ഇന്ത്യ ഉറങ്ങാത്ത രാവ്, സെഞ്ച്വറിയേക്കാള്‍ വിലപ്പെട്ട അര്‍ധ സെഞ്ച്വറി

ധനേഷ് ദാമോദന്‍

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റവുമധികം സമ്മര്‍ദ്ദത്തോടെ, ഓരോ പന്തും ശ്വാസമടക്കിപ്പിടിച്ചു കൊണ്ട് കണ്ട ഇന്നിങ്‌സ് ഏതാണെന്ന് ചോദിച്ചാല്‍ 99% പേരുടേയും മനസില്‍ ഓടിയെത്തുന്ന ഇന്നിങ്‌സ് 2003 ലോകകപ്പിലെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 98 റണ്‍സ് ആയിരിക്കും എന്ന കാര്യം 99% ഉറപ്പാണ് .

2003 ല്‍ മാര്‍ച്ച് 1 ന് സെഞ്ചുറിയനില്‍ നടന്ന ആ പ്രകടനം ലോകകപ്പിലെ ഒരു പ്രധാന മത്സരത്തിലാണെന്നതും ,ആ നിര്‍ണ്ണായക പ്രകടനം പാകിസ്ഥാനെതിരെയാണെന്നതും ,അക്രം, അക്തര്‍ ,വഖാര്‍ പടയ്‌ക്കെതിരെ ആണെന്നതും അതിന്റെ മാറ്റ് പതിന്‍മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു .

ചില മാന്ത്രികരുടെ ഏറ്റവും നല്ല മാന്ത്രിക പ്രകടനങ്ങള്‍ വരുന്നത് ചില നിര്‍ണായ ദിവങ്ങളിലായിരിക്കും .അത്തരത്തില്‍ ഒന്നായിരുന്നു സെഞ്ചുറിയനിലെ ആ ദിവസം .

ആഫ്രിക്കന്‍ നാടുകളില്‍ ആദ്യമായി വിരുന്നിനെത്തിയ ലോകകപ്പ് ഒടുവില്‍ ഏറ്റവും നിരാശ സമ്മാനിച്ചുവെങ്കിലും ,ഇതിഹാസങ്ങള്‍ നിറഞ്ഞ ആ ഇന്ത്യന്‍ ടീമിന് മറക്കാനാകാത്ത അനുഭവങ്ങള്‍ സമ്മാനിച്ച ഒരു ലോകകപ്പായിരുന്നു .ലോകകപ്പ് തുടങ്ങും മുന്‍പ് തന്നെ ക്രിക്കറ്റ് ലോകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് മാര്‍ച്ച് 1 ന് നടക്കാന്‍ പോകുന്ന ഇന്ത്യ – പാക് മത്സരം തന്നെ ആയിരുന്നു .നയതന്ത്ര ബന്ധങ്ങളിലെ പാളിച്ചകള്‍ കാരണം ഏതാണ്ട് 3 വര്‍ഷത്തോളം മുടങ്ങിക്കിടന്ന ഇന്ത്യ പാക് മത്സരം അതു കൊണ്ട് തന്നെ എല്ലാവരും ആകാംക്ഷയോടെയാണ് കാത്തിരുന്നതും .

കളിക്കാരേക്കാള്‍ കാണികളും ക്രിക്കറ്റ് ആരാധകരും അഭിമാന പ്രശ്‌നമായി ഏറ്റെടുത്ത മത്സരത്തിന്റെ ടിക്കറ്റുകള്‍ ഏറെ മുന്‍പ് തന്നെ വിറ്റഴിഞ്ഞു കഴിഞ്ഞിരുന്നു .കളിയേക്കാള്‍ അഭിമാനം എന്ന വികാരമായിരുന്നു ,പ്രതീതിയായിരുന്നു എവിടെയും .ഇതു വരെ ലോകകപ്പുകളില്‍ ഇന്ത്യക്കെതിരെ ഒരു മത്സരം പോലും ജയിച്ചില്ലെന്ന പേരുദോഷം പാകിസ്ഥാനെ അലട്ടിയപ്പോള്‍ മറുഭാഗത്ത് വിജയവഴി നിലനിര്‍ത്താനുള്ള സമ്മര്‍ദ്ദം ഇന്ത്യയേയും സമ്മര്‍ദ്ദത്തിലാക്കിയിരുന്നു .

ടോസ് നേടിയ പാക് നായകന്‍ വഖാര്‍ യൂനിസ് ബാറ്റിങ് തെരഞ്ഞെടുത്തു .22 ഓവര്‍ ആകുമ്പോഴേക്കും 3 വിക്കറ്റുകള്‍ പോയെങ്കിലും ടൂര്‍ണമെന്റില്‍ അതു വരെ ഫോമിലല്ലായിരുന്ന സയ്യിദ് അന്‍വര്‍ പതിവ് പോലെ ഇന്ത്യക്കെതിരെ തന്റെ കഴിവ് വീണ്ടും പുറത്തെടുത്തു .ഒരറ്റത്ത് ഉറച്ചു നിന്ന അന്‍വര്‍ 101 റണ്‍സുമായി ഇന്നിങ്‌സിനെ മുന്നോട്ട് നയിച്ചപ്പോള്‍ ഇന്ത്യ 7 ബൗളര്‍മാരെ പരീക്ഷിച്ചിട്ടും പാകിസ്ഥാന്‍ 273/7 എന്ന ജയസാധ്യതയുള്ള സ്‌കോറിലെത്തി .

