണ്ടാം ഇന്നിഗ്സിന് ഇറങ്ങി , പക്ഷെ ഒന്നാം ഇന്നിഗ്സിന്റ് ആവര്‍ത്തനം പോലെ രവി ശാസ്ത്രി മക്മില്ലന് വിക്കറ്റ് നല്കി മടങ്ങുന്നതിന് മുമ്പ് തന്നെ ഓപണര്‍ ഡബ്ല്യൂ രാമനെ വീഴ്ത്തികൊണ്ട് ഡൊണാള്‍ഡ് തുടക്കം കുറിച്ചിരുന്നു… ഒന്നാം ഇന്നിഗ്സില്‍ താന്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് അതിലും കടുത്ത പ്രഹരശേഷിയോടെ ഡൊണാള്‍ഡ് ആരംഭിച്ചു , പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര ആ കൊടുംകാറ്റില്‍ തകര്‍ത്തെറിയപെട്ടു..
215 റണ്‍സിന് ഇന്ത്യ പുറത്ത്

28-4-84-7 എന്ന മാജിക്കല്‍ ഫിഗറുമായി ഡൊണാള്‍ഡ് അഗ്‌നിയായി ഇന്ത്യയ്ക്കുമേല്‍ പെയ്തിറങ്ങി..

അനായാസ വിജയത്തിലൂടെ പരമ്പരയില്‍ സൗത്താഫ്രിക്ക ലീഡ് നേടുമ്പോള്‍ ഡൊണാള്‍ഡ് തന്നെ വീണ്ടും മാന്‍ ഓഫ് ദി മാച്ച്. ..
കൃത്യതയും വേഗവുമായിരുന്നു ഡൊണാള്‍ഡിന്റെ വിജയരഹസ്യം.. ക്യാച്ചുകളേക്കാള്‍ ബൗള്‍ഡ് ആക്കിയുള്ള വിക്കറ്റുകളായിരുന്നു കരിയറിലെ സിംഹഭാഗവും.. മറക്കാനാവുമോ 97 ലെ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ മാര്‍ക്ക് വോ യെ പുറത്താക്കിയ ഇന്‍ സ്വിംഗര്‍, 92 വേള്‍ഡ് കപ്പില്‍ രണതുംഗയെ പുറത്താക്കിയ യോര്‍ക്കര്‍, മൈക്ക് അതേര്‍ട്ടനെ താന്‍ എന്തിന് ഇപ്പോള്‍ ബാറ്റ് ചെയ്യാന്‍ വന്നു എന്ന് തോന്നിപ്പിക്കും വിധം നിസ്സഹായനാക്കിയ 98ലെ ട്രെന്‍ഡ് ബ്രിഡ്ജ് ടെസ്റ്റ്..

ഒരു ദശാബ്ദത്തിലധികം ഡൊണാള്‍ഡ് ലോക പേസ് നിര അടക്കി ഭരിച്ചു. ഫസ്റ്റ് ക്ലാസില്‍ 316 കളികളില്‍ നിന്നും 1216 വിക്കറ്റുകള്‍, 72 ടെസ്റ്റില്‍ നിന്നും 330 വിക്കറ്റുകള്‍, അതും 22 ആവറേജില്‍. 20 തവണ 5 വിക്കറ്റ് ഹാള്‍.164 ഏകദിനങ്ങളില്‍ നിന്നും 272 വിക്കറ്റുകള്‍. രണ്ടായിരത്തിന്റെ ആദ്യകാലഘട്ടത്തില്‍ തന്നെ പരിക്കുകള്‍ അലട്ടിത്തുടങ്ങി.. രണ്ട് കാര്യങ്ങളാവാം മേല്‍പ്പറഞ്ഞ കണക്കുകള്‍ അത്ര വലുതായി തോന്നാത്തത്. വര്‍ണ്ണവിവേചന പ്രശ്‌നങ്ങള്‍ കാരണം സൗത്താഫ്രിക്കക്ക് വേണ്ടിയുള്ള അരങ്ങേറ്റം താമസിച്ചത്, പിന്നെ സപ്പോര്‍ട്ട് നല്‍കാന്‍ തുടക്കസമയത്ത് നല്ലൊരു ബോളിംഗ് പാര്‍ട്ട്ണറുടെ അഭാവം.. (പൊളേളാക്കിനെ മറക്കുന്നില്ല)

കളിക്കളത്തില്‍ എതിര്‍ ടീമംഗങ്ങളോടുള്ള മോശം പെരുമാറ്റം ആരാധകര്‍ക്കിടയില്‍ വിരോധത്തിന് കാരണമായിട്ടുണ്ടാകാം. നിങ്ങള്‍ക്ക് അയാളെ ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യാം, പക്ഷെ ലോകോത്തര പേസര്‍മാരെ ആദരിക്കുന്ന ഒരു വേദിയുണ്ടെങ്കില്‍ അവിടെ മുന്‍നിരയിലൊരു കസേര വലിച്ചിട്ടിരിക്കാന്‍ യോഗ്യതയുള്ളയാളാണ് സാക്ഷാല്‍ അലന്‍ ആന്റണി ഡൊണാള്‍ഡ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