പന്ത് വലയിലേക്ക് തട്ടിയിടാൻ കഴിയാതെ റൊണാൾഡോ, അൽ നസ്ർ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്

Image 3
Football News

എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ തോൽവി വഴങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ പുറത്ത്. ആദ്യപാദ മത്സരത്തിൽ ഒരു ഗോളിന്റെ തോൽവിയേറ്റു വാങ്ങിയ അൽ നസ്ർ രണ്ടാം പാദത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽവിയേറ്റു വാങ്ങുകയായിരുന്നു.

അർജന്റീന ഇതിഹാസമായ ഹെർനാൻ ക്രെസ്പോ പരിശീലിപ്പിക്കുന്ന അൽ ഐനിനെതിരെ വിജയം മാത്രം ലക്ഷ്യമിട്ടാണ് അൽ നസ്ർ ഇറങ്ങിയത്. മത്സരത്തിൽ റൊണാൾഡോ ഒരു സുവർണാവസരം തുലച്ചത് ആരാധകർക്ക് വിശ്വസിക്കാൻ കഴിയാത്ത കാര്യമായിരുന്നു. വെറും മൂന്നടി അകലെ നിന്നും ഗോൾകീപ്പറുടെ കയ്യിൽ നിന്നും തെറിച്ചു പോയ പന്ത് റൊണാൾഡോ പുറത്തേക്കാണ് അടിച്ചു കളഞ്ഞത്.

എന്നാൽ മത്സരത്തിൽ അൽ നസ്‌റിന്റെ ഒരു നിർണായകമായ ഗോൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ അവസാന മിനുട്ടിലാണ് പെനാൽറ്റിയിലൂടെ റൊണാൾഡോ ടീമിനെ മുന്നിലെത്തിച്ച ഗോൾ നേടിയത്. റൊണാൾഡോയുടെ ഗോൾ ഇല്ലായിരുന്നെങ്കിൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളില്ലായിരുന്നു.

പെനാൽറ്റി ഷൂട്ടൗട്ടിൽ റൊണാൾഡോ ഒഴികെ കിക്കെടുത്ത ഒരു അൽ നസ്ർ താരത്തിനും ഗോൾ നേടാൻ കഴിഞ്ഞില്ല. ഇതോടെ അൽ ഐനിന്റെ വിജയം എളുപ്പമായി. മത്സരത്തിൽ തോറ്റു പുറത്തായതോടെ ഈ സീസണിൽ പ്രധാന കിരീടം നേടാമെന്ന അൽ നസ്‌റിന്റെ പ്രതീക്ഷ അവസാനിച്ചു. സൗദി പ്രൊ ലീഗിൽ അൽ നസ്റിന് ഇപ്പോൾ തന്നെ കിരീടപ്രതീക്ഷയില്ല.