വസിം അക്രം ,ഷോയിബ് അക്തര്‍ ,വഖാര്‍ യൂനിസ് ,അബ്ദുള്‍ റസാഖ് ,ഷാഹിദ് അഫ്രിഡി എന്നീ ബൗളര്‍മാര്‍ക്കെതിരെ അതി സമ്മര്‍ദ്ദത്തില്‍ ഇത്രയും നല്ല സ്‌കോര്‍ ചേസ് ചെയ്ത് ജയിക്കാന്‍ സാധ്യത ഇല്ലെന്നത് ഇന്ത്യന്‍ ആരാധകരുടെ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു .എന്നാല്‍ പിച്ചിലിറങ്ങിയ സച്ചിന്റെ മനസില്‍ പദ്ധതികള്‍ വേറെ ആയിരുന്നു .സാധാരണ ഗതിയില്‍ നിന്നും വിപരീതമായി സേവാഗിനോട് നോണ്‍ – സ്‌ട്രൈക്കില്‍ നില്‍ക്കാന്‍ പറഞ്ഞ് ആദ്യ പന്ത് നേരിടാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തതില്‍ നിന്നു തന്നെ സച്ചിന്റെ മനസിലിരുപ്പ് വ്യക്തമായിരുന്നു .

വസിം അക്രത്തിന്റെ 3 ആം പന്ത് കവറിലൂടെ അതിര്‍ത്തി കടത്തിയ ഷോട്ടില്‍ നിന്നു തന്നെ അന്നത്തെ ദിവസം സച്ചിന്റേതാണെന്ന തോന്നലുണ്ടാക്കി .രണ്ടാം ഓവറില്‍ റാവല്‍ പിണ്ടി എക്‌സ്പ്രസ്സിന്റെ 150 കി.മി വേഗത്തില്‍ മൂളിപ്പറന്ന പന്ത് അപ്പര്‍ കട്ടിലൂടെ തേര്‍ഡ് മാനിലൂടെ സിക്‌സര്‍ പറന്നപ്പോള്‍ നഷ്ടമായത് അക്തറിനെയും പാകിസ്ഥാന്റെയും ആത്മവിശ്വാസമായിരുന്നു . പതിവിനെക്കാള്‍ ആത്മവിശ്വാസം ഉള്ളവനായി കാണപ്പെട്ട സച്ചിന്റെ ഓരോ ഷോട്ടുകളിലും ആരാധകര്‍ മതി മറക്കാന്‍ തുടങ്ങി .

ബൗളര്‍മാര്‍ക്കു മേല്‍ പരിപൂര്‍ണ ആധിപത്യം സ്ഥാപിച്ചതോടെ സച്ചിനെ പിടിച്ചു കെട്ടാന്‍ കഴിയാതെ നിരാശരായി പാക് കളിക്കാര്‍ .അക്രമും വഖാറും അക്തറും തങ്ങളുടെ ജീവിതത്തില്‍ ആദ്യമായി ഒരു പോലെ ക്ലബ്ബ് ബൗളര്‍മാരുടെ നിലവാരത്തിലേക്ക് താഴുന്നത് കാണികള്‍ അവിശ്വസനീയതോടെ നോക്കിക്കണ്ടു .ഇടയില്‍ റസാഖ് സച്ചിന്റെ ക്യാച്ച് കൈവിട്ടപ്പോള്‍ പന്തെറിഞ്ഞ അക്രത്തിന്റെ മുഖഭാവവും തെറി വാക്കുകളിലും പ്രകടമായിരുന്നു ആ വിക്കറ്റിന്റെ വില.

റോക്കറ്റിനെ പോലെ കുതിച്ച ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 5.5 ഓവറില്‍ 53 ലെത്തിയെങ്കിലും അതിനിടെ സേവാഗ് ,ഗാംഗുലി എന്നിവരെ വഖാര്‍ പവലിയനിലെത്തിച്ചിരുന്നു .അതു കൊണ്ടൊന്നും പോരാട്ടം അവസാനിപ്പിക്കാതെ സച്ചിന്‍ 37 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു . ഇന്ത്യന്‍ സ്‌കോര്‍ 32 പന്തില്‍ 50 ഉം 73 പന്തില്‍ 100 ഉം 133 പന്തില്‍ 150 ഉം കടന്നു .

