ഹൈദരാബാദ് കോച്ചിനെ റാഞ്ചാന്‍ സാക്ഷാല്‍ ബാഴ്‌സ, കൂമാന്റെ സര്‍പ്രൈസ് നീക്കം

ഐഎസ്എല്‍ ക്ലബായ ഹൈദരാബാദ് എഫ്‌സി പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്കയെ സ്വന്തമാക്കാന്‍ വലയെറിഞ്ഞ് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ രംഗത്ത്. പുതിയ പരിശീലകനായ റൊണാള്‍ഡോ കൂമാന്‍ ആണ് ആല്‍ബര്‍ട്ട് റോക്കയ്ക്ക് സ്വപ്‌ന സമാനമായ ഓഫര്‍ നല്‍കിയിരിക്കുന്നത്.
റോക്കയെ തന്റെ സഹപരിശീലകനാക്കാനാണ് കൂമാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
റോക്കയും ബാഴ്‌സലോണയും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഹൈദരാബാദുമായുളള കരാര്‍ റദ്ദാക്കി കോച്ചിനെ ബാഴ്‌സലോണയിലേക്ക് എത്തിക്കാനുളള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്്‌നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഹൈദരാബാദുമായി രണ്ട് വര്‍ഷത്തെ കരാറുളള പരിശീലകനാണ് ആല്‍ബര്‍ട്ട് റോക്ക.
കഴിഞ്ഞ സീസണില്‍ ഹൈദരാബാദിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് വന്‍ പ്രതീക്ഷയോടെ റോക്കയെ ഹൈദരാബാദ് നിയമിച്ചത്. കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ ഹൈദരാബാദിന്റെ പരിശീലകനായി റോക്ക ചുമതലയേറ്റത്.
മുന്‍പ് അഞ്ച് വര്‍ഷത്തോളം ബാഴ്‌സയുടെ ജൂനിയര്‍ ടീമുകളെ പരിശീലിപ്പിച്ചിട്ടുളള കോച്ചാണ് റോക്ക. ബംഗളൂരു എഫ്‌സിയുടെ പരിശീലകനായി എത്തി ടീമിനെ മുന്‍നിരക്ലബാക്കി മാറ്റിയതോടെയാണ് റോക്ക ഇന്ത്യയില്‍ ശ്രദ്ധേയനായത്. റോക്ക ബാഴ്‌സലോണയിലേക്ക് തിരിച്ച് പോകുകയാണെങ്കില്‍ ഹൈദരാബാദിന്റെ അടുത്ത സീസണിലെ ഒരുക്കങ്ങളെ മുഴുവന്‍ ബാധിക്കാന്‍ ഈ നീക്കം കാരണമായേക്കും.