മത്സരത്തിന് മുന്‍പ് തന്നെ സച്ചിന്‍ vs അക്തര്‍ പോരാട്ടം എന്നറിയപ്പെട്ട ആ മാച്ചില്‍ ഇവരിലൊരാളുടെ പ്രകടനം ടീമിന്റെ വിജയ സാധ്യതയില്‍ നിര്‍ണായകമാകുമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു .സച്ചിനെ മെരുക്കുന്നതിനായി കാലിന് പരിക്കു പറ്റിയിട്ടും മത്സരത്തിന് മുന്‍പ് 6 ഇഞ്ചക്ഷനുകള്‍ കുത്തി വെച്ച് കളിക്കാനിറങ്ങിയ അക്തറിന് സച്ചിന്‍ സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രി ആയിരുന്നു .ലോകത്തിലെ ഏറ്റവും വേഗമേറിയ ബൗളറെ അപമാനിക്കുന്ന രീതിയിലായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ബാറ്റിങ് .

90 കളിലെത്തിയപ്പോള്‍ പേശിവലിവ് ബുദ്ധിമുട്ടിച്ച സച്ചിന് റണ്ണറായി സേവാഗ് എത്തി .75 പന്തില്‍ 98 റണ്‍സെടുത്തു നില്‍ക്കെ കളിയുടെ ഗതിയില്‍ നിന്നും വ്യത്യസ്തമായി ഷോയിബ് അക്തറിന്റെ ഷോര്‍ട്ട് ബോളില്‍ എഡ്ജ് ചെയ്ത് യൂനിസ് ഖാന്‍ ക്യാച്ചെടുത്തപ്പോള്‍ അവസാനിച്ചത് 12 ഫോറുകളും ഒരു സിക്‌സറും നിറഞ്ഞ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഐതിഹാസികമായ ഒരു ഇന്നിങ്‌സ് ആയിരുന്നു .കാണികള്‍ കരഘോഷത്തിനിടയിലൂടെ സച്ചിന്‍ മടങ്ങുമ്പോള്‍ ഇന്ത്യയുടെ വിജയം ഉറപ്പിച്ചിരുന്നു .22 ഓവറില്‍ ഇന്ത്യക്ക് 98 റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളൂ .

സച്ചിന്റെ വിക്കറ്റ് നേടാന്‍ പറ്റിയെങ്കിലും ഏകദിന ക്രിക്കറ്റിലെ തന്റെ ഏറ്റവും മോശം പ്രകടനമാ ണ് അക്തര്‍ നടത്തിയത് .10 ഓവറില്‍ 72 റണ്‍സ് വഴങ്ങി .2 വിക്കറ്റ് വീഴ്ത്തിയ വഖാര്‍ യൂനിസ് ആകട്ടെ 8. 4 ഓവറില്‍ 71 റണ്‍സും .

ഒടുവില്‍ 6 വിക്കറ്റുകളും 26 പന്തുകളും ബാക്കി നില്‍ക്കെ ഇന്ത്യ വിജയ തീരത്തെത്തിയപ്പോള്‍ ദ്രാവിഡ് 44 ഉം യുവരാജ് 50 ഉം റണ്ണുകളുമായി പുറത്താകാതെ നിന്നു .

അതേ മാച്ചില്‍ മിഡ് ഓണിലൂടെ അഫ്രിഡിയെ ഫ്‌ളിക്ക് ചെയ്ത് നേടിയ മനോഹരമായ ബൗണ്ടറിയിലൂടെ ഏകദിന ക്രിക്കറ്റില്‍ 12,000 റണ്‍സും തികച്ച സച്ചിന്‍ ആ കളിയിലെ കേമന്‍ അല്ല ബഹുകേമനായി .

‘India had over Shadowed us mainly through Sachin Tendulkar ,but there was no disgrace in losing the match ‘

പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയര്‍ ഖാന്റെ വാക്കുകളില്‍ എല്ലാമുണ്ടായിരുന്നു .

എല്ലാവരും ലോകകപ്പ് തുടങ്ങുന്നതിനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഫിക്‌സചറിലെ ആ മാര്‍ച്ച് 1 പോരാട്ടം ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നതു കൊണ്ട് തന്നെ 12 രാത്രികള്‍ തനിക്ക് ഉറങ്ങാന്‍ പോലും പറ്റിയിരുന്നില്ലെന്ന് പിന്നിട് പറഞ്ഞ സച്ചിന്‍ 13 മം രാത്രിയില്‍ ഒരൊറ്റ ഇന്ത്യക്കാരെയും ഉറങ്ങാന്‍ പോലും സമ്മതിക്കാന്‍ പറ്റാത്ത തരത്തിലുള്ള അവിസ്മരണീയ മുഹൂര്‍ത്തമാണ് സമ്മാനിച്ചത് .

അവിസ്മരണീയ ഇന്നിങ്‌സ് സംഭവിച്ചിട്ട് 18 വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും ഇന്നും ഓര്‍മ്മയില്‍ ആ ഇന്നിങ്ങ്‌സ് അതു പോലെ തന്നെ നില്‍ക്കുന്നു …

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